ചെന്നൈ പെട്രോളിയത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറില്ല

ചെന്നൈ പെട്രോളിയത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറില്ല

ന്യൂഡെല്‍ഹി: യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ പെട്രോളിയം റിഫൈനറിയില്‍ നിക്ഷേപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകുമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) റിഫൈനറി വിപുലീകരണ പദ്ധതിയില്‍ ഇറാന്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്ന് ഐഒസി ചെയര്‍മാന്‍ സഞ്ജീവ് സിംഗ് സൂചിപ്പിച്ചു. പ്രതിദിനം 20,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ചെന്നൈ പെട്രോളിയം കോര്‍പ് ലിമിറ്റഡിന്റെ വിപുലീകരണം ഐഒസിയുടെ പ്രധാന പദ്ധതികളിലൊന്നാണ്. യുഎസിന്റെ ഉപരോധത്തെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ഇറാനില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിക്കുറച്ച സാഹചര്യത്തിലാണ് നിക്ഷേപം അനിശ്ചിതത്വത്തിലായിരുന്നത്. ഡോളറിനു പകരം രൂപയില്‍ എണ്ണയിടപാട് നടത്താന്‍ ഇറാനിലെ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ഇന്ത്യ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇതോടെ കുടിശ്ശിക തുകയായ 1.5 ബില്യണ്‍ ഡോളര്‍ നേരിട്ട് ഇന്ത്യന്‍ രൂപ വഴി എന്‍ഐഒസിക്ക് നല്‍കാനാകും. തമിഴ്‌നാട്ടിലെ പ്രതിദിനം 20,000 ബാരല്‍ ശുദ്ധീകരണ ശേഷിയുള്ള നാഗപട്ടണം റിഫൈനറിക്കു പകരം പ്രതിദിനം 180,000 ബാരല്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റായി വിപുലീകരിക്കാനും ഇതിനായി 356.98 ബില്യണ്‍ രൂപ നിക്ഷേപം നടത്താനുമാണ് ചെന്നൈ പെട്രോളിയം കമ്പനിയുടെ പദ്ധതി.

Comments

comments

Categories: FK News, Slider
Tags: Petroleum