പണം വിരിയുന്ന മീന്‍കുളങ്ങള്‍

പണം വിരിയുന്ന മീന്‍കുളങ്ങള്‍

ഏതൊരു വീടിനും അഴക് പകരുന്ന ഒന്നാണ് അക്വേറിയങ്ങള്‍. പല നിറത്തിലും വലുപ്പത്തിലും നീന്തിത്തുടിക്കുന്ന അലങ്കാരമല്‍സ്യങ്ങള്‍ മനസിന് സന്തോഷമേറുന്ന കാഴ്ചയാണ്. എന്നാല്‍ മാനസികോല്ലാസം മാത്രമല്ല, കൈനിറയെ പണം നല്‍കാനും അലങ്കാരമല്‍സ്യ വിപണിക്ക് സാധിക്കും.കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയമാണ് ഓരോ വര്‍ഷവും അലങ്കാരമല്‍സ്യ വിപണിയില്‍ നടക്കുന്നത്. വിദേശിയും സ്വദേശിയുമായ നൂറില്‍പരം വിഭാഗത്തില്‍പെട്ട അലങ്കാരമല്‍സ്യങ്ങള്‍ നമ്മുടെ വിപണിയില്‍ സജീവമാണ്.ജോഡിക്ക് 15 രൂപ മുതല്‍ 60000 രൂപ വരെ വിലമതിക്കുന്ന അലങ്കാര മല്‍സ്യങ്ങള്‍ ഉള്‍പ്പെടുന്ന വിപണിയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്ത് നിക്ഷേപം നടത്തുകയാണ് സംരംഭകര്‍. അലങ്കാരമല്‍സ്യകൃഷിയിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണിവര്‍ നേടുന്നത്‌

ചെറുപ്പം മുതല്‍ക്ക് അലങ്കാര മല്‍സ്യങ്ങളോട് തോന്നിയ താല്‍പര്യമാണ് മലപ്പുറം ചെങ്ങര സ്വദേശിയായ ഷെഫീക്കിനെ മല്‍സ്യകൃഷിയിലേക്ക് എത്തിച്ചത്. പഠനശേഷം പത്രപ്രവര്‍ത്തനമേഖല തെരഞ്ഞെടുത്ത് കുറച്ചുകാലം ജോലി ചെയ്തു എങ്കിലും മനസിന് തൃപ്തികിട്ടിയില്ല. അങ്ങനെയാണ് പഠനകാലം മുതല്‍ക്ക് പാര്‍ട്ട്‌ടൈമായി ചെയ്തിരുന്ന അലങ്കാരമല്‍സ്യകൃഷിയിലേക്ക് പൂര്‍ണമായി തിരിയാന്‍ ഷെഫീഖ് തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനമായിരുന്നു ശരിയെന്ന് ഷെഫീഖിന്റെ വരുമാനം തെളിയിക്കുന്നു. ഇന്ന് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച അലങ്കാര മല്‍സ്യകര്ഷകരില്‍ ഒരാളാണ് ഷെഫീഖ്. വിദേശയിനം ഗപ്പി മുതല്‍ ആമസോണ്‍ നദികളിലെ മല്‍സ്യമായ അരാപൈമ വരെ ഷെഫീഖിന്റെ കൃഷിയിടത്തിലുണ്ട്.

ഇത്‌പോലെ തന്നെയാണ് വയനാട് സ്വദേശിയായ ലിജോ പോളിന്റെയും കാര്യം. അലങ്കാരമല്‍സ്യങ്ങളോടുള്ള പ്രത്യേക താല്‍പര്യം ഒന്നുകൊണ്ട് മാത്രമാണ് ലിജോ പോള്‍ അലങ്കാരമല്‍സ്യകൃഷിയിലേക്ക് ഇറങ്ങിയത്.ശാസ്ത്രീയമായ മല്‍സ്യപരിപാലനം വശമില്ലാതിരുന്ന ലിജോ പോള്‍ തന്റെ അനുഭവങ്ങളില്‍ നിന്നുമാണ് പുതിയ പാഠങ്ങള്‍ പഠിച്ചെടുത്തത്. അറിവില്ലായ്മകൊണ്ട് ഈ മേഖലയില്‍ നിരവധി നഷ്ടങ്ങള്‍ ലിജോക്ക് ഉണ്ടായി എങ്കിലും പാതിവഴിയില്‍ തന്റെ ശ്രമം ഉപേക്ഷിച്ചു പോകാന്‍ ലിജോ തയ്യാറല്ലായിരുന്നു. അതിനാല്‍ തന്നെ മികച്ച വരുമാനം നേടാനും ലിജോക്ക് കഴിഞ്ഞു.അലങ്കാരമല്‍സ്യങ്ങളിലെ പ്രധാനികളായ ഗോള്‍ഡ് ഫിഷ്, ഏഞ്ചല്‍, ഗൗരാമി, കോയികാര്‍പ്, ടെട്രാകള്‍, ബാര്‍ബുകള്‍ തുടങ്ങി ലിജോയുടെ കൈവശമില്ലാത്ത മല്‍സ്യങ്ങള്‍ നന്നേ കുറവ്.

