അതിവേഗ സാമ്പത്തിക വളര്‍ച്ച: നമ്പര്‍ 1 ഇന്ത്യ; ചൈന രണ്ടാമത്

അതിവേഗ സാമ്പത്തിക വളര്‍ച്ച: നമ്പര്‍ 1 ഇന്ത്യ; ചൈന രണ്ടാമത്

2018 ലെ ഫലം പുറത്തു വന്ന പാദങ്ങളുടെ ജിഡിപി വളര്‍ച്ചാ ശരാശരി 7.66 ശതമാനം; 2019 ല്‍ രാജ്യത്തിന്റെ ജിഡിപി 7.8 ശതമാനം വളരുമെന്നാണ് നിതി ആയോഗ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: കടുത്ത വെല്ലുവിളികള്‍ക്കിടയിലും ഏറ്റവും വേഗം വളരുന്ന വലിയ ആഗോള സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം 2018 ലും നിലനിര്‍ത്തി ഇന്ത്യ. ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇത്തവണയും നേട്ടം. എണ്ണ വില വര്‍ധനയുടെയും യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെയും കറന്‍സി വിലയിടിവിന്റെയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന്റെയും അനിശ്ചിതാവസ്ഥകളിലും സുസ്ഥിര വളര്‍ച്ച നിലനിര്‍ത്താനായത് വലിയ നേട്ടമാണ്. 2018 ലെ വിവിധ പാദങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച കയറിയിറങ്ങിയെങ്കിലും 2019 ലേക്ക് കടക്കുമ്പോള്‍ വളര്‍ച്ച മുകളിലേക്കാവുമെന്ന പ്രതീക്ഷ സജീവമാണ്.

2018 ലെ ഫലം പുറത്തു വന്ന പാദങ്ങളുടെ ജിഡിപി വളര്‍ച്ചാ ശരാശരി 7.66 ശതമാനം ആണ്. 2018 ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപി 8.2 ശതമാനമാണ് വളര്‍ന്നത്. തൊട്ടടുത്ത പാദത്തില്‍ 7.7 ശതമാനമായും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.1 ശതമാനമായും ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും ഡിസംബര്‍ പാദത്തില്‍ ഇത് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2019 ല്‍ രാജ്യത്തിന്റെ ജിഡിപി 7.8 ശതമാനം വളരുമെന്നാണ് നിതി ആയോഗ് പ്രതീക്ഷിക്കുന്നത്.

അതേസമയം 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. എങ്കിലും രണ്ടാം സ്ഥാനം നിലനിര്‍ത്താനായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 6.7 ശതമാനായിരുന്നു ചൈനയുടെ ജിഡിപി വളര്‍ച്ച. യുഎസുമായുള്ള വ്യാപാര സംഘര്‍ഷം ചൈനക്ക് പരിക്കേല്‍പ്പിക്കാനാരംഭിച്ചെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആഗോള പ്രശ്‌നങ്ങള്‍ക്കൊപ്പം ആഭ്യന്തര വിവാദങ്ങള്‍ക്കും കുറവില്ലാതിരുന്ന വര്‍ഷത്തെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തോടെ അതിജീവിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായ നീരവ് മോദി-