ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കണമെന്ന് സുപ്രീംകോടതി

ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ എത്രയും പെട്ടന്ന് പുറത്തെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ‘രക്ഷാപ്രവര്‍ത്തനത്തില്‍ തൃപതരല്ല. അവര്‍ മരിച്ചു എന്നതല്ല, ജീവനോടെയുള്ളവരുണ്ടെങ്കില്‍ അവരെ രക്ഷിക്കുകയാണ് വേണ്ടത്. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

15 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിട്ട് ഏകദേശം മൂന്നാഴ്ച പിന്നിടുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദേശീയ ദുരന്തനിവാരണ സേന (എന്‍ ഡി ആര്‍ എഫ്)യിലെ മുങ്ങല്‍ വിദഗ്ധര്‍ ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചിരുന്നു. മൃതശരീരം അഴുകിയതിന്റെ ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്ന് മുങ്ങല്‍ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വേണ്ടത്ര ശേഷിയുള്ള പമ്പുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് നേരത്തെ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഖനി അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുങ്ങല്‍ വിദഗ്ധര്‍ക്ക് കടന്നുചെല്ലാന്‍ പാകത്തില്‍ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനകം 20 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കാനായിട്ടില്ല. 320 അടി ആഴമുള്ള മുഖ്യ തുരങ്കത്തില്‍ 70 അടിയോളമാണ് ജലനിരപ്പ്.

കഴിഞ്ഞ മാസം 13നാണ് സംഭവം നടക്കുന്നത്. ഖനിയുടെ സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.

കിഴക്കന്‍ ജയന്തിയ ഹില്‍സിലുള്ള ഈ കല്‍ക്കരി ഖനി അനധികൃതമാണ്. 2004ല്‍ ഈ ഖനിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

അതേസമയം, ഖനിയെ കുറിച്ചുള്ള യഥാര്‍ഥ ചിത്രം പോലും രക്ഷാപ്രവര്‍ത്തകരുടെ കൈയിലില്ല. ഇതുവരെ അകത്തെത്താനും കഴിഞ്ഞിട്ടില്ല. ബേസ് ഏരിയയുടെ വ്യാപ്തി, ഖനിയില്‍ എത്ര ടണലുകളുണ്ട്, അവയുടെ ആഴമെത്ര എന്നിങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയാണ്.

Comments

comments

Categories: Current Affairs, Slider