ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയോട് ഒരു അഡാര്‍ ലവ്!

ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിയോട് ഒരു അഡാര്‍ ലവ്!

നമ്മള്‍ കണ്ടെത്താത്ത അനന്ത സാധ്യതകള്‍ എപ്പോഴും വിപണിയില്‍ ഉണ്ട്. കണ്ടെത്തുക എന്നതാണ് ഓരോ ഉല്‍പ്പാദകന്റെയും സേവന ദാതാവിന്റേയും കടമ. ഇതില്‍ ആര് വിജയിക്കുന്നുവോ അവര്‍ തന്നെ ഈ മേഖലയിലെ രാജാവ്. അവരവരുടെ ഉല്‍പ്പന്നത്തിന,് ഉപഭോക്താവിന് പോലും അറിയാത്ത വിധത്തില്‍ ഏതെങ്കിലും പ്രത്യേകത ഉണ്ടോ എന്നും ആ പ്രത്യേകത ഉപഭോക്താവിന്റെ ജീവിതം മാറ്റിമറിക്കാന്‍ തക്ക കഴിവുള്ളതാണോ എന്ന് കണ്ടുപിടിക്കേണ്ടത് സംരംഭകനെ സംബന്ധിച്ച് ഏറെ അത്യാവശ്യമാണ്

നമുക്ക് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ച ഇടത്തുനിന്നു തന്നെ തുടങ്ങാം. പ്രതീക്ഷിച്ച പോലെ തന്നെ ബ്ലൂ ഓഷ്യനോട് പലര്‍ക്കും കടുത്ത ആരാധന! കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാം എന്ന്. അതില്‍ അതിശയം ഒന്നും ഇല്ല. എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് ആരാണ് വ്യാപാരത്തില്‍ എതിരാളി എന്ന് ചോദിച്ചാല്‍ ഒട്ടു മിക്ക പേരും പറയുക ‘ഞങ്ങള്‍ക്ക് അങ്ങനെ എതിരാളികള്‍ ഒന്നും ഇല്ല കല്യാണ്‍ജി’ എന്നാണ്. അപ്പോള്‍ പിന്നെ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാല്‍ പറയുക ഇതേ മേഖലയില്‍ മറ്റുള്ളവര്‍ പറയുന്നത് തന്നെ. ഒരു പക്ഷെ, ആത്മവിശ്വാസം കുറച്ചു കൂടുതല്‍ ഉള്ളത് കൊണ്ടായിരിക്കാം ഇങ്ങനെ ഉത്തരം ലഭിക്കുന്നത്. പറഞ്ഞു വരുന്നത് അവരവരുടെ ഉല്‍പ്പന്നത്തിന,് ഉപഭോക്താവിന് പോലും അറിയാത്ത വിധത്തില്‍ ഏതെങ്കിലും പ്രത്യേകത ഉണ്ടോ അല്ലെങ്കില്‍ ആ പ്രത്യേകത ഉപഭോക്താവിന്റെ ജീവിതം മാറ്റിമറിക്കാന്‍ തക്ക കഴിവുള്ളതാണോ എന്ന് കണ്ടുപിടിക്കുക എന്നതാണ്. അല്ലാതെ ആയിരത്തില്‍ ഒരുവന്‍ ആയി ജീവിക്കാന്‍ വേണ്ടി പട വെട്ടുകയല്ല എന്ന് സാരം.

ഉപഭോക്താവിനോട് എല്ലാ ആദരവും പുലര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അവര്‍ക്ക് അറിയില്ല എന്ത് ചെയ്താല്‍ ആണ് അവരുടെ ജീവിതം സുഗമം ആകുക എന്ന്. അവര്‍ക്ക് വേണ്ടത് എന്താണ് എന്ന് കണ്ടെത്തി അത് അവരെ പറഞ്ഞു മനസ്സിലാക്കി അതിന്റെ ഗുണഫലങ്ങള്‍ അവരെ കാണിച്ചു കൊടുക്കുന്നവര്‍ ആരോ അവരാണ് വിപണിയിലെ ജേതാക്കള്‍. അതിനു ശേഷം വരുന്നവര്‍ വെറും പിന്‍ഗാമികള്‍ മാത്രം. ഈ തത്വത്തില്‍ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തി എടുത്തതാണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി. ചാന്‍ കിം, റെനി മൗബോണ്‍ എന്നിവര്‍ ചേര്‍ന്ന് പത്തു വര്‍ഷത്തോളം 30 വ്യത്യസ്തമേഖലകളില്‍ 150 ഓളം തന്ത്രങ്ങളുടെ വിശകലനം നടത്തി രൂപപ്പെടുത്തി എടുത്തത് കൊണ്ടുതന്നെ ഇതിന്റെ പ്രസക്തി അനിര്‍വചനീയമാണ്.