ഇത് ഷെഫീഖിന്റേയും ലിജോ പോളിന്റെയും മാത്രം കാര്യമല്ല. വൈറ്റ് കോളര്‍ ജോലി വേണ്ടെന്നു വച്ച് അലങ്കാരമല്‍സ്യ പരിപാലനത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.മനസികോല്ലാസത്തിനൊപ്പം ഇത് സാമ്പത്തിക നേട്ടം കൂടി തരുന്ന കാര്യമാണ് എന്നറിഞ്ഞതോടെയാണ് ഈ രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. മത്സ്യക്കുഞ്ഞുങ്ങളെ വിറ്റ് വരുമാനം നേടുക എന്നപോലെതന്നെയാണ് അലങ്കാരമല്‍സ്യപ്രദര്ശനങ്ങള്‍ വഴി വരുമാനം കണ്ടെത്തുന്നതും.ഇത്തരത്തില്‍ മൂന്നും നാലും പ്രദര്‍ശനങ്ങളാണ് ചിരുങ്ങിയത് ഒരു വര്‍ഷം നടക്കുന്നത്.വരുമാനത്തിന് വേറെന്തുവേണം ?

എന്തുകൊണ്ട് അലങ്കാരമല്‍സ്യകൃഷി

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ് അലങ്കാരമല്‍സ്യകൃഷി വ്യാപകമായത്.ഏകദേശം 600 അലങ്കാരമത്സ്യ ഇനങ്ങള്‍ ലോകമെങ്ങുമുള്ള ജലാശയങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ ഇന്ത്യന്‍ ജലാശയത്തില്‍ നൂറോളം തനത് മത്സ്യ ഇനങ്ങള്‍ ഉണ്ട്. ജലാശയങ്ങള്‍ക്ക് തുല്യമായ രീതിയിലെ ആവാസവ്യവസത്തയുണ്ടാക്കി ഇത്തരം മത്സ്യങ്ങളെ വളരാന്‍ അനുവദിക്കുക എന്നതാണ് അലങ്കാരമല്‍സ്യ പരിപാലനത്തിലെ ആദ്യപടി. പ്രാദേശിക വിദേശ വിപണികളില്‍ വന്‍ സാധ്യതയുള്ള അലങ്കാരമല്‍സ്യങ്ങളെ വളര്‍ത്തി മികച്ച വരുമാനം കൊയ്യുന്നവര്‍ ധാരാളമാണ്. സാധാരണയായി ഗോള്ഡഫിഷ്, ഗപ്പികള്‍, ഗൗരാമികള്‍ തുടങ്ങിയ അലങ്കാരമല്‍സ്യങ്ങളെ മാത്രമാണ് നമുക്ക് പരിചയം. എന്നാല്‍ അതിനുമപ്പുറം വളര്‍ന്നു പന്തലിച്ചിരുന്ന ഒന്നാണ് അലങ്കാരമല്‍സ്യവിപണി.

