ഭൂതകാലത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം

ഭൂതകാലത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം

പഞ്ചവല്‍സര പദ്ധതികളിലൂടെയും നെഹ്‌റൂവിയന്‍ സോഷ്യലിസത്തിലൂടെയും രാജ്യത്തെ സര്‍ക്കാരുകള്‍ 1990 കള്‍ വരെ നടപ്പാക്കിയ നയങ്ങള്‍ പരക്കെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിവിധ മേഖലകളിലെ ജഡത്വത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്, മാറുന്ന ലോകക്രമത്തിനനുസരിച്ച് സാമ്പത്തിക നയങ്ങളെയും കാഴ്ചപ്പാടുകളെയും പരിവര്‍ത്തനം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ തയാറായില്ല എന്നതാണ്. തൊണ്ണൂറുകളിലെ ഉദാരവല്‍ക്കരണം വലിയ രീതിയില്‍ രാജ്യത്തെ മുന്നോട്ട് നയിച്ചെങ്കിലും പഴയ സോഷ്യലിസ്റ്റ് നയങ്ങളുടെ സുഖലോലുപതയിലേക്ക് തിരിച്ചിറങ്ങി അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഒന്നൊഴിയാതെ വിവിധ ഭരണകൂടങ്ങള്‍ ഇന്നും കാണിക്കുന്നു എന്നത് ചിന്തിപ്പിക്കുന്ന വസ്തുത തന്നെയാണ്

വൈരുദ്ധ്യങ്ങളുടെയും സങ്കീര്‍ണതകളുടെയും വിശാലമായ മിശ്രണമാണ് ഇന്ത്യ. മതങ്ങള്‍, വംശീയ കൂട്ടായ്മകളുടെ ബാഹുല്യം, വിഭിന്നങ്ങളായ ഭാഷകളുടെ മിശ്രണം, സമൂഹത്തിലെ സാമ്പത്തിക വികസന തലങ്ങളുടെ വ്യാപ്തി തുടങ്ങിയ അസാധാരണ വൈവിധ്യങ്ങളെ ആലിംഗനം ചെയ്യുന്ന മറ്റൊരു രാജ്യത്തെ ലോകത്ത് അപൂര്‍വമായെ കാണാന്‍ സാധിക്കുകയുള്ളൂ.

നാം ഇന്നു കാണുന്ന സമ്പദ് വ്യവസ്ഥയുടെ ഫലങ്ങളിലും ഈ വൈരുദ്ധ്യങ്ങള്‍ കാണാം. ടൂത്ത്ബ്രഷുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണെങ്കിലും ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നതിലടക്കം അസൂയാവഹവും മല്‍സരാധിഷ്ഠിതവുമായ നേട്ടങ്ങള്‍ നാം സത്വരം നേടിക്കൊണ്ടിരിക്കുകയാണ്.

സുപ്രധാനമായ ദീര്‍ഘകാല വികസനതന്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനേക്കാളും, വര്‍ഷങ്ങളായി തിടുക്കപ്പെട്ട് എടുത്ത നയ തീരുമാനങ്ങളുടെ ആകെത്തുകയാണ് ഈ വിചിത്രമായ പൊരുത്തക്കേടുകള്‍. ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലുടനീളം ഇത്തരം സന്ദര്‍ഭങ്ങള്‍ കാണാം. സമ്പദ് വ്യവസ്ഥയുടെ ചില ഭാഗങ്ങള്‍ അസാധാരണമായി മികച്ച പ്രകടനം കാഴ്ച വെക്കുകയും മറ്റ് ഭാഗങ്ങള്‍ ഇരുളടഞ്ഞ് കിടക്കുകയും ചെയ്യുന്ന സാഹചര്യം തല്‍ഫലമായുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഉടന്‍ തന്നെ വികസനത്തിന്റെ ആസൂത്രിത മാതൃക സ്വീകരിച്ചതാണ് നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങളുടെയെല്ലാം ഉദ്ഭവത്തിനുള്ള പൊതുവായ ഹേതുവെന്ന് ആരോപിക്കപ്പെടുന്നു. ക്വാട്ടകളുടെയും ലൈസന്‍സുകളുടെയും സങ്കീര്‍ണമായ വലയ്ക്കു കീഴില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഇത് മന്ദഗതിയിലാക്കി.

തങ്ങളുടെ എല്ലാ പൗരന്‍മാരുടെയും എല്ലാ ആവശ്യകതകളും നിറവേറ്റാന്‍ ഭരണകൂടം പദ്ധതിയിടുന്നു എന്ന ആശയത്തിന് യുദ്ധാനന്തര കാലത്ത് ചുരുങ്ങിയ എണ്ണം ആളുകളുടെയെങ്കിലും സ്വീകാര്യത ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് ബുദ്ധിശൂന്യമായ ആശയമായി തോന്നിയേക്കാം. പലപ്പോഴും പറയപ്പെടുന്നതു പോലെ സോഷ്യലിസം എന്ന ആശയത്തോടുള്ള നെഹ്‌റുവിന്റെ ഭ്രമം മാത്രമല്ല ഇന്ത്യ ആ പാതയില്‍ താഴേക്കിറങ്ങാന്‍ കാരണം. വാസ്തവത്തില്‍, ഒരു ആസൂത്രിത സമ്പദ് വ്യവസ്ഥയുടെ അതിജീവന ശേഷിയുമായി ബന്ധപ്പെട്ട സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്കായി ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരെ നെഹ്‌റു ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

അവസാന ഘട്ടം വരെയുള്ള വികസനം ആസൂത്രണം ചെയ്യാനും ആവിഷ്‌കരിക്കാനും സാധിക്കുമെന്ന വ്യക്തമായ കാഴ്ചപ്പാടോടെ ഗുന്നര്‍ മിര്‍ഡാല്‍, റാഗ്‌നര്‍ ഫ്രിച്ച്, ജാന്‍ ടിന്‍ബര്‍ജെന്‍, ഓസ്‌കര്‍ ലാംഗ്, റിച്ചാര്‍ഡ് ഗുഡ്‌വിന്‍ തുടങ്ങിയ ഒരു കൂട്ടം സാമ്പത്തിക വിദഗ്ധര്‍ എപ്രകാരമാണ് ഇന്ത്യയിലേക്ക് വന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഐജി പട്ടേല്‍ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നു. അക്കാലത്തെ സാഹചര്യം പരിശോധിക്കുമ്പോള്‍ തെരഞ്ഞെടുത്ത പാത തെറ്റുള്ളതായിരുന്നില്ല. യുഎസ്എസ്ആറില്‍ സോഷ്യലിസ്റ്റ് മാതൃക ഗുണം ചെയ്യുന്നുണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുകയും അതേസമയം, മുതലാളിത്ത ലോകം സാമ്പത്തിക മാന്ദ്യത്തിനും യുദ്ധങ്ങള്‍ക്കും കീഴില്‍ തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്ത ഒരു സമയത്താണ് ഇന്ത്യ സ്വാതന്ത്രം നേടിയത്.

പരാജയങ്ങളും പ്രാപ്തിക്കുറവും വ്യക്തമായതിനു ശേഷവും ഈ മാതൃക പിന്തുടര്‍ന്നതാണ് പറ്റിയ അബദ്ധം. 1960 കളുടെ മധ്യത്തില്‍ നെഹ്‌റു വിടവാങ്ങിയ കാലത്ത്, ആസൂത്രിത വികസനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി. വികസന മാതൃകയുടെ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഏഷ്യന്‍ ഡ്രാമ’ എന്ന പേരില്‍ ഒരു പഠനം തന്നെ ഗുന്നര്‍ മിര്‍ഡാല്‍ പ്രസിദ്ധീകരിച്ചു. ‘ഇന്ത്യയില്‍ വാഗ്ദാനം ചെയ്യപ്പെട്ട സാമൂഹിക സാമ്പത്തിക വിപ്ലവം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ടു’വെന്ന് ഏഷ്യന്‍ ഡ്രാമയില്‍ അദ്ദേഹം കുറിച്ചു.