ഇനി നമുക്ക് ഒരു ഉദാഹരണത്തിലൂടെ കാര്യങ്ങളിലേക്ക് കടക്കാം. ടാറ്റ നാനോ… എല്ലാവര്‍ക്കും അറിയാം ഈ കാറിനെ കുറിച്ച്. ഇത് ഒരു അഭിമാന പ്രശ്‌നമായി ടാറ്റ ഇറക്കുവാന്‍ ഉള്ള കാരണം ബ്ലൂ ഓഷ്യനുമായി ബന്ധിപ്പിച്ചു നോക്കൂ. അദ്ദേഹം നല്ലവണ്ണം കണ്ണ് തുറന്നു പൊതു ജനങ്ങളിലേക്ക് നോക്കുന്നു. അപ്പോള്‍ കാണുന്നതെന്താണ്? കാര്‍ ഓടിക്കാത്ത അല്ലെങ്കില്‍ കാര്‍ ഇല്ലാത്ത അണു കുടുംബങ്ങള്‍ ഇരു ചക്ര വാഹനത്തില്‍ അച്ഛന്‍, അമ്മ രണ്ടും മൂന്നും കുട്ടികള്‍ കഷ്ടപ്പെട്ട് ഞാണിന്‍ മേല്‍ കളി പോലെ യാത്ര ചെയ്യുന്നു. അദ്ദേഹം അവിടെ വലിയ ഒരു സാധ്യത കാണുന്നു. അതായത് ഇപ്പോള്‍ വിപണിയിലുള്ള കാറുകള്‍ വാങ്ങാന്‍ പ്രാപ്തിയില്ലാത്ത, എന്നാല്‍ എല്ലാവരും ഒന്നിച്ചു ചേര്‍ന്നു സുഖമായി പോകാന്‍ പറ്റിയ ഒരു വാഹനം വാങ്ങാന്‍ സാധിച്ചാല്‍ എത്ര മനോഹരമായിരിക്കും ജീവിതം എന്ന് കരുതുന്നവര്‍ ഒരുപാട്. അദ്ദേഹം ടാറ്റ ഗവേഷണ, വികസന (R &D ) സംവിധാനത്തിന് മുന്നില്‍ വെച്ച ഒരേ ഒരു നിര്‍ദ്ദേശം ഭാരതത്തിലെ അണു കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ (ഒരു ലക്ഷം രൂപക്കെങ്കിലും) സുഖപ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഒരു കാര്‍ എത്രയും പെട്ടെന്ന് പുറത്തിറക്കുക എന്നതാണ്.

വന്‍ വിജയം ആയില്ലെങ്കിലും അനന്ത സാധ്യതകള്‍ ആണ് ഈ മേഖലയില്‍ തുറന്നു കിട്ടിയത്. ഇഷ്ടം പോലെ കാറുകള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുമ്പോഴാണ് അതില്‍ നിന്നും ഒരു സാധ്യത കണ്ടെത്തുന്നത്. ഇത് പോലെ തന്നെയാണ് ചെലവ് കുറഞ്ഞ വിമാന യാത്രയും.
ഈ തന്ത്രത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാം:

• നമ്മള്‍ കണ്ടെത്താത്ത അനന്ത സാധ്യതകള്‍ എപ്പോഴും വിപണിയില്‍ ഉണ്ട്. കണ്ടെത്തുക എന്നതാണ് ഓരോ ഉല്‍പ്പാദകന്റെയും സേവന ദാതാവിന്റേയും കടമ. ഇതില്‍ ആര് വിജയിക്കുന്നുവോ അവര്‍ തന്നെ ഈ മേഖലയിലെ രാജാവ്

