ബഹുകേമനായി ടൊയോട്ട സുപ്ര തിരിച്ചെത്തുന്നു

ബഹുകേമനായി ടൊയോട്ട സുപ്ര തിരിച്ചെത്തുന്നു

ജനുവരി 14 ന് ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ പുതിയ സുപ്ര അനാവരണം ചെയ്യും

കൊളോണ്‍, ജര്‍മ്മനി : സ്‌പോര്‍ട്‌സ് കാര്‍, ഗ്രാന്‍ഡ് ടൂറര്‍ എന്നീ റോളുകളില്‍ ലോകമെങ്ങും ആവേശം വിതറിയിരുന്ന ടൊയോട്ട സുപ്ര പുനര്‍ജ്ജനിക്കുന്നു. ജനുവരി 14 ന് ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ 2020 മോഡലായി പുതിയ ടൊയോട്ട സുപ്ര അനാവരണം ചെയ്യും. അഞ്ചാം തലമുറ സുപ്രയാണ് ആഗോള വിപണികളിലെത്തുന്നത്. 1978 മുതല്‍ 2002 വരെയാണ് ആദ്യ നാല് തലമുറകള്‍ നിര്‍മ്മിച്ചത്. പുതിയ സുപ്രയുടെ ഔദ്യോഗിക ചിത്രങ്ങള്‍ ചോര്‍ന്നു.

ടൊയോട്ട അഞ്ച് വര്‍ഷം മുമ്പ് പ്രദര്‍ശിപ്പിച്ച എഫ്ടി-1 കണ്‍സെപ്റ്റില്‍നിന്നാണ് അഞ്ചാം തലമുറ സുപ്ര മിക്ക ഡിസൈന്‍ സൂചകങ്ങളും സ്വീകരിച്ചത്. പുതിയ സുപ്രയുടെ മുന്‍വശ സ്‌റ്റൈലിംഗ് എഫ്ടി-1 കണ്‍സെപ്റ്റ് കാറില്‍ കണ്ടതുതന്നെയാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ലഭിച്ച കണ്‍സെപ്റ്റ് കാറില്‍ കൂര്‍ത്ത മൂക്കാണ് കണ്ടതെങ്കില്‍ പുതിയ സുപ്രയില്‍ പരന്നതാണ്. ഡബിള്‍ ബബിള്‍ റൂഫ്, റെട്രോ ലുക്കിലുള്ള സൈഡ് മിററുകള്‍ എന്നിവ എഫ്ടി-1 കണ്‍സെപ്റ്റ് കാറും പുതു തലമുറ സുപ്രയും തമ്മിലുള്ള സാദൃശ്യങ്ങളാണ്.

കറുത്ത നിറത്തിലുള്ള എ പില്ലര്‍ കാറിന് ഡുവല്‍ ടോണ്‍ ലുക്ക് സമ്മാനിക്കുന്നു. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ ലിപ്, ഇരട്ട എക്‌സോസ്റ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, റിയര്‍ ബംപറിന്റെ ഒത്ത നടുവില്‍ എഫ്1 സ്റ്റൈലിലുള്ള ഫോഗ് ലാംപ് ഹൗസിംഗ് എന്നിവ 2019 വേര്‍ഷന്‍ ടൊയോട്ട സുപ്രയുടെ പിന്നാമ്പുറ വിശേഷങ്ങളാണ്.

3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് പുതിയ സുപ്രയുടെ ഹൃദയം. 380 ബിഎച്ച്പിയാണ് ഉല്‍പ്പാദിപ്പിക്കുന്ന കരുത്ത്. മൂന്നാം തലമുറ ബിഎംഡബ്ല്യു ഇസഡ്4 (ജി29) ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണ് അഞ്ചാം തലമുറ ടൊയോട്ട സുപ്ര അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ സുപ്രയില്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കും. പുതിയ ടൊയോട്ട സുപ്ര 2019 രണ്ടാം പകുതിയില്‍ യുഎസ്സില്‍ അരങ്ങേറ്റം കുറിക്കും. ഇന്ത്യയിലെത്തുമോയെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto
Tags: Supra