ഇന്ത്യന്‍ വംശജരായ ഈ മിടുക്കരിതാ ടൈം മാഗസിനില്‍

ഇന്ത്യന്‍ വംശജരായ ഈ മിടുക്കരിതാ ടൈം മാഗസിനില്‍

ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച കൗമാരക്കാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സന്തോഷം നല്‍കുന്ന കാര്യമാണ്.

പതിവ് പോലെ ഈ വര്‍ഷവും ലോകത്തെ സ്വാധീനിച്ചവരുടെ പുതിയ പട്ടികയുമായി ടൈം മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ നാനതുറകളിലും പെട്ട ആളുകള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും കൗമാരക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള ഒറ്റ പട്ടിക മാത്രമേ ഈ വര്‍ഷം ഇറങ്ങിയിട്ടുള്ളു. ലോകത്തെങ്ങുമുള്ള യുവാക്കള്‍ക്ക് പ്രചോദനമാകുന്ന ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരാണ് ഇവര്‍.

ഈ പട്ടിക നമ്മള്‍ ഇന്ത്യക്കാര്‍ക്കും സന്തോഷത്തിന് വക നല്‍കുന്നതാണ്. അമേരിക്കന്‍ മാഗസിനായ ടൈമില്‍ ഇടം നേടിയിരിക്കുന്ന കൗമാരക്കാരില്‍ മൂന്നുപേര്‍ ഇന്ത്യന്‍ വംശജരാണെന്നതാണ് ഇതിനുള്ള കാരണം. പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച പ്രശംസനീയമായ വൈഭവമാണ് ഇവരെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയില്‍ എത്തിച്ചത്.

പാന്‍ക്രിയാറ്റിക് അര്‍ബുദ ചികിത്സയ്ക്ക് പുതിയ ദിശയേകി 13കാരന്റെ കണ്ടെത്തല്‍

അമേരിക്കയിലെ ഓറിഗണില്‍ നിന്നുള്ള എട്ടാംതരക്കാരനായ ഋഷഭ് ജെയിനാണ് ഈ മൂന്നുപേരില്‍ ഏറ്റവും പ്രായം കുറഞ്ഞ മിടുക്കന്‍. പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ ഭേദപ്പെടുത്താന്‍ സഹായകമാകുമെന്ന് കരുതപ്പെടുന്ന ഒരു സോഫ്റ്റ്‌വെയര്‍ സംവിധാനത്തിന്റെ കണ്ടുപിടുത്തമാണ് ഋഷഭിനെ പ്രശസ്തിയില്‍ എത്തിച്ചത്. പാന്‍ക്രിയാറ്റിക് അര്‍ബുദരംഗത്തെ സാമ്പ്രദായിക ചികിത്സാരീതിയില്‍ പുതിയ വഴിത്തിരിവായേക്കാവുന്ന കണ്ടുപിടുത്തമാണ് ഋഷഭിന്റേത്.

പോര്‍ട്ട്‌ലാന്റിലെ സ്‌റ്റോളര്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഋഷഭ് യുവ ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി ഡിസ്‌കവറി എജൂക്കേഷനും 3എം കമ്പനിയും സംഘടിപ്പിച്ച പരിപാടിയില്‍ വിജയിച്ചിരുന്നു. പാന്‍ക്രിയാറ്റിക് അര്‍ബുദചികിത്സയില്‍ റേഡിയേഷന്‍ നടത്തുമ്പോള്‍ യന്ത്രസഹായത്തോടെ കൃത്യമായി പാന്‍ക്രിയാസ് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു അല്‍ഗരിതമാണ് ഋഷഭ് കണ്ടെത്തിയത്. പല അവയവങ്ങള്‍ക്കിടയില്‍ പെട്ട് കിടക്കുന്നതിനാല്‍ പാന്‍ക്രിയാസ് കൃത്യമായി കണ്ടെത്തുന്നതിനും ശ്വസനം പോലുള്ള ശാരീരിക പ്രക്രിയകള്‍ അവയവങ്ങള്‍ക്ക് സ്ഥാനചലനം ഉണ്ടാകുന്നതും മൂലം സാധാരണഗതിയില്‍ റേഡിയഷന്‍ ഘട്ടങ്ങളില്‍ കൃത്യമായി റേഡിയേഷന്‍ നടത്തേണ്ട മേഖല നിര്‍ണയിക്കുന്നത് ഡോക്ടര്‍മാരെ സംബന്ധിച്ച് ക്ലേശകരമായ ഒന്നായിരുന്നു. തത്ഫലമായി പാന്‍ക്രിയാസിനൊപ്പം അടുത്തുള്ള ചില അവയവങ്ങള്‍ക്ക് കൂടി റേഡിയേഷന്‍ ഏല്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. അത് അര്‍ബുദകാരണമായ കോശങ്ങളെ കൂടാതെ ആരോഗ്യപൂര്‍ണമായ കോശങ്ങളെ കൂടെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമായിരുന്നു.

