എക്‌സ്‌പോ 2020 യുകെ ബിസിനസുകള്‍ക്ക് വമ്പന്‍ അവസരമെന്ന് സൈമണ്‍ പെന്നി

എക്‌സ്‌പോ 2020 യുകെ ബിസിനസുകള്‍ക്ക് വമ്പന്‍ അവസരമെന്ന് സൈമണ്‍ പെന്നി

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം പൂര്‍ണമാകുന്ന സമയത്തുതന്നെയാണ് എക്‌സ്‌പോ 2020 പരിപാടിയും നടക്കുന്നത്

ദുബായ്: യുകെയിലെ ബിസിനസുകള്‍ക്ക് എക്‌സ്‌പോ 2020 ഒരുക്കുന്നത് വലിയ അവസരങ്ങളാണെന്ന് ബ്രിട്ടന്റെ ട്രേഡ് കമ്മീഷണറായ സൈമണ്‍ പെന്നി. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ബ്രിട്ടന്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദുബായില്‍ നടക്കുന്ന മെഗാ പരിപാടിയായ എക്‌സ്‌പോ 2020 ബ്രിട്ടന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

യുകെയുടെ പ്രൊഫൈല്‍ ഉയര്‍ത്തുന്നതില്‍ ഈ ആഗോള റീട്ടെയ്ല്‍ മാമാങ്കം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും പെന്നി പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഹൈടെക് പവിലിയനാണ് യുകെ എക്‌സ്‌പോ 2020ക്കായി ഒരുക്കിയിരിക്കുന്നത്.

ടെക്‌നോളജിയിലെ ഏറ്റവും അത്യാധുനിക സങ്കേതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് അഥവാ കൃത്രിമ ബുദ്ധിയില്‍ കേന്ദ്രീകൃതമാണ് എക്‌സ്‌പോയിലെ ബ്രിട്ടന്റെ തീം. യുഎഇയും ഈ മേഖലയില്‍ വ്യാപകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കാര്യവും പെന്നി പരാമര്‍ശിച്ചു.

എക്‌സ്‌പോ 2020യിലൂടെ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് അതിന്റെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എക്‌സ്‌പോ 2020ക്ക് വേണ്ടിയുള്ള ഡിസൈന്‍, നിര്‍മാണം, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് വലിയ അവസരമാണ് ലഭിക്കുന്നതെന്ന് പെന്നി പറഞ്ഞു.

യുകെയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ സമയമാണ് 2020 ഒക്‌റ്റോബര്‍. എക്‌സ്‌പോ നടക്കുന്നതാകട്ടെ 2020 ഒക്‌റ്റോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഞങ്ങള്‍ ഔദ്യോഗികമായി വേര്‍പിരിയുന്ന സമയം കൂടിയാണിത്-പെന്നി പറഞ്ഞു.

Comments

comments

Categories: Arabia
Tags: EXPO 2020