കശ്മീരിലെ ആദ്യ സൗരോര്‍ജ പദ്ധതിക്ക് ടെണ്ടര്‍

കശ്മീരിലെ ആദ്യ സൗരോര്‍ജ പദ്ധതിക്ക് ടെണ്ടര്‍

കാര്‍ഗില്‍ നഗരത്തിലും ലേഹ് ജില്ലയിലും 2.5 ജിഗാവാട്ട് ഉള്‍ക്കൊള്ളുന്ന മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി വികസിപ്പിക്കുക.

ന്യൂഡെല്‍ഹി: ജമ്മു കാശ്മീരില്‍ 7.5 ജിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെണ്ടര്‍ പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് വെബ്‌സൈറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കില്‍ 23 ജിഗാവാട്ടിന്റെ സൗരോര്‍ജ ശേഷി സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം. 2.5 ജിഗാവാട്ട് ഉള്‍ക്കൊള്ളുന്ന മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി വികസിപ്പിക്കുക. കാര്‍ഗില്‍ നഗരത്തിലും ലേഹ് ജില്ലയുടെ ഭാഗങ്ങളിലുമായാണ് ഇത് സ്ഥാപിക്കുക.

പ്രസരണ ശൃംഖലകള്‍ ഉള്‍പ്പടെ നിര്‍മിച്ചുകൊണ്ടാണ് സോളാര്‍ പവര്‍ ഡെവലപ്പര്‍മാര്‍ പദ്ധതി വികസിപ്പിക്കേണ്ടത്. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പദ്ധതിയുടെ ഡെവലപ്പര്‍മാരുമായി 35 വര്‍ഷക്കാലത്തേക്കുള്ള ഒരു പര്‍ച്ചേസ് കരാറില്‍ ഒപ്പുവെക്കും. പദ്ധതി നടപ്പില്‍ വരുത്താന്‍ 54 മാസക്കാലമാണ് ഇവര്‍ക്ക് സമയം അനുവദിക്കുക. 2022 ഓടെ രാജ്യത്ത് 100 ജിഗാവാട്ട് സൗരോര്‍ജ ശേഷി സ്ഥാപിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി. ഒപ്പം ഭീകരരുടെ സ്വാധീനമുള്ള സംസ്ഥാനമെന്ന പ്രതിച്ഛായ മാറ്റി നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു.

Comments

comments

Categories: FK News