2019 ല്‍ ലക്ഷ്യം 90,000 യൂണിറ്റ് വില്‍പ്പനയെന്ന് ജാവ

2019 ല്‍ ലക്ഷ്യം 90,000 യൂണിറ്റ് വില്‍പ്പനയെന്ന് ജാവ

മാര്‍ച്ച് മാസത്തോടെ ജാവ, ജാവ ഫോര്‍ടി ടു മോഡലുകള്‍ ഡെലിവറി ചെയ്തുതുടങ്ങും

ന്യൂഡെല്‍ഹി : 2019 ല്‍ 90,000 യൂണിറ്റ് ബൈക്കുകള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ജാവ. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ബൈക്കുകള്‍ ഡെലിവറി ചെയ്തുതുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. ജാവ, ജാവ ഫോര്‍ടി ടു മോഡലുകളുടെ ബുക്കിംഗ് ഈയിടെ നിര്‍ത്തിവെച്ചിരുന്നു. ഇരു മോഡലുകളും 2019 സെപ്റ്റംബര്‍ വരെ വിറ്റുപോയതോടെയാണ് ബുക്കിംഗ് സ്വീകരിക്കുന്നത് തല്‍ക്കാലം അവസാനിപ്പിച്ചത്. എന്നാല്‍ ഇതുവരെ എത്ര ബുക്കിംഗ് സ്വീകരിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.

നിലവില്‍ മധ്യപ്രദേശിലെ പീതംപുര്‍ പ്ലാന്റില്‍ ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 200 മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നു. വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുന്നതിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. അതേസമയം ഉല്‍പ്പന്ന നിലവാരം കമ്പനിക്ക് പ്രധാനമാണെന്നും ജാവ ആരാധകര്‍ തങ്ങളെ മനസ്സിലാക്കണമെന്നും ക്ഷമ കാണിക്കണമെന്നും ക്ലാസിക് ലെജന്‍ഡ്‌സ് സഹ സ്ഥാപകന്‍ അനുപം തരേജ പറഞ്ഞു. ബൈക്ക് എപ്പോള്‍ വിതരണം ചെയ്യാനാകുമെന്ന് ബുക്കിംഗ് നടത്തിയ ഓരോ ഉപയോക്താവിനെയും നേരിട്ട് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സൗകര്യമാണ് നിര്‍ത്തിയത്. ഡീലര്‍ഷിപ്പുകളില്‍ പോയി ഇപ്പോഴും മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാം.

ജാവ ബ്രാന്‍ഡ് ഇന്ത്യയില്‍ തിരിച്ചെത്തിച്ച ക്ലാസിക് ലെജന്‍ഡ്‌സിന് ഉപയോക്താക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. മഹീന്ദ്ര & മഹീന്ദ്രയുടെ കീഴിലുള്ള ഉപകമ്പനിയാണ് ക്ലാസിക് ലെജന്‍ഡ്‌സ്. രാജ്യമാകെ 105 ഡീലര്‍ഷിപ്പുകളാണ് ക്ലാസിക് ലെജന്‍ഡ്‌സ് ആരംഭിക്കുന്നത്. എല്ലാ ഡീലര്‍ഷിപ്പുകളിലും ടെസ്റ്റ് റൈഡ് നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.

293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവ, ജാവ ഫോര്‍ടി ടു മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്-സിംഗിള്‍ ചാനല്‍ എബിഎസ് മോട്ടോര്‍സൈക്കിളുകളാണ് ആദ്യം വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈയിടെ ഡുവല്‍ ചാനല്‍ എബിഎസ്സും ഇരു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കും നല്‍കി രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും പുതിയ വേരിയന്റ് പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto
Tags: Jawa