എംക്യു 9 ഡ്രോണുകള്‍ ഈ വര്‍ഷം ലഭിച്ചേക്കും

എംക്യു 9 ഡ്രോണുകള്‍ ഈ വര്‍ഷം ലഭിച്ചേക്കും

ഇടപാട് ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ-യുഎസ് സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യം

ന്യൂഡെല്‍ഹി: കരയിലും കടലിലും നിരീക്ഷണത്തിനും ആക്രമണത്തിനും ഉതകുന്ന ജനറല്‍ ആറ്റോമിക്‌സ് പ്രിഡേറ്റര്‍ എംക്യു9 ഡ്രോണുകള്‍ യുഎസില്‍ നിന്നും വാങ്ങാനുള്ള ഇടപാടിന് ഇന്ത്യ വേഗം കൂട്ടുന്നു. ഇടപാട് വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാവിക സേനക്കും കരസേനക്കും കൂടുതല്‍ സഹായകമാകുന്ന ഡ്രോണുകള്‍ വാങ്ങാനുള്ള കരാറില്‍ ഈ വര്‍ഷം തന്നെ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും. 2017 ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കാറ്റഗറി 1 ആളില്ലാ വിദൂര നിയന്ത്രിത വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതും ഡ്രോണുകള്‍ നല്‍കാമെന്ന് യുഎസ് സമ്മതിച്ചതും. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും തമ്മില്‍ അതേവര്‍ഷം നടത്തിയ ചര്‍ച്ചയുടെയും മുഖ്യ വിഷയം ഡ്രോണുകളുടെ കൈമാറ്റമായിരുന്നു. പാക്-ചൈനീസ് അതിര്‍ത്തിയിലും സമുദ്ര മേഖലയിലും ഇന്ത്യക്ക് വലിയ മേല്‍ക്കൈ നല്‍കുന്നതാവും യുഎസ് ഡ്രോണുകള്‍.

തുടക്കത്തില്‍ 22 ഡ്രോണുകള്‍ സ്വന്തമാക്കാനായിരുന്നു നാവിക സേന താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ അതേ ആവശ്യവുമായി കരസേനയും രംഗത്തെത്തി. നിലവില്‍ ഇരു സേനകള്‍ക്കും 10 വിമാനങ്ങള്‍ വീതം ലഭ്യമാക്കാനാണ് ധാരണയായിരിക്കുന്നത്. യുഎസ് ജനറല്‍ ആറ്റോമിക്‌സ് ചീഫ് എക്‌സിക്യുട്ടീവ് വിവേക് ലാലാണ് ഇന്ത്യക്കു വേണ്ടി ഡ്രോണുകള്‍ ലഭ്യമാക്കാന്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. ജനറല്‍ അറ്റോമിക്‌സ് എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസാണ് ഈ ഡ്രോണുകള്‍ യുഎസ് സേനക്കായി നിര്‍മിച്ചത്. കാറ്റഗറി വണ്‍ യുഎവി ടെക്‌നോളജിയുള്ള സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് നേരത്തെ തന്നെ യുഎസ് കൈമാറിയിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: MQ Drone