ബറോഡ, ദേനാ, വിജയ ബാങ്കുകളുടെ ലയനത്തിന് അംഗീകാരം

ബറോഡ, ദേനാ, വിജയ ബാങ്കുകളുടെ ലയനത്തിന് അംഗീകാരം

ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായി മാറും

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, വിജയ, ദേനാ ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായി മാറും. ഏപ്രില്‍ ഒന്നുമുതല്‍ ലയനം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ലയനം നടപ്പാക്കുന്നതോടെ ജീവനക്കാരുടെ എണ്ണത്തില്‍ യാതൊരുവിധത്തിലും കുറവുവരില്ല. വിജയ ബാങ്കിലെയും ദേനാ ബാങ്കിലെയും ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയിലേക്ക് മാറ്റുമെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. സേവന-വേതന വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ല. മൂന്നു ബാങ്കുകളുടെയും ഡയറക്റ്റര്‍ ബോര്‍ഡുകളുടെ അനുമതിയും ലയനത്തിനുണ്ട്.

ലയനത്തിന്റെ ഭാഗമായുള്ള ഓഹരി കൈമാറ്റത്തിന്റെ അനുപാതം ബാങ്ക് ഒഫ് ബറോഡ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബറോഡ ബാങ്കിന്റെ 110 ഇക്വിറ്റി ഓഹരികള്‍ തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ലഭിക്കുമെന്ന് ദേനാ ബാങ്ക് റെഗുലേറ്ററി രേഖയില്‍ വ്യക്തമാക്കി. ഓരോ ആയിരം ഓഹരികള്‍ക്കും രണ്ട് രൂപയാണ് മുഖ വില നിശ്ചയിച്ചിട്ടുള്ളത്. വിജയ ബാങ്കിന്റെ ഓഹരി ഉടമകള്‍ക്ക് 402 ഇക്വിറ്റി ഓഹരികളാണ് ബാങ്ക് ഓഫ് ബറോഡ കൈമാറുക.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദേനാ, വിജയ, ബറോഡ ബാങ്കുകളുടെ ലയനം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ‘ഓള്‍ട്ടര്‍നേറ്റീവ് മെക്കനിസം’ പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ഓള്‍ട്ടര്‍നേറ്റീവ് മെക്കനിസത്തിലെ മറ്റ് അംഗങ്ങള്‍. ആഗോള തലത്തില്‍ കിടപിടിക്കുന്ന ശക്തവും സുസ്ഥിരവുമായ ഒരു ബാങ്ക് സൃഷ്ടിക്കാനാണ് ഈ ലയനത്തിലൂടെ സര്‍ക്കാര്‍ ക്ഷ്യമിടുന്നത്.

നിലവില്‍ 21 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്. ഇവയ്ക്ക് മൂലധന സഹായമായി വന്‍തുക നല്‍കേണ്ടുന്ന ബാധ്യതയും കേന്ദ്ര സര്‍ക്കാരിനുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറച്ചുകൊണ്ട് വിശാലമായ ഒരു ബാങ്കിംഗ് സംവിധാനം ഉണ്ടാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

ലയനം പൂര്‍ത്തിയാകുന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിനെയും ഐസിഐസി ബാങ്കിനെയും പിന്തള്ളി മൂന്നാമത്തെ വലിയ ഇന്ത്യന്‍ ബാങ്ക് സൃഷ്ടിക്കപ്പെടും. പുതിയ ബാങ്കിന് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യമുണ്ടാകും. ആസ്തിയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയായിരിക്കും രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്. രണ്ടാമത്തെ വലിയ ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് മോദി സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയിലെ ഏകീകരണത്തിന് തുടക്കമിട്ടത്. എസ്ബിഐ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നാണ്.

…………………………………………………………………………………………….

ആസ്തിയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയായിരിക്കും രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്. രണ്ടാമത്തെ വലിയ ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് മോദി സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയിലെ ഏകീകരണത്തിന് തുടക്കമിട്ടത്‌

Comments

comments

Categories: Banking
Tags: Bank Merger