റോയല്‍ എന്‍ഫീല്‍ഡിന്റെ സ്‌ക്രാംബ്ലര്‍ മോഡലുകള്‍ വരുന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ സ്‌ക്രാംബ്ലര്‍ മോഡലുകള്‍ വരുന്നു

ബുള്ളറ്റ് 350 ട്രയല്‍സ്, ബുള്ളറ്റ് 500 ട്രയല്‍സ് ഈ വര്‍ഷം പകുതിക്കുമുന്നേ വിപണിയിലെത്തിക്കും

ന്യൂഡെല്‍ഹി : സ്‌ക്രാംബ്ലര്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളുകളുടെ സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ വേര്‍ഷനുകളാണ് വരുന്നത്. 2019 ആദ്യ പകുതിയില്‍ ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 ബൈക്കുകള്‍ വിപണിയിലെത്തിക്കും. ട്രയല്‍സ് എഡിഷന്‍ ബൈക്കുകള്‍ക്ക് സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും. എന്നാല്‍ ലിമിറ്റഡ് എഡിഷന്‍ ആയിരിക്കുമോയെന്ന് വ്യക്തമല്ല. ആഗോളതലത്തില്‍ സ്‌ക്രാംബ്ലര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ജനപ്രീതി തിരിച്ചറിഞ്ഞാണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ സാധ്യതകള്‍ തേടുന്നത്. 650 സിസി സ്‌ക്രാംബ്ലര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.

അപ്‌സ്വെപ്റ്റ് എക്‌സോസ്റ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ഫെന്‍ഡര്‍, നോബ്‌ലി ടയറുകള്‍, സിംഗിള്‍ സീറ്റ്, പില്യണ്‍ സീറ്റിന് പകരം ലഗേജ് റാക്ക് തുടങ്ങിയവയാണ് സ്‌ക്രാംബ്ലര്‍ വേര്‍ഷനായി ബുള്ളറ്റ് 350, ബുള്ളറ്റ് 500 ബൈക്കുകളില്‍ വരുത്തിയിരിക്കുന്ന മാറ്റം. ഫെന്‍ഡറുകള്‍ക്ക് നീളം കുറവാണ്. ബുള്ളറ്റ് ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന്റെ ഫ്രെയിം ചുവന്ന നിറത്തിലാണെങ്കില്‍ ബുള്ളറ്റ് ട്രയല്‍സ് 500 മോഡലിന്റെ ഷാസി പച്ച നിറത്തിലുള്ളതാണ്. ഫ്രണ്ട് സസ്‌പെന്‍ഷന് ഫോര്‍ക്ക് ഗെയ്റ്ററുകള്‍, ഹെഡ്‌ലാംപിന് കറുത്ത നിറത്തിലുള്ള ബെസല്‍ എന്നിവ നല്‍കിയിരിക്കുന്നു. ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 മോട്ടോര്‍സൈക്കിളുകള്‍ക്ക് യഥാക്രമം 346 സിസി, 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുകള്‍ കരുത്തേകുമെന്ന് പ്രതീക്ഷിക്കാം. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കും.

അന്തര്‍ദേശീയ തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ട്രയല്‍സ് എഡിഷന്‍ വിറ്റിരുന്നു. 2009 ല്‍ യുകെയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 500 അടിസ്ഥാനമാക്കിയാണ് ട്രയല്‍സ് എഡിഷന്‍ പുറത്തിറക്കിയത്. സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്കായി കസ്റ്റം കിറ്റുകള്‍ ലഭ്യമാണ്. സ്‌ക്രാംബ്ലര്‍ സ്‌റ്റൈലിലുള്ള ഒറിജിനല്‍ റോയല്‍ എന്‍ഫീല്‍ഡ് ട്രയല്‍സ് ബൈക്കുകള്‍ 1940 കളിലും 50 കളിലുമാണ് വിറ്റിരുന്നത്. നിരവധി ചാംപ്യന്‍ഷിപ്പുകള്‍ ജയിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് 350 ട്രയല്‍സ് ബൈക്കിന് സാധിച്ചിരുന്നു.

Comments

comments

Categories: Auto