ഗൂഗിളിന് യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു

ഗൂഗിളിന് യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു

ഉയര്‍ന്ന ഊര്‍ജ തലമുള്ള സ്‌പെക്ട്രം ബാന്‍ഡില്‍ സോളി സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ നിലവിലുള്ള മറ്റ് ടെക്‌നോളജികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫേസ്ബുക്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്കുശേഷം ഗൂഗിള്‍ ആവശ്യപ്പെട്ട നിലയേക്കാള്‍ കുറഞ്ഞ ഊര്‍ജ നിലയില്‍ പ്രവര്‍ത്തനം അനുവദിക്കാന്‍ ഗൂഗിളും ഫേസ്ബുക്കും സംയുക്തമായി എഫ്‌സിസിയോട് ആവശ്യപ്പെടുകയായിരുന്നു.

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കിന്റെ റഡാര്‍ അധിഷ്ഠിത മോഷന്‍ സെന്‍സിംഗ് ഡിവൈസ് പദ്ധതിയായ പ്രോജക്റ്റ് സോളി നടപ്പിലാക്കാന്‍ യുഎസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍(എഫ്‌സിസി) അനുവാദം നല്‍കി. ഇപ്പോള്‍ നിലവില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന ഊര്‍ജ നിലയില്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാനും അനുവദിച്ചിട്ടുണ്ട്. രാജ്യാന്തര എയര്‍ക്രാഫ്റ്റുകളുടെ പ്രവര്‍ത്തനത്തിനുവേണ്ടിയും ഈ സോളി സെന്‍സറുകളെ ഉപയോഗിക്കാവുന്നതാണ്.

യൂറോപ്യന്‍ ടെലികമ്യൂണിക്കേഷന്‍ സ്റ്റാന്റേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ചട്ടങ്ങള്‍ക്ക് വിധേയമായ ഊര്‍ജ നിലയില്‍ 57-64 ജിഗാ ഹെട്‌സ് ഫ്രീക്വന്‍സിയില്‍ ഹ്രസ്വ ദൂരത്തിലുള്ള ഇന്റെറാക്റ്റീവ് മോഷന്‍ സെന്‍സിസ് സോളി റഡാര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗൂഗിള്‍ എഫ്‌സിസിയോട് ആവശ്യപ്പെട്ടിരുന്നത്. ഉയര്‍ന്ന ഊര്‍ജ തലമുള്ള സ്‌പെക്ട്രം ബാന്‍ഡില്‍ സോളി സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ നിലവിലുള്ള മറ്റ് ടെക്‌നോളജികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫേസ്ബുക്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ഗൂഗിള്‍ ആവശ്യപ്പെട്ട നിലയേക്കാള്‍ കുറഞ്ഞ ഊര്‍ജ നിലയില്‍ പ്രവര്‍ത്തനം അനുവദിക്കാന്‍ ഗൂഗിളും ഫേസ്ബുക്കും സംയുക്തമായി എഫ്‌സിസിയോട് ആവശ്യപ്പെടുകയായിരുന്നു.

പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സ്പര്‍ശനം ഇല്ലാതെ തന്നെ കൈയുടെ ചലനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഉപയോഗിക്കുന്ന ഇന്നൊവേറ്റീവ് ഡിവൈസ് കണ്‍ട്രോള്‍ ഫീച്ചറിന് അനുവാദം നല്‍കിയതെന്ന് എഫ്‌സിസി വ്യക്തമാക്കി. ത്രിമാന സ്ഥലത്തെ ചലനങ്ങളെ പിടിച്ചെടുത്ത് മനസിലാക്കാന്‍ സോളി സെന്‍സറുകള്‍ കഴിയും. ഒരു റഡാര്‍ ബീമാണ് സ്പര്‍ശനം ഇല്ലാതെ തന്നെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്കും ഗതാഗതമേഖലയിലും ഈ സേവനം വളരെ ഉപയോഗപ്രദമാണെന്ന് എഫ്‌സിസി അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കളുടെ തള്ളവിരലിനും ചൂണ്ടുവിരലിനു ഇടയിലുളള ഒരു അദ്യശ്യ ബട്ടണ്‍, അല്ലെങ്കില്‍ ഒരു സാങ്കല്‍പ്പിക ഡയല്‍ പ്രസ് ചെയ്യാന്‍ അനുവദിച്ചുകൊണ്ടാണ് സെന്‍സര്‍ ആശയവിനിമയം സാധ്യമാക്കുന്നത്. തള്ളവിരലും ചൂണ്ടുവിരലും തമ്മില്‍ ഉരസിയാണ് ഈ ബട്ടണ്‍ ചലിക്കുന്നത്. ഈ നിയന്ത്രണസേവനങ്ങളെല്ലാം സാങ്കല്‍പികമാണെങ്കിലും ആശയവിനിമയം ഭൗതികതലത്തില്‍ അനുഭവപ്പെടുന്നതും ഉത്തരവാദിത്തപൂര്‍വകവുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഫോണ്‍, കംപ്യൂട്ടര്‍, വാഹനങ്ങള്‍, ധരിക്കാവുന്ന ഉപകരണങ്ങള്‍ എന്നിവയില്‍ ഘടിപ്പിച്ചുകൊണ്ട് സോളി സെന്‍സറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

Comments

comments

Categories: Tech
Tags: Google