ഗോള്ഡഫിഷ് പരിപാലനത്തിലൂടെയാണ് ഒരു വ്യക്തി ഈ മേഖലയിലേക്ക് കടക്കുന്നത്. കാരണം പരിപാലനം ഏറ്റവും എളുപ്പമുള്ള ഇനമാണ് ഗോള്ഡഫിഷുകള്‍.
മത്സ്യത്തെയും കുഞ്ഞിനെയും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച നടപടികളുമായി പരിചിതനാകാന്‍ ആദ്യം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഏതെങ്കിലും മത്സ്യവും ഗോള്‍ഡ്ഫിഷ് പോലെയുള്ള മുട്ടയിടുന്ന ഇനവും തമ്മിലുള്ള സങ്കരണത്തില്‍ തുടങ്ങണം പരിശീലനം.വീടിനു സമീപം സ്ഥലം ഉണ്ടെന്നു കരുതി ആര്‍ക്കും തുടങ്ങാന്‍ കഴിയുന്ന ഒന്നല്ല അലങ്കാരമല്‍സ്യകൃഷി. അതിനു ആദ്യം ഈ മേഖലയോട് താല്‍പര്യമുണ്ടാകണം. മത്സ്യങ്ങളുടെ ജീവശാസ്ത്രം, ആഹാരരീതികള്‍, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നല്ല അറിവ് മത്സ്യോല്‍പാദനം ആരംഭിക്കുന്നതിനു മുമ്പ് നേടിയെടുക്കണം. അത്‌പോലെ തന്നെ പ്രധാനമാണ് വിപണി സാധ്യത മനസിലാക്കുക എന്നത്.

കേരളത്തില്‍ നിന്നും നിരവധി സംരംഭകര്‍ വിദേശത്തേക്ക് മത്സ്യക്കുഞ്ഞുങ്ങളെ കയറ്റിയയക്കുന്നുണ്ട്. എന്നാല്‍ ആ ഘട്ടത്തിലേക്ക് എത്തണമെങ്കില്‍ ആദ്യം പ്രാദേശികവിപണിയില്‍ നല്ലപേരെടുക്കണം. അതിനായി വിപണിക്ക് അനുയോജ്യമായ ഇനം മല്‍സ്യങ്ങള്‍ ഏതാണ് എന്നും ഏതിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത് എന്നും മനസിലാക്കിയശേഷം മാത്രം മത്സ്യകൃഷി ആരംഭിക്കുക. കാലാവസ്ഥയെ പറ്റി നന്നായി പഠിച്ചശേഷം കാലാവസ്ഥക്ക് ഇണങ്ങിയ മല്‍സ്യങ്ങള്‍ മാത്രം വളര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മല്‍സ്യങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയെപ്പറ്റിയും നല്ല അറിവുണ്ടായിരിക്കണം.അലങ്കാരമല്‍സ്യകൃഷിയിലേക്ക് ഇറങ്ങുന്നതിനു മുന്‍പായി പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുന്നത് ഗുണകരമാകും.

മല്‍സ്യപരിപാലനം എങ്ങനെ വേണം

അലങ്കാരമല്‍സ്യങ്ങളിലെ പ്രധാനികളായ ഗോള്‍ഡ് ഫിഷ്, ഏഞ്ചല്‍, ഗൗരാമി, കോയികാര്‍പ്, ടെട്രാകള്‍, ബാര്‍ബുകള്‍ എന്നിവയെല്ലാം മുട്ടയിടുന്ന ഇനങ്ങളാണെങ്കില്‍ ഗപ്പിയും മോളിയും വാള്‍വാലനും പ്ലാറ്റിയുമെല്ലാം കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. അലങ്കാരമല്‍സ്യക്കൃഷിക്കാര്‍ പലരും ഗപ്പിയെ അവഗണിച്ച് മുന്തിയ ഇനങ്ങളിലേക്കു നോക്കുകയാണു പതിവ്.എന്നാല്‍ ഇപ്പോള്‍ വിദേശയിനം ഗപ്പികളെ ഉള്‍പ്പെടെ വളര്‍ത്തി കപിയുടെ വിപണി സജീവമായിരിക്കുകയാണ്. പതിനായിരങ്ങള്‍ വിലമതിക്കുന്ന ഗപ്പികള്‍ വരെ നമ്മുടെ കൃഷിയിടങ്ങളില്‍ സുലഭമാണ്.

മല്‍സ്യകൃഷിയിലേക്ക് തിരിയാന്‍ തീരുമാനിച്ചാല്‍ പിന്നെ അടുത്തപടി ഏത് വിധത്തില്‍ കൃഷി ചെയ്യണമെന്നതാണ്. ഫൈബര്‍ ടാങ്കുകളിലും ഗ്‌ളാസ് ടാങ്കുകളിലും ടര്‍പ്പായ വിളിച്ചുണ്ടാക്കിയ ചെറിയ കുളങ്ങളിലുമൊക്കെയായി മീനുകളെ വളര്‍ത്താം.കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ് ഫൈബര്‍ ടാങ്കുകളുടെ പ്രധാന മെച്ചം. വൃത്തിയാക്കാന്‍ മാത്രമല്ല, ഫാം എങ്ങോട്ടെങ്കിലും മാറ്റാനും എളുപ്പം. കോണ്‍ക്രീറ്റ് ടാങ്കുകള്‍ ഉപ്പുവെള്ളംകൊണ്ടു വൃത്തിയാക്കുമ്പോള്‍ ക്രമേണ സിമന്റ് അടരുമെന്ന ദോഷമുണ്ട്. ഇതിനെല്ലാം പുറമെ CIFA യുടെ അലങ്കാര മത്സ്യോല്‍പാദന യൂണിറ്റ് ലഭ്യമാണ് അതിലും മല്‍സ്യപരിപാലനം നടത്താവുന്നതാണ്. ഇത്തരം യൂണിറ്റുകള്‍ ജലവും വൈദ്യുതിയും ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണം. അരുവികളുടെയോ മറ്റോ സമീപത്താണെങ്കില്‍ വളരെ നല്ലത്. കാരണം ആവശ്യത്തിനു വെള്ളവും ലഭിക്കും പരിപാലനകേന്ദ്രം തുടര്‍ച്ചയായി കൊണ്ടുപോകാനും സാധിക്കും.സംസ്ഥാനത്തെ ഭൂരിഭാഗം അലങ്കാരമത്സ്യക്കര്‍ഷകരും ഈ മാര്‍ഗമാണ് കൃഷിക്കായി അവലംബിക്കുന്നത്.ഏറ്റവും ആധുനികമായ എയറേഷന്‍, ഫില്‍ട്രേഷന്‍ സംവിധാനങ്ങളാണ് ഫാമില്‍ ഏര്‍പ്പെടുത്തേണ്ടത്.1000 ലീറ്റര്‍ വെള്ളത്തില്‍ ഒരു സമയം 30,000 കുഞ്ഞുങ്ങളെ വളര്‍ത്താം. അതിസാന്ദ്രതാരീതിയില്‍ വളര്‍ത്തുമ്പോഴും മല്‍സ്യവിസര്‍ജ്യങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെടുന്ന അമോണിയ കലര്‍ന്ന ജലം മല്‍സ്യങ്ങള്‍ക്ക് തെല്ലും ദോഷകരമാകാതിരിക്കാന്‍ ഈ ശുദ്ധീകരണ സംവിധാനം സഹായിക്കുന്നു.

അടുത്തതായി ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്.പിണ്ണാക്ക്, തവിട്, ഗോതമ്പുതവിട്, മൃഗങ്ങളില്‍നിന്നുള്ള മത്സ്യാഹാരം, കൊഞ്ചിന്‍തല, എന്നിവയുടെ സ്ഥിരമായ ലഭ്യത മത്സ്യങ്ങള്‍ക്ക് പെല്ലറ്റ് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമാക്കും. മല്‍സ്യകര്ഷകരെ സംബന്ധിച്ചിടത്തോളം മത്സ്യത്തീറ്റ നിര്‍മിക്കുന്നതാണ് ലാഭകരം. സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യക്കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ, പാകംചെയ്‌തോ ആണ് നല്‍കി വരുന്നത്. പിണ്ണാക്ക്, തവിട് മുതലായവ വളരെ നേരം കുതിര്‍ത്തിട്ടുവേണം മത്സ്യക്കുളത്തില്‍ വിതരണം ചെയ്യുവാന്‍.ഇനി കൃത്രിമാഹാരമാണ് നിങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ കൊടുക്കുന്ന ആഹാരം അടുത്ത വിതരണത്തിന് മുന്‍പേതന്നെ മല്‍സ്യങ്ങള്‍ കഴിച്ചിരിക്കണം എന്ന് ഉറപ്പ് വരുത്തുക. കൃത്രിമാഹാരം രാവിലത്തെ സമയം വിതരണം ചെയ്യുക, ആഹാരം ജലോപരിതലത്തില്‍ വിതരാതെ നിശ്ചിത സ്ഥലങ്ങളില്‍ കഴിവതും ഒരു പരന്ന പാത്രത്തില്‍ നിക്ഷേപിക്കുക.ഒരു കിലോഗ്രാം മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് 20 ഗ്രാം തീറ്റ (10 ഗ്രാം പിണ്ണാക്കും 10 ഗ്രാം തവിടും) പ്രതിദിനം കൊടുക്കണം.

ഓരോ വിളവെടുപ്പു കഴിയുമ്പോഴും ഫൈബര്‍ ടാങ്കുകള്‍ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഓരോ ടാങ്കിലും രണ്ടു കിലോ ഉപ്പ് അത് ലയിക്കാന്‍ ആവശ്യമുള്ള വെള്ളത്തില്‍ കലക്കി ടാങ്കിന് ഉള്‍വശത്ത് അടിക്കുന്നു. ശുദ്ധജലത്തില്‍ വളരുന്ന രോഗാണുക്കളൊന്നും ഉപ്പുവെള്ളത്തെ അതിജീവിക്കില്ല എന്നതിനാല്‍ 2–3 ദിവസംകൊണ്ട് ടാങ്കു പൂര്‍ണമായും അണുവിമുക്തമാവും. വീണ്ടും ശുദ്ധജലത്തില്‍ കഴുകി ഉപ്പു നീക്കി വൃത്തിയാക്കിയെടുക്കുന്നു. മികച്ച മാതൃശേഖരം നിലനിര്‍ത്തിക്കൊണ്ടായിരിക്കണം മല്‍സ്യങ്ങളുടെ വില്‍പന. ഉന്നത ഗുണനിലവാരമുളള മാതൃമല്‍സ്യങ്ങള്‍ ഉണ്ടായാല്‍ മാത്രമേ മത്സ്യകൃഷി മുന്നോട്ട് പോകൂ എന്നറിയുക

കേരളത്തില്‍ കൃഷി ചെയ്യുന്ന ഇനങ്ങള്‍

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വര്‍ഗ്ഗം

 • ഗപ്പി (പിയോസിലിയ റെറ്റികുലേറ്റ)
 • മോളി (മെളിനേഷ്യ വര്‍ഗം)
 • സ്വോര്‍ഡ് ടെയില്‍ (സിഫോഫോറസ് വര്‍ഗം)

മുട്ടയിടുന്നവ

 • ഗോള്‍ഡ്ഫിഷ് (കരേഷ്യസ് ഒറാറ്റസ്)
 • കോയ് കാര്‍പ് (സൈപ്രിനസ് കാര്‍പിയോ കോയി വിഭാഗം)
 • സീബ്ര ഡാനിയോ (ബ്രാകിഡാനിയോ റെറിയോ)
 • ബ്ലാക്ക് വിന്‍ഡോ ടെട്ര (സൈമ്‌നോകോസൈമ്പസ് വര്‍ഗം)
 • നിയോണ്‍ടെട്ര (ഹൈഫെസോബ്രൈകോണ്‍ഇനെസി))
 • സെര്‍പെ ടെട്ര (ഹൈഫെസോബ്രൈകോണ്‍കാലിസ്റ്റസ്)

മറ്റുള്ളവ

 • ബബിള്‍സ്‌നെസ്റ്റ് ബില്‍ഡേഴ്‌സ്
 • എയ്ഞ്ചല്‍ഫിഷ് (റ്റെറോഫൈലം സ്‌കലാറെ)
 • റെഡ്‌ലൈന്‍ടോര്‍പിഡോ ഫിഷ് (പുന്റിയസ് ഡെനിസോനി)
 • ലോച്ചസ് (ബോട്ടിയ വര്‍ഗം)
 • ലീഫ്ഫിഷ് (നാന്‍ഡസ് നാന്‍ഡസ്)
 • സ്‌നെയ്ക് ഹെഡ് (ചാന ഓറിയെന്റാലിസ്)
 • ഗപ്പി
 • (പിയോസിലിയ റെറ്റികുലേറ്റ) എയ്ഞ്ചല്‍ഫിഷ് കോമണ്‍
 • കാര്‍പ് ഗോള്‍ഡ്ഫിഷ്
 • ലീഫ്ഫിഷ് ലോച്ചസ് റെഡ്‌ലൈന്‍ടോര്‍പിഡോ
 • റെഡ് വാഗ് പ്ലാറ്റി സ്‌നെയ്ക് ഹെഡ് സ്വോര്‍ഡ് ടെയില്‍
 • സീബ്ര ഡാനിയോ
 • റോസിബാര്‍ബ്‌സ്
 • (പുന്റിയസ് കെങ്കോനിയസ്) ഇന്‍ഡിജെനസ്
 • ഡ്വാര്‍ഫ് ഗൌരാമി

Comments

comments

Categories: FK Special, Slider