2020ല്‍ 100 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് കുട്ടിസംരംഭകന്‍

2020ല്‍ 100 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് കുട്ടിസംരംഭകന്‍

13 ാംവയസ്സില്‍ ഒരു പാഴ്‌സല്‍ സര്‍വീസ് സ്ഥാപനം ആരംഭിച്ച് 300ല്‍ പരം ആളുകള്‍ക്ക് ജോലി നല്‍കുന്ന തിലക് മെഹ്തയ്ക്കുള്ളത് വലിയ ലക്ഷ്യങ്ങള്‍

മുംബൈ: സ്വപ്നം കാണുന്നതിനും സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നതിനും പ്രായം ഒരു പ്രശ്‌നമല്ല. കാണുന്ന സ്വപ്നങ്ങളും സംരംഭകത്വ ആശയങ്ങളും പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ട ലക്ഷ്യബോധം മാത്രമാണ് പ്രധാനം. 13ാം വയസ്സില്‍ ഒരു പാഴ്‌സല്‍ സര്‍വീസ് സ്ഥാപനം ആരംഭിച്ച് 300ല്‍ പരം ആളുകള്‍ക്ക് ജോലി നല്‍കി മാതൃകയായ മുംബൈ സ്വദേശി തിലക് മെഹ്ത എന്ന കുട്ടി സംരംഭകന്‍ ബിസിനസില്‍ മാതൃകയാകുന്നത് ഇത്തരത്തില്‍ തന്റെ അടിയുറച്ച ലക്ഷ്യബോധം ഒന്നുകൊണ്ട് മാത്രമാണ്

ക്രിക്കറ്റും വിഡിയോഗെയിമും പഠനവും ഒക്കെയായി അച്ഛനമ്മമാരുടെ സംരക്ഷണയില്‍ കഴിയേണ്ട 13 വയസ്സ് പ്രായത്തില്‍ ഒരു സ്ഥാപനത്തിന്റെ ഉടമയാകുക. അതും ഒരു ലോജിസ്റ്റിക്‌സ് സ്ഥാപനത്തിന്റെ. ശ്രമകരമായതും ചുമതലകള്‍ ഏറെയുള്ളതുമായ ലോജിസ്റ്റിക്‌സ് രംഗത്ത് പേപ്പേഴ്‌സ് ആന്‍ഡ് പാഴ്‌സല്‍സ് എന്ന തന്റെ സ്ഥാപനത്തിലൂടെ വ്യത്യസ്തമായ ഒരു സംരംഭകത്വ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് തിലക് മെഹ്ത എന്ന ടീനേജ് സംരംഭകന്‍.

ബിസിനസ് സ്വപ്നം കണ്ട് വളര്‍ന്ന ഒരു വ്യക്തിയൊന്നുമല്ല തിലക്. സമയവും സാഹചര്യവും ഒത്തു വന്നപ്പോള്‍ തിലകിനും ബിസിനസിലേക്ക് ഇറങ്ങേണ്ടി വന്നു എന്നതാണ് വാസ്തവം.

ഒരു വര്‍ഷം മുന്‍പാണ് പാഴ്‌സല്‍ സര്‍വീസ് സ്ഥാപനം എന്ന ആശയം തിലകിന്റെ മനസിലേക്ക് വരുന്നത്. എന്നാല്‍ അത് ഒരു സാധാരണ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനമായിരുന്നില്ല. ഒരിക്കല്‍ തന്റെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിലക് തന്റെ അമ്മാവന്റെ വീട്ടില്‍ പോയി. തിരിച്ചു തന്റെ വീട്ടിലേക്ക് വന്നപ്പോള്‍ പ്രിയപ്പെട്ട ചില പുസ്തകങ്ങള്‍ അവിടെ വച്ച് മറന്നു എന്ന് മനസിലായി. അത്യാവശ്യമായിരുന്ന ആ പുസ്തകങ്ങള്‍ എടുക്കുന്നതിനായി പലവിധ ശ്രമങ്ങള്‍ നടത്തി എങ്കിലും നടന്നില്ല. പെട്ടെന്ന് സാധനങ്ങള്‍ ഹോംഡെലിവറി നടത്തുന്ന പാഴ്‌സല്‍ ഏജന്‍സികള്‍ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന പാഴ്‌സല്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നത് വലിയ തുകയായിരുന്നു.

ഒരു പാഴ്‌സല്‍ അതെ നഗരത്തില്‍ തന്നെയുള്ള വ്യക്തിക്ക് അയക്കുന്നതിനായി 200 മുതല്‍ 250 രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് തീര്‍ത്തും അന്യായമാണ് എന്ന തോന്നല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് സിറ്റിക്കകത്ത് കുറഞ്ഞ ചെലവില്‍ പാഴ്‌സല്‍ ഡെലിവറി നടത്തുന്നതിനായി ഒരു പാഴ്‌സല്‍ സര്‍വീസ് സ്ഥാപനം തുടങ്ങാമെന്ന ചിന്ത തിലകിന് ഉണ്ടായത്.

മുംബൈ നഗരത്തിലെ ഉച്ചഭക്ഷണ വിതരണ ശൃംഖലയായ ഡബ്ബാവാലകളെ ഇതിനായി ഉപയോഗിക്കാം എന്നതായിരുന്നു തിലകിന്റെ ചിന്ത. പതിറ്റാണ്ടുകളായി വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കായി വിതരണം ചെയ്തുവരുന്ന ഡബ്ബാവാല സര്‍വീസുകള്‍ക്ക് നഗരത്തിലെ ഒരോ സ്ഥലവും പരിചിതമാണ്. അതിനാല്‍ ഇക്കൂട്ടര്‍ക്ക് ഒരു അധികവരുമാനം ലഭിക്കുന്ന പദ്ധതി എന്ന രീതിയില്‍ തന്റെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തെ അവതരിപ്പിക്കാനാണ് തിലക് ആഗ്രഹിച്ചത്.

വീട്ടില്‍ നിന്നും പൂര്‍ണ പിന്തുണ

മുംബൈ നഗരത്തിനകത്ത് അന്നേക്കന്ന് തന്നെ വിതരണം ചെയ്യേണ്ടതായുള്ള പാഴ്‌സലുകള്‍ പേപ്പറുകള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിനായി തികച്ചും കോസ്റ്റ് ഇഫക്ടീവായ ഒരു മാര്‍ഗം എന്ന നിലക്ക് തന്റെ സിറ്റി ലിമിറ്റ് പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തെപ്പറ്റി പിതാവ് വിശാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ സമ്മതം. കാലങ്ങളായി ലോജിസ്റ്റിക്‌സ് സ്ഥാപനം നടത്തുന്ന അദ്ദേഹം തന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ തിലകിന് നല്‍കി. പേപ്പര്‍ ആന്‍ഡ് പാഴ്‌സല്‍ എന്നാണ് തന്റെ സ്റ്റാര്‍ട്ടപ്പിനു തിലക് പേര് നല്‍കിയത്.വ്യത്യസ്തമായ തന്റെ ആശയത്തെ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ 13 വയസ് മാത്രം പ്രായമുള്ള ഈ സംരംഭകന് വലിയ മിടുക്കായിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ആശയം പറഞ്ഞു ബോധ്യപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഘനശ്യാം പരേഖിനെ തന്റെ സ്ഥാപനത്തിന്റെ സിഇഒ ആക്കി. ബാങ്കില്‍ നിന്നും മികച്ച ജോലി രാജിവച്ചാണ് ഘനശ്യാം തിലകിന്റെ സ്ഥാപനത്തിന്റെ ഭാഗമായി മാറിയത്.

മൊബീല്‍ ആപ്പുവഴിയാണ് പ്രവര്‍ത്തനം. പാഴ്‌സല്‍ എടുക്കേണ്ട സ്ഥലത്തു നിന്നും ആപ്പ് വഴി ഡെലിവറി ബോയ്‌സ് ആയ ഡബ്ബാവാലകളെ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം. ആപ്പില്‍ റിക്വസ്റ്റ് ലഭിച്ചുകഴിഞ്ഞാല്‍ അത് തൊട്ടടുത്തുള്ള ഡബ്ബാവാലകളില്‍ എത്തും. അവര്‍ ഉപഭോക്താക്കളുടെ അരികിലെത്തി ഓര്‍ഡര്‍ സ്വീകരിച്ച് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഗതാഗത മാര്‍ഗം മുഖാന്തരം അഡ്രസില്‍ പറയുന്ന വ്യക്തിക്ക് എത്തിക്കും. ആപ്പ് ഉണ്ടാക്കുന്നതിനുളള പണം നല്‍കിയത് അച്ഛനാണ്. പാഴ്‌സല്‍ സര്‍വ്വീസ് ആരംഭിച്ച് മൂന്ന് മാസത്തിനകം മൊബീല്‍ ആപ്ലിക്കേഷന്‍ നല്‍കി. പാഴ്‌സലുകളും, പ്രധാനപ്പെട്ട രേഖകളും ടിഫിനുകളുമാണ് ആദ്യഘട്ടത്തില്‍ വിതരണം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ അത്യാവശ്യം വലിയ പാഴ്‌സലുകള്‍ വരെ എടുക്കുന്നുണ്ട്.

പ്രധാനമായും മുംബൈ നഗരത്തിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകളെ പ്രയോജനപ്പെടുത്തിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ലാസറ്റ് മൈല്‍ ഡെലിവറി നടത്തുന്നത് ഡബ്ബാവാലകളാണ്. ഒരുദിവസം 1200 ഓളം പാഴ്‌സലുകള്‍ തിലകന്റെ കമ്പനി ഏറ്റെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓര്‍ഡര്‍ ചെയ്താല്‍ ഏഴ് മണിയ്ക്ക് സാധനം നിങ്ങളുടെ കൈകളില്‍ എത്തും. 40 മുതല്‍ 180 രൂപ വരെയാണ് പാഴ്‌സല്‍ സര്‍വ്വീസിന് ഈടാക്കുന്നത്. ഡബ്ബാ വാലകള്‍ക്ക് പുറമെ ഒലയും യൂബറിലും ചെറിയ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.2020 ഓടെ 100 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Entrepreneurship