ജിഎസ്ടി വരുമാനം വീണ്ടും ഇടിഞ്ഞ് 94,726 കോടി രൂപയില്‍

ജിഎസ്ടി വരുമാനം വീണ്ടും ഇടിഞ്ഞ് 94,726 കോടി രൂപയില്‍

23 ഉല്‍പ്പന്നങ്ങളുടെ നിരക്കിളവ് ജനുവരിയില്‍ നിലവില്‍ വന്നത് ഫെബ്രുവരിയിലെ സമാഹരണത്തെ ബാധിക്കും

ന്യൂഡെല്‍ഹി: ചരക്കുസേവന നികുതി( ജിഎസ്ടി) സമാഹരണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവ്. നവംബറിലെ നികുതിയായി ഡിസംബറില്‍ സമാഹരിച്ചത് 94,726 കോടി രൂപയാണെന്ന് പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഒക്‌റ്റോബറിലെ ജിഎസ്ടി വരുമാനമായി നവംബറില്‍ കളക്റ്റ് ചെയ്തത് 97,637 കോടി രൂപയായിരുന്നു. ഇതിനു മുന്‍പുള്ള മാസം ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു. ജിഎസ്ടിയിലെ നികുതി വരുമാനം കൂടുതല്‍ സ്ഥിരതയാര്‍ജിക്കുകയാണെന്ന നിഗമനത്തെ തള്ളിക്കളയുന്നതാണ് പുതിയ കണക്കുകള്‍
ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജിഎസ്ടി വരുമാനത്തില്‍ പ്രകടമായ കുറവ് കേന്ദ്രസര്‍ക്കാരിന് ആശങ്കയിലാക്കുന്നതാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശരാശരി പ്രതിമാസ ജിഎസ്ടി കളക്ഷന്‍ 97,039 കോടി രൂപയാണ്. ഡിസംബറിലെ ജിഎസ്ടി സമാഹരണം അതിനും താഴേക്കെത്തിയതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ജിഎസ്ടി സമാഹരണ ലക്ഷ്യം സാധ്യമാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

സംസ്ഥാന ജിഎസ്ടിയില്‍ ഉണ്ടാകുന്ന നഷ്ടത്തിന് നിയമ പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും കേന്ദ്ര ജിഎസ്ടിയില്‍ നിന്നുള്ള വിഹിതം കുറയുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെയുംല ബാധിക്കും. ജിഎസ്ടി നടപ്പാക്കിയ മുന്‍ സാമ്പത്തിക വര്‍ഷത്തെ ശരാശരി പ്രതിമാസ കളക്ഷനെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ നടപ്പു സാമ്പത്തിക വര്‍ഷം ആയിട്ടുണ്ടെന്നാണ് പിഡബ്ല്യുസി ഇന്ത്യയിലെ പരോക്ഷ നികുതി വിഭാഗം മേധാവിയും പാര്‍ട്ണറുമായ പ്രതീക് ജയ്ന്‍ പറയുന്നത്. ആദായ നികുതിയിലും വര്‍ധനയുണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ കുറച്ചു കൂടി യുക്തി സഹമായി നികുതി സമാഹരണ ലക്ഷ്യം നിശ്ചയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബജറ്റിലെ നിഗമന പ്രകാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ട പ്രതിമാസ ജിഎസ്ടി വിഹിതം(സെസ് ഒഴികെ) 54,000കോടി രൂപയ്ക്ക് മേലെയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ കേന്ദ്രത്തിന്റെ ശരാശരി പ്രതിമാസ ജിഎസ്ടി വരുമാനം 39,094 കോടി രൂപ മാത്രമാണ്. ഡിസംബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 23 ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ജനുവരി മുതലാണ് നിലവില്‍ വന്നിട്ടുള്ളത്. ഫെബ്രുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ ഇത് പ്രതിഫലിക്കുന്നതോടെ നികുതി വരുമാനത്തില്‍ വീണ്ടും ഇടിവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ നികുതി സംവിധാനത്തിന്റെ അവതരണത്തിനു ശേഷം 2018 മാര്‍ച്ചിലെയും സെപ്റ്റംബറിലെയും ജിഎസ്ടിയാണ് ഇതുവരെ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കടന്നിട്ടുള്ളത. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

97,637 കോടി രൂപ കളക്റ്റ് ചെയ്തതില്‍, കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) 16,442 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി സമാഹരണനം(എസ്ജിഎസ്ടി) 22,459 കോടി രൂപ. സംയോജിത ജിഎസ്ടി(ഐജിഎസ്ടി) 47,936 കോടി രൂപയാണ്( കയറ്റുമതിയില്‍ നിന്നും സമാഹരിച്ച 23,635 കോടി ഉള്‍പ്പടെ). സെസ് 7,888 കോടി രൂപയാണ് (838 കോടി രൂപ കയറ്റുമതിയില്‍ നിന്ന്) രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനങ്ങളുടെ പങ്കുവെക്കലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം ജിഎസ്ടി വരുമാനം 43,851 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് മൊത്തമായി ലഭിക്കുന്ന ജിഎസ്ടി വരുമാനം 46,252 കോടി രൂപയുമാണ്.

Comments

comments

Categories: Business & Economy
Tags: GST