ആയുഷ്മാന്‍ ഭാരത്: ആദ്യ നൂറ് ദിനങ്ങളില്‍ ഗുണഭോക്താക്കളായത് ഏഴ് ലക്ഷത്തോളം പേര്‍

ആയുഷ്മാന്‍ ഭാരത്: ആദ്യ നൂറ് ദിനങ്ങളില്‍ ഗുണഭോക്താക്കളായത് ഏഴ് ലക്ഷത്തോളം പേര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഗുണഭോക്താക്കളായത് ഏഴ് ലക്ഷത്തോളം പേര്‍.

പദ്ധതിയിലൂടെ 924 കോടിയുടെ സൗജന്യ ആശുപത്രിയില്‍ ആനുകൂല്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. പദ്ധതിയില്‍ ഭാഗമായ 10.7 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഒരു വര്‍ഷം സൗജന്യ ആരോഗ്യ പരിരക്ഷയായി ലഭിക്കുന്നതാണ്.

പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ അറിയുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഒരു കോടിയിലധികം കുടുംബങ്ങള്‍ക്കു ഓരോ വര്‍ഷവും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അഭിപ്രായപ്പെട്ടു.പദ്ധതിയെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.ആദ്യ 100 ദിവസത്തിനുള്ളില്‍ 5.29 ലക്ഷം ക്ലെയിമുകള്‍ പദ്ധതിയുടെ കീഴില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറുകളും നാഷണല്‍ ഹെല്‍ത്ത് ഏജന്‍സിയും (എന്‍എച്ച്എ) 16,000 ആശുപത്രികളെ പദ്ധതിയുടെ കീഴില്‍ ചേര്‍ത്തിട്ടുണ്ട്.ഇതില്‍ പകുതിയോളം ആശുപത്രികള്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളതാണ്.കൂടുതല്‍ ബ്രാന്‍ഡഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളെ പദ്ധതിയുടെ കീഴില്‍ കൊണ്ട് വരാനാണ് ശ്രമം.പദ്ധതിയെ കുറിച്ച് ആളുകളെ അറിയിക്കാനും ഗ്രാമീണ ജനസംഖ്യയില്‍ നിന്നും ആളുകളെ ആശുപത്രിയില്‍ എത്തിക്കാനുമായി അഞ്ച് കോടി ഗുണഭോക്താക്കള്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യാനാണു എന്‍എച്ച്എ ആലോചിക്കുന്നത്.

ആശുപത്രിയിലെയും ചികിത്സാച്ചെലവിനേയും 6:4 അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്കിടുന്നു. 2018-19 കാലഘട്ടത്തില്‍ പദ്ധതിയുടെ ചെലവ് 4,000 കോടി രൂപയും ,പദ്ധതിക്കായുള്ള ഐ.ടി സംവിധാനങ്ങള്‍ക്ക് ഒരു തവണ നിക്ഷേപമായി 1,600 കോടി രൂപയുമാണ് കണക്കാക്കുന്നത്. ഇതുവരെ, പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചത് ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കാണ് .

Comments

comments

Categories: Current Affairs, Slider