• ഇപ്പോള്‍ ചെയ്യുന്ന വ്യാപാരത്തില്‍ എങ്ങും എത്താതെ ‘അതിജീവന കെണിയില്‍’ (survival trap) കുടുങ്ങി നിങ്ങള്‍ ഉഴലുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ബ്ലൂ ഓഷ്യനിലേക്ക് മാറാന്‍ സമയം അതിക്രമിച്ചു എന്ന് അര്‍ഥം. ദിവസവും തട്ടി മുട്ടി ജീവിച്ചാല്‍ മതി എന്നുണ്ടെങ്കില്‍ ബിസിനസ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ. എവിടെയെങ്കിലും ജോലിക്ക് പോയി മാസ ശമ്പളം വാങ്ങിയാല്‍ പോരേ? അതല്ലല്ലോ നിങ്ങളുടെ ലക്ഷ്യം.

• ആകര്‍ഷകമായ, തികച്ചും ജനോപകാരപ്രദമായ, ഏതൊരാളും കൊതിച്ചു പോകുന്ന ഒരു തന്ത്രം നല്ല ഒരു സ്ട്രാറ്റജിസ്റ്റിന്റെ സഹായത്തോടെ രൂപപ്പെടുത്തുക. അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് സമയബന്ധിതമായി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാന്‍ ഒരു കോര്‍ ടീം ഉണ്ടാക്കി നടപ്പിലാക്കുക

• ഏറ്റവും പ്രധാനം ഉപഭോക്താവിനെ കണ്ടു കൊണ്ട് വേണം ഈ തന്ത്രം രൂപീകരിക്കാനെന്നതാണ്. അല്ലാതെ വിപണിയിലെ മത്സരത്തെ മനസ്സില്‍ കണ്ടു കൊണ്ടാവരുത്. ഇവിടെ കിടമത്സരത്തിന് പ്രസക്തിയില്ല. എന്തുകൊണ്ടെന്നാല്‍ ഉപഭോക്താവിന് ഉപകാരപ്പെടുന്ന വേറെ ആരും ഇത് വരെ നല്‍കിയിട്ടില്ലാത്ത ഉല്‍പ്പന്നമോ സേവനമോ നല്‍കി കഴിഞ്ഞാല്‍ പിന്നെ അവിടെ മത്സരത്തിന് എന്ത് കാര്യം?

ജനങ്ങളെ മനസ്സിലാക്കുന്ന ഗവേഷണവും കാര്യങ്ങള്‍ ശക്തമായി ദിശാബോധത്തോടെ നടപ്പാക്കുന്ന മാനേജ്‌മെന്റും ഉണ്ടെങ്കില്‍ ഉല്‍പ്പന്നത്തിന് ഏതൊരു സംരംഭകനും പുതിയ വിപണി കണ്ടെത്തി അതില്‍ വെന്നിക്കൊടി പാറിക്കാന്‍ പറ്റും എന്നുള്ളതിന്റെ പല ഉദാഹരണങ്ങളും നിങ്ങള്‍ ഇത് വായിച്ച ശേഷം മനസ്സിരുത്തി ആലോചിച്ചാല്‍ കണ്ടെത്താനാവും. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കോര്‍ ടീമിനെ വിളിച്ചിരുത്തി ദീര്‍ഘമായ വിശകലനം നടത്തുകയും ഉപഭോക്താവിന് പ്രത്യേകമായി നിങ്ങള്‍ക്ക് എന്ത് നല്‍കാന്‍ പറ്റും എന്ന് കൂലംകഷമായി ചര്‍ച്ച ചെയ്ത് കണ്ടെത്തുകയുമാണ്. അത് കണ്ടെത്തി നടപ്പിലാക്കിയാല്‍ തീര്‍ച്ച, 2019 നിങ്ങളുടേതായിരിക്കും. ഞാന്‍ ഉറപ്പു പറയുന്നു. നിങ്ങള്‍ കണ്ടെത്തുന്ന ആ പ്രത്യേകത ഞങ്ങളുമായി പങ്കു വെക്കാന്‍ മറക്കല്ലേ.

(ബിസിനസ് പരിശീലകനും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമാണ് കല്യാണ്‍ജി. അദ്ദേഹത്തെ kalyanaramansubramanian@stratup.co.in എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം)

Comments

comments

Categories: FK Special, Slider