എഫ്ഡിഐ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണം: ഇ കൊമേഴ്‌സ് കമ്പനികള്‍

എഫ്ഡിഐ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണം: ഇ കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡെല്‍ഹി: ഇ കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് അനുവദിച്ചിരിക്കുന്ന തിയതി നീട്ടി നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്‌സ് കമ്പനികളാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇ കൊമേഴ്‌സ് എഫ്ഡിഐയിലെ മാറ്റങ്ങള്‍ ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. ബിസിനസ് മോഡലുകള്‍ പുനര്‍നിര്‍മിച്ച് വരുന്നതിനാലാണ് കൂടുതല്‍ സമയം കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ വ്യവസ്ഥകള്‍ വിശദമായി പഠിക്കാന്‍ കമ്പനികള്‍ക്ക് സമയം വേണമെന്നും കൂടാതെ വലിയ പ്രവര്‍ത്തന മാറ്റം വേണ്ടിവന്നേക്കുമെന്നുമാണ് വിലയിരുത്തല്‍.

ഒരു കമ്പനിയുടെ പുതിയതായി പുറത്തിറക്കിയ ഉല്‍പന്നം ഏതെങ്കിലും ഒരു ഇകൊമേഴ്‌സ് സൈറ്റില്‍ മാത്രമായി വില്‍പന (എക്‌സ്‌ക്ലൂസിവ് സെയില്‍) നടത്താന്‍ പാടില്ല. ഇകൊമേഴ്‌സ് കമ്പനികള്‍ ഇനിമുതല്‍ വളരെ വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ പാടില്ല.

ഇതുകൂടാതെ, ഇകൊമേഴ്‌സ് സൈറ്റുകള്‍ ഏതെങ്കിലും ഒരു ഉല്പാദകന്റെ 25 ശതമാനത്തിലധികം പ്രൊഡക്ടുകള്‍ വാങ്ങാനും പാടില്ല. ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉല്‍പന്നങ്ങള്‍ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വില്‍പന നടത്താന്‍ പാടില്ലെന്നതടക്കമാണ് പുതിയ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍ ഇകോമേഴ്‌സ് കമ്പനികളുടെ സ്വകാര്യ ലേബലുകള്‍ ഇനി അവര്‍ക്ക് തന്നെ വില്‍ക്കാന്‍ കഴിയില്ലെന്നര്‍ത്ഥം.

രാജ്യത്ത് നിലവിലുള്ള മാര്‍ക്കറ്റ്‌പ്ലെയ്‌സ് മോഡലില്‍ 100 ശതമാനം എഫ്ഡിഐ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബിസിനസ് ടു കണ്‍സ്യൂമര്‍ വ്യാപാരം നടത്തിയാല്‍ ഇത് ഇന്‍വെന്ററി മോഡല്‍ ആയി മാറും. ഇതില്‍ മേല്‍പറഞ്ഞ 100 ശതമാനം എഫ്ഡിഐ അനുവദനീയമല്ല. എല്ലാ പ്രമുഖ കമ്പനികള്‍ക്കും പ്രൈവറ്റ് ലേബല്‍ ഉല്‍പന്നങ്ങള്‍ ഉണ്ട്. ആമസോണിന്റെ ആമസോണ്‍ ബേസിക്‌സ്, ഫ്‌ലിപ്കാര്‍ട്ടിന്റെ പെര്‍ഫെക്ട് ഹോംസ്, മാര്‍ക്യൂ തുടങ്ങിയവ പ്രൈവറ്റ് ലേബലുകളാണ്.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രൈവറ്റ് ലേബലുകളുടെ മാര്‍ക്കറ്റ് വിഹിതം വെറും ആറ് ശതമാനം മാത്രമാണ്. എന്നിരുന്നാലും, ഇകോമേഴ്‌സ് കമ്പനികള്‍ക്ക് വിലയിലും ഉല്‍പ്പന്നങ്ങളുടെ ലഭ്യതയിലും ഉള്ള വിടവ് നികത്താനും മറ്റ് കമ്പനികളേക്കാളും ഉയര്‍ന്ന മാര്‍ജിന്‍ നേടാനും പ്രൈവറ്റ് ലേബലുകള്‍ സഹായിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: e- commerce, FDI