ഈ ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നതാണ് ഋഷഭിന്റെ കണ്ടെത്തല്‍. കൃത്യതയോടെ പാന്‍ക്രിയാസ് കണ്ടെത്താന്‍ ഋഷഭിന്റെ അല്‍ഗരിതം സഹായമാണ്.

‘ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള റേഡിയോതെറാപ്പി ചികിത്സയില്‍, എന്റെ ഉപകരണം സ്‌കാനിംഗില്‍ തന്നെ പാന്‍ക്രിയാസിനെ കണ്ടെത്തുന്നു. റേഡിയേഷന്‍ നടത്തുമ്പോള്‍ പാന്‍ക്രിയാസില്‍ തന്നെ കൃത്യമായി അവ ചെന്നെത്തുന്നു. അതുകൊണ്ട് അര്‍ബുദ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കുന്നു’. ഋഷഭ് പറയുന്നു.

പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ച് ഒരു കുടുംബ സുഹൃത്ത് മരിച്ചതോടെയാണ് ഇതിനെതിരെ ഫലപ്രദമായ ഒരു ചികിത്സാരീതി വേണമെന്ന ചിന്ത ഋഷഭില്‍ ഉദിച്ചത്. ഈ രോഗം എത്ര മാരകമാണെന്നും ഇത് ബാധിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവുമാണെന്ന് താന്‍ തിരിച്ചറിഞ്ഞത് അന്നാണെന്ന് ഋഷഭ് പറയുന്നു.

‘പ്രോഗ്രാമിംഗില്‍ തത്പരനായ ഞാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംബന്ധിച്ചും പഠനം നടത്തുന്നുണ്ട്. അങ്ങനെയാണ് രണ്ട് മേഖലകളും സമന്വയിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചത്’. ഋഷഭ് പറഞ്ഞു.

ആശുപത്രികളില്‍ നിലവിലുള്ള റേഡിയോതെറാപ്പി ചികിത്സയ്‌ക്കൊപ്പമോ അല്ലെങ്കില്‍ പുതിയ യന്ത്രങ്ങളിലേക്ക് നേരിട്ടോ തന്റെ സോഫ്റ്റ്‌വെയര്‍ സന്നിവേശിപ്പിക്കാന്‍ സാധിക്കുമെന്ന് ഋഷഭ് പറഞ്ഞു. തന്റെ ആശയം നടപ്പില്‍ വരുത്തുന്നതിനായി ഓറിഗണിലെ പ്രാദേശിക ഡോക്ടര്‍മാരുമായും ദേശീയതലത്തിലുള്ള ജോണ്‍ ഹോപ്കിങ്‌സ്, മെമ്മോറിയല്‍ സ്ലോയാന്‍ കാറ്ററിംഗ് ക്യാന്‍സര്‍ സെന്റര്‍ പോലുള്ള വലിയ ആശുപത്രികളുമായും ചര്‍ച്ച നടത്തിവരികയാണ് ഋഷഭ്.

മത്സരത്തിലെ സമ്മാനത്തുകയും മറ്റ് പ്രതിഫലങ്ങളുമെല്ലാം തന്റെ ഉപകരണത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുന്നതിനും താന്‍ രൂപം നല്‍കിയ ‘സംയക് സയന്‍സ് സൊസൈറ്റി’ എന്ന നോണ്‍പ്രോഫിറ്റ് സംഘടനയ്ക്ക് ധനസഹായം നല്‍കുന്നതിനും ഉപയോഗിക്കുമെന്ന് ഋഷഭ് വ്യക്തമാക്കി. തന്നെപ്പോലെ പഠനസൗകര്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെം ലേര്‍ണിംഗ്(സയന്‍സ്, ടെക്‌നോളജി,എജൂക്കേഷന്‍,മാത്തമാത്തിക്‌സ്) സാധ്യമാക്കുന്നതിനും പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ കുറിച്ചുള്ള ബോധവത്കരണത്തിനും വേണ്ടി ഋഷഭ് രൂപീകരിച്ച സംഘടനയാണ് സംയക് സയന്‍സ് സൊസൈറ്റി. കുറച്ച് തുക തന്റെ ഭാവി പഠനാവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നും ഋഷഭ് പറയുന്നു. ഡോക്ടറോ, ബയോമെഡിക്കല്‍ എഞ്ചിനീയറോ ആകണമെന്നാണ് ഋഷഭിന്റെ ആഗ്രഹം.

3എമ്മിലെ ശാസ്ത്രജ്ഞനായ ഡോ.ഡോണ്‍ ഡിമിഗ്രോസിന്റെ സഹായത്തോടെ മിനിസോട്ടയില്‍ നടന്ന യുവശാസ്ത്രജ്ഞനെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ ഋഷഭ് പങ്കെടുക്കുകയും സമ്മാനാര്‍ഹനാകുകയും ചെയ്തു.

മസ്തിഷാകാര്‍ബുദ രംഗത്ത് ഒരു മുന്നേറ്റം

2017ല്‍ അരിസോണയില്‍ നിന്നുള്ള സീനിയര്‍ യുണൈറ്റഡ് സ്‌റ്റേറ്റ് സെനറ്റായിരുന്ന ജോണ്‍ ഡിസ്‌നി മക്കെയ്ന്‍ മൂന്നാമനെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കുകയായിരുന്നു കാവ്യ കോപ്പരപ്പ്. മസ്തിഷ്‌ക അര്‍ബുദ വിഭാഗത്തിലെ ഗ്ലിബ്ലാസ്റ്റോമ എന്ന മാരകമായ രോഗത്തോട് മല്ലിട്ടാണ് 81ാം വയസില്‍ മക്കെയ്ന്‍ എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രാഷ്ട്രീയപ്രമുഖന്‍ ലോകത്തോട് വിടവാങ്ങുന്നത്.

ഗ്ലിബ്ലാസ്റ്റോമ ചികിത്സാരംഗത്ത് കഴിഞ്ഞ 30 വര്‍ഷത്തിനിടയ്ക്ക് പറയത്തക്ക പുരോഗതി കൈവരിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നും ഈ രോഗം വന്നാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും വിശദീകരിക്കുന്ന ഭാഗം വായനയ്ക്കിടയ്ക്ക് കാവ്യയുടെ മനസില്‍ തട്ടിനിന്നു. ഇത്രയേറെ കണ്ടുപിടുത്തങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാത്തത് എന്താണെന്ന് താന്‍ അന്ന് ആശ്ചര്യപ്പെട്ടതായി കാവ്യ പറയുന്നു.

അങ്ങനെയാണ് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാവ്യ ശ്രമങ്ങള്‍ ആരംഭിച്ചത്. തലച്ചോറില്‍ അര്‍ബുദം ബാധിച്ച രോഗികളില്‍ നിന്നുള്ള ടിഷ്യൂ(കോശജാലം) സ്‌കാന്‍ ചെയ്ത് അവയുടെ സാന്ദ്രത, നിറം, കോശവിന്യാസം എന്നിവയെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ഗ്ലിയോ വിഷന്‍ എന്ന കംപ്യൂട്ടര്‍ സംവിധാനത്തിനാണ് കാവ്യ രൂപം നല്‍കിയത്. ഓരോ രോഗിയുടെയും ബയോപ്‌സി സ്ലൈഡുകളില്‍ നിന്നും തന്മാത്രാപരവും(മോളിക്യുലാര്‍) ജനിതകപരവുമായ വിലപ്പെട്ട വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഗ്ലിയോ വിഷനിലൂടെ സാധിക്കും. ട്യൂമര്‍ അനാലിസിസിനെ ഫലപ്രദവും കൃത്യതയാര്‍ന്നതുമാക്കുന്ന ഈ സംവിധാനം രോഗിയുടെ രോഗ സവിശേഷതകള്‍ക്കനുസരിച്ച വ്യക്തിപരമായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കും.

ഒരോ രോഗിയുടെയും പ്രത്യേകമായ രോഗാവസ്ഥ പഠിച്ച് അവര്‍ക്ക് വേണ്ടി ഫലപ്രദമായ ചികിത്സാതെറാപ്പികള്‍ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കാവ്യയുടെ ലക്ഷ്യം.

കാവ്യയുടെ ഈ സംവിധാനത്തിന് താത്കാലികമായ ഒരു പേറ്റന്റ് ലഭിച്ചുകഴിഞ്ഞു. ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ന്യൂറോപാത്തോളജിസ്റ്റിന്റെ സഹായത്തോടെ തന്റെ സംവിധാനത്തിന്റെ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കാവ്യ. കൂടാതെ ‘ഗേള്‍സ് കംപ്യൂട്ടിങ് ലീഗ’് എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയുടെ സ്ഥാപക കൂടിയാണ് കാവ്യ. കംപ്യൂട്ടര്‍ സയന്‍സ് രംഗത്തെ ലിംഗ അസമത്വം ഇല്ലാതാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. വടക്കന്‍ വിര്‍ജീനിയയില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ക്ക് കംപ്യൂട്ടിംഗ് അവസരം നല്‍കുകയാണ് നിലവില്‍ ഈ സംഘടന.

പതിനെട്ടുകാരിയായ കാവ്യ ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബയോളജി വിദ്യാര്‍ത്ഥിയാണ്.

‘ഒരു വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് എല്ലാം പരീക്ഷിച്ച് നോക്കാനും പരാജയപ്പെട്ടാല്‍ അവയുമായി പൊരുത്തപ്പെടാനുമുള്ള കാഴ്ചപ്പാടാണ് ഞങ്ങളിലുള്ളത്. ധനനഷ്ടം, പ്രസിദ്ധീകരണം തുടങ്ങിയ സമ്മര്‍ദ്ദങ്ങളൊന്നും തങ്ങള്‍ക്കില്ല. അതിനാല്‍ എല്ലാം പരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്തൊക്കെ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് വലിയ അനുഭവജ്ഞാനമൊന്നുമില്ല. ഭാവിയില്‍ പരിഹരിക്കാന്‍ പറ്റുന്നവ എന്ന തരത്തിലാണ് ഞങ്ങള്‍ ഓരോ പ്രശ്‌നത്തെയും നോക്കിക്കാണുന്നത്. അല്ലാതെ സാങ്കേതികതയുടെ പരിമിതികളുടെ പശ്ചാത്തലത്തിലല്ല’. കാവ്യ പറയുന്നു.

കാവ്യയുടെ നേട്ടം ഗ്ലിയോവിഷനില്‍ മാത്രം ഒതുങ്ങുന്നതല്ല. ഡയബറ്റിക് റീനോപതി എന്ന രോഗം കണ്ടെത്തുന്നതിനുള്ള ലളിതവും ചിലവുകുറഞ്ഞതുമായ ഐയെഗ്നോസിസ് എന്ന കണ്ടെത്തലും കാവ്യയുടേതാണ്. പ്രമേഹം അന്ധതയിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റീനോപതി. കണ്ണിനുള്ളിലെ റെറ്റിനയിലെ രക്തകോശങ്ങള്‍ താരതമ്യേന നശിക്കുന്ന അവസ്ഥയാണിത്. ചികിത്സിച്ച് ഭേദമാക്കാവുന്ന ഈ അവസ്ഥയാണ് ലോകത്തില്‍ അധികം പേരെയും അന്ധതയിലേക്ക് നയിക്കുന്നത്. 50 ശതമാനം പേരിലും ഈ രോഗാവസ്ഥ അറിയാതെ പോകുകയാണ് ചെയ്യുന്നത്. മുത്തശ്ശന് ഈ രോഗം വന്നപ്പോഴാണ് എളുപ്പത്തില്‍ രോഗം കണ്ടെത്താവുന്ന, ഏവര്‍ക്കും ഉപയോഗപ്രദമാകുന്ന ഒരു സംവിധാനം കണ്ടെത്തണമെന്ന ചിന്ത കാവ്യയില്‍ ഉദിച്ചത്.

‘ആര്‍ത്തവ ദാരിദ്ര്യ’ത്തിന് വേണം ഒരന്ത്യം

‘ആര്‍ത്തവ ദാരിദ്ര്യ’ത്തിന് ഒരന്ത്യമുണ്ടാക്കുക എന്നതായിരുന്നു ബ്രിട്ടീഷ് ഇന്ത്യക്കാരിയായ അമിക ജോര്‍ജിന്റെ ഏകലക്ഷ്യം. ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവ വിതരണം ചെയ്യുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ഭരണകര്‍ത്താക്കളില്‍ സ്വാധീനം ചിലത്തുക എന്നതായിരുന്നു ഇതിനായി അമിക കണ്ട പോംവഴി.

കഴിഞ്ഞ ഡിസംബറില്‍ 2,000ത്തോളം ആളുകളെ സംഘടിപ്പിച്ച് യു.കെ പ്രധാനമന്ത്രിയായ തെരേസ മെയുടെ വസതിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചത് പതിനെട്ടുകാരിയായ അമിക ജോര്‍ജ് ആയിരുന്നു.

പല സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ‘ആര്‍ത്തവ ദാരിദ്ര്യം’ തന്നെ ശരിക്കും ആശങ്കപ്പെടുത്തുന്നുവെന്ന് അമിക പറയുന്നു.

‘ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാതെ എല്ലാ മാസവും ആര്‍ത്തവകാലത്ത് സ്‌കൂളുകളില്‍ അവധിയെടുക്കുന്ന നിരവധി പെണ്‍കുട്ടികളെ തനിക്കറിയാം. തങ്ങളുടെ കണ്‍മുന്നിലാണ് ഇത് നടക്കുന്നതെന്ന് അറിയാമെങ്കിലും ഇതിനെതിരെ ഒരു നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല’ അമിക പറയുന്നു.

ഇതിനെതിരെയുള്ള അമികയുടെ പ്രതിഷേധമായിരുന്നു ‘ഫ്രീ പിരിയഡ്‌സ് ക്യാംപെയിനി’ന് തുടക്കം കുറിച്ചത്. ആര്‍ത്തവദാരിദ്ര്യത്തിന് അന്ത്യം കുറിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അമികയുടെ നിവേദനത്തോടുള്ള പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി 200,000 പേര്‍ അതില്‍ ഒപ്പുവെച്ചു. പിന്നീട് ഒരു ഡസണിലധികം യു.കെ നിയമസാമാജികരുടെ പിന്തുണ ഈ ക്യാംപെയിനിന് ലഭിക്കുകയും ആദ്യമായി ഇത്തരത്തില്‍ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കാന്‍ ഇവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചിലത്തുകയും ചെയ്തു. എന്നാല്‍ ഈ വിജയം കൊണ്ട് തൃപ്തിപ്പെടാതെ, ഇതൊരു തുടക്കം മാത്രമാണെന്ന് അമിക പറയുന്നു.

‘നമ്മള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആ മാറ്റം ഉണ്ടാകാനുള്ള ഉത്തരവാദിത്വം നമ്മളില്‍ തന്നെയാണ്’. അമിക പറയുന്നു.

Comments

comments

Categories: Top Stories