ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്ന് ഹീറോ മോട്ടോകോര്‍പ്പ്

ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്ന് ഹീറോ മോട്ടോകോര്‍പ്പ്

28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി നിരക്ക് കുറയ്ക്കണമെന്നാണ് ആവശ്യം

ന്യൂഡെല്‍ഹി: ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ഹീറോ മോട്ടോകോര്‍പ്പ്. നിലവിലെ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ചരക്ക് സേവന നികുതി നിരക്ക് കുറയ്ക്കണമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് ദശലക്ഷക്കണക്കിന് ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് കമ്പനി പ്രസ്താവിച്ചു.

സാധാരണക്കാരുടെ അടിസ്ഥാന ഗതാഗത സൗകര്യങ്ങളാണ് ഇരുചക്ര വാഹനങ്ങളെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാല്‍ പറഞ്ഞു. ‘ആഡംബര വസ്തുക്കളുടെ’ നിരക്കായ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ജിഎസ്ടി നിരക്ക് അടിയന്തരമായി കുറയ്ക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വില പിന്നെയും വര്‍ധിക്കുമെന്ന് പവന്‍ മുഞ്ജാല്‍ ചൂണ്ടിക്കാട്ടി. വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു 2018 എന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പറഞ്ഞു.

2018 കലണ്ടര്‍ വര്‍ഷത്തില്‍ എണ്‍പത് ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ ഹീറോ മോട്ടോകോര്‍പ്പിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍, 2018 ല്‍ 80,39,472 യൂണിറ്റ് ബൈക്കുകളും സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോകോര്‍പ്പ് വിറ്റത്. 2017 നേക്കാള്‍ 11 ശതമാനം വളര്‍ച്ച.

Comments

comments

Categories: Auto
Tags: GST