സ്വതന്ത്ര വിപണിയെ പിന്തുണയ്ക്കുന്ന മില്‍ട്ടണ്‍ ഫ്രൈഡ്മാന്റെ നേതൃത്വത്തിലുള്ള വിപണി വിദഗ്ധരുടെ വാദങ്ങളും സാമ്പത്തിക ശാസ്ത്ര രംഗത്ത് അക്കാലയളവില്‍ പ്രബലമായിക്കൊണ്ടിരിക്കുകയായിരുന്നു. പ്രധാനമായും ദക്ഷിണ കൊറിയ, തായ്‌വാന്‍, ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ ഏതാനും കിഴക്കന്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളാണ് കേന്ദ്രീകൃത ആസൂത്രണ മാതൃക എന്ന മിഥ്യയില്‍ നിന്ന് മോചനം നേടി ആദ്യമായി തുറന്ന രീതിയിലേക്ക് മാറിയത്. ദൃഢമായ കയറ്റുമതി അധിഷ്ഠിത കേന്ദ്രീകരണത്തോടെ ഭരണകൂടം നേരിട്ട് നയിക്കുന്ന സവിശേഷമായ മുതലാളിത്ത സമീപനമാണ് അവര്‍ സ്വീകരിച്ചത്. പിന്നീടുള്ള ഏതാനും ദശാബ്ദങ്ങളില്‍, സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചാ കാലയളവിലേക്കാണ് ഈ സമ്പദ് വ്യവസ്ഥകള്‍ പ്രവേശിച്ചത്. ‘ദി ഈസ്റ്റ് ഏഷ്യന്‍ മിറാക്കിള്‍’ അഥവാ കിഴക്കന്‍ ഏഷ്യയിലെ അത്ഭുതം എന്ന് ഈ കാലഘട്ടം പ്രശസ്തമായി. അതിനാല്‍ തന്നെ, നെഹ്‌റുവിന്റെ മരണശേഷം സാമ്പത്തിക നയത്തില്‍ തല്‍സ്ഥിതിയോട് ഭ്രമം തുടരാനുള്ള തീരുമാനത്തെ പ്രതിരോധിക്കുന്നത് വളരെ ബുദ്ധിമുട്ടായിത്തീര്‍ന്നു. എന്നാല്‍, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സ്വീകരിക്കുന്നതിനു പകരം ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ അടഞ്ഞതും സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെട്ടതുമായി മാറി.

അതുവരെ അഴിമതിയും കെടുകാര്യസ്ഥതയും കൊടുകുത്തി വാണിരുന്ന, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, കല്‍ക്കരി മേഖല എന്നിവയുള്‍പ്പടെയുള്ള രംഗങ്ങളില്‍ ദേശസാല്‍ക്കരണങ്ങളുടെ കുത്തൊഴുക്കിന് തന്നെ ഇന്ദിരയുടെ ഭരണകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചു. നെഹ്‌റുവിനെ പോലെ തന്നെ ഇടതുപക്ഷത്തേക്കുള്ള ഇന്ദിരയുടെ ചെരിവ് ആശയപരമായ കാരണങ്ങളാലായിരുന്നില്ല. മറിച്ച്, കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള അവരുടെ അതിജീവനമായിരുന്നു ഈ മാറ്റത്തെ നയിച്ചത്. പാര്‍ട്ടിയില്‍ ഇടം കണ്ടെത്താന്‍ മൊറാര്‍ജി ദേശായ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളോട് മല്‍സരിക്കുകയായിരുന്നു ആ സമയത്ത് ഇന്ദിര. നടപ്പിലാക്കുന്നത് ഒട്ടും അനുയോജ്യമല്ലെന്ന് നെഹ്‌റു പോലും കണക്കാക്കിയിരുന്ന ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കില്‍ പോലും, പിതാവിന്റെ പാരമ്പര്യം സംരക്ഷിച്ച മകളെന്ന് സ്ഥാപിക്കാനുള്ള കാരണം ഇതിലൂടെ ഇന്ദിരക്ക് വീണുകിട്ടി.

1970 കളുടെ അവസാനം ഡെംഗ് സിയാവോപിംഗിനു കീഴില്‍ ചൈന തങ്ങളുടെ വിപണികള്‍ തുറന്നു നല്‍കാന്‍ തുടങ്ങിയിട്ടുപോലും ഇന്ത്യ നയങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. നിയന്ത്രിത സമ്പദ് വ്യവസ്ഥയുടെ എല്ലാ ഭാവങ്ങളും വിലയിരുത്താന്‍ 1960 നും 1990 നും ഇടയില്‍ ചുരുങ്ങിയത് ഒരു ഡസന്‍ സമിതികള്‍ക്കെങ്കിലും നാം രൂപം കൊടുത്തിരുന്നു. വ്യാവസായിക രംഗത്തെ ലൈസന്‍സിംഗ് സംവിധാനം അബദ്ധമായിരുന്നുവെന്ന നിഗമനത്തില്‍ ഓരോ കമ്മറ്റികളും എത്തിച്ചേരുകയും ചെയ്തു. ഈ വസ്തുതകള്‍ നിലനില്‍ക്കെയായിരുന്നു സര്‍ക്കാരുകളുകള്‍ നിഷ്‌ക്രിയത്വം തുടര്‍ന്നത്. സോഷ്യലിസ്റ്റ് മാതൃകയില്‍ നിന്ന് മാറുന്നത് പോലെയുള്ള മൗലികമായ നടപടികള്‍ സ്വീകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, ഒരു ദീര്‍ഘകാല തന്ത്രം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യം ഒഴിവാക്കപ്പെട്ടു.

എണ്‍പതുകളില്‍ രാജീവ് ഗാന്ധിയോടൊപ്പം തന്റെ അവസാന ഭരണാവസരത്തിലേക്ക് ഇന്ധിരാ ഗാന്ധി മടങ്ങിയെത്തിയ എണ്‍പതുകളിലാണ് അല്‍പ്പമെങ്കിലും മാറ്റങ്ങള്‍ക്ക് തുടക്കമായത്. ഒടുവില്‍, 1991ല്‍ ഉണ്ടായ വിനാശകരമായ ‘ബാലന്‍സ് ഓഫ് പേമെന്റ്’ പ്രതിസന്ധിയാണ് ലൈസന്‍സിംഗിന്റെയും നിയന്ത്രണങ്ങളുടെയും ഗൂഢ സംവിധാനം ഒഴിവാക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സഹായകമായത്.

ഉദാരവല്‍ക്കരണ കാലയളവിനു ശേഷം സമ്പദ് വ്യവസ്ഥ അനുഭവിച്ച ഏറ്റവും വലിയ വളര്‍ച്ച ഐടി മേഖലയിലെ അഭിവൃദ്ധിയാണ്. എന്നാല്‍ ഇതും ഉദ്ദേശ്യത്തേക്കാളുപരി ആകസ്മികമായി സംഭവിച്ചതായിരുന്നു. നെഹ്‌റുവിന്റെ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാരണം എന്‍ജിനീയര്‍മാരുടെ ഒരു വലിയ സഞ്ചയം തന്നെ ഇന്ത്യയ്ക്ക് സ്വന്തമായുണ്ടായിരുന്നു. ഇംഗ്ലീഷില്‍ നിപുണരാണെന്ന അധിക യോഗ്യതയും ഇവര്‍ക്കുണ്ടായിരുന്നു. ഈ രണ്ട് കാര്യങ്ങള്‍ വികസിത ലോകത്തെ ആകര്‍ഷിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്.

ഒരു ലേഖനത്തിനുള്ളില്‍ സംക്ഷിപ്തത കൊണ്ടുവരുന്നതിനായി നടത്തിയ സമ്പൂര്‍ണമായ പൊതുവല്‍ക്കരണങ്ങളാണ് ഇവയെല്ലാമെന്ന് പറയേണ്ടതുണ്ട്. എന്നാല്‍ ഈ വസ്തുതകളൊന്നും നിരസിക്കാന്‍ സാധിക്കില്ല. ‘ദി ഏജ് ഓഫ് എവേക്‌നിംഗ്’ എന്ന പുറത്തിറങ്ങാനിരിക്കുന്ന ഞങ്ങളുടെ പുസ്തകത്തില്‍ ഈ വിഷയം ആഴത്തില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ നിഷ്‌ക്രിയത്വത്തിന്റെയും ഹ്രസ്വകാല തന്ത്രങ്ങളുടെയും ചരിത്രത്തില്‍ നിന്നുള്ള ഒരു മാറ്റം പ്രതിഫലിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ പഴയ രീതികള്‍ പ്രത്യാവര്‍ത്തിക്കാനുള്ള പ്രവണത അസാമാന്യമായ തോതില്‍ ഉയര്‍ന്നതാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അമിത താല്‍പ്പര്യം ഇതിന് ഉദാഹരണമാണ്. ഇത്തരത്തിലൊരു കാലഘട്ടത്തില്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider