രാജ്യത്തെ 33 നഗരങ്ങളിലെ ഭവന വിലയില്‍ 22 % വരെ വര്‍ധന

രാജ്യത്തെ 33 നഗരങ്ങളിലെ ഭവന വിലയില്‍ 22 % വരെ വര്‍ധന

അഹമ്മദാബാദാണ് ഭവന വിലയില്‍ ഏറ്റവുമധികം വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 50 നഗരങ്ങളില്‍, 33 നഗരങ്ങളിലെ ഭവന വില നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലയളവില്‍ 22 ശതമാനം വര്‍ധിച്ചെന്ന് നാഷണല്‍ ഹൗസിംഗ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 14 നഗരങ്ങളിലെ ഭവന വിലയില്‍ 13 ശതമാനം ഇടിവ് പ്രകടമായപ്പോള്‍ 3 നഗരങ്ങളിലെ വിലയില്‍ കാര്യമായ മാറ്റം പ്രകടമായിട്ടില്ല.

നിര്‍മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടികള്‍ പരിഗണിച്ചാല്‍ 39 നഗരങ്ങളിലെ ഭവന വിലയില്‍ 17 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 8 നഗരങ്ങളിലെ ഭവനവില 8 ശതമാനം കുറഞ്ഞു. മൂന്നു നഗരങ്ങളിലെ നിര്‍മാണത്തിലിരിക്കുന്ന ഭവനങ്ങളുടെ വിലയില്‍ മാറ്റമില്ല.
നാഷണല്‍ ഹൗസിംഗ് ബാങ്ക് 2007 മുതലാണ് എന്‍എച്ച്ബി റെസിഡെക്‌സ് എന്ന പേരില്‍ ഭവന വില സൂചിക പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. ഒരോ പാദത്തിലെയും വിലകള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കുന്നത്. നിലവില്‍ കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തി പുതിയ ചില വിലയിരുത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നകതെന്ന് എന്‍എച്ച്ബി വ്യക്തമാക്കുന്നു. 21 സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2017-18നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് ഇപ്പോള്‍ ഭവന വിലകള്‍ വിലയിരുത്തുന്നത്.

അഹമ്മദാബാദാണ് ഭവന വിലയില്‍ ഏറ്റവുമധികം വര്‍ധന റിപ്പോര്‍ട്ട് ചെയ്ത ഒന്നാം നിര നഗരം. വാര്‍ഷികാടിസ്ഥാനത്തില്‍ 12.9 ശതമാനമാണ് ഇവിടെ വിലയില്‍ ഉയര്‍ച്ചയുണ്ടായത്. 9.5 ശതമാനം വര്‍ധനയോടെ ഹൈദരാബാദാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. പൂനെയില്‍ 7.2 ശതമാനം വര്‍ധനയാണ് ഭവന വിലയില്‍ ഉണ്ടായത്. 5.2 ശതമാനം വര്‍ധന മുംബൈയിലെ ഭവന വിലയില്‍ ഉണ്ടായി. ചെന്നൈയില്‍ ഭവന വില കാര്യമായ മാറ്റങ്ങളില്ലാതെ തുടര്‍ന്നപ്പോള്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെ ഭവന വിലയില്‍ 4.8 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പട്ടികയില്‍ ഉള്‍പ്പെട്ട 29 രണ്ടാം നിര നഗരങ്ങളില്‍ റാഞ്ചി ( 21.7%) നാസിക് (8.4%), സൂറത്ത് (7.4%), വഡോദര (7.4%) എന്നിവിടങ്ങളിലെ ഭവന വിലയാണ് ശ്രദ്ധേയമായ വര്‍ധന പ്രകടമാക്കിയത്. ലുധിയാന (-12.3%), ജയ്പൂര്‍ (-9.1%) എന്നിവിടങ്ങളാണ് കാര്യമായ ഇടിവ് ഭവന വിലയിലുണ്ടായ രണ്ടാം നിര നഗരങ്ങള്‍.

നിര്‍മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടികളിലെ ഭവനവില വര്‍ധനയില്‍ 16.9 ശതമാനത്തോടെ കൊല്‍ക്കൊത്തയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 6.3 ശതമാനം വര്‍ധനയോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും 4.1 ശതമാനം വര്‍ധനയോടെ മുംബൈയും ഡെല്‍ഹിയും മൂന്നാം സ്ഥാനത്തും 3.1 ശതമാനം വര്‍ധനയോടെ ചെന്നൈ നാലാം സ്ഥാനത്തുമുണ്ട്. പൂനെയിലും അഹമ്മദാബാദിലും രണ്ട് ശതമാനവും ബെംഗളൂരുവില്‍ 1 ശതമാനവുമാണ വിലയിലെ വര്‍ധന.
നിര്‍മാണത്തിലിരിക്കുന്ന ഭവന വിലയില്‍ ഏറ്റവും വലിയ വര്‍ധന പ്രകടമായ രണ്ടാം നിര നഗരം ഇന്‍ഡോറാണ്.ഡെറാഡൂണും ലെഖ്‌നോയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. തിരുവനന്തപുരം 7.5 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Comments

comments

Categories: FK News
Tags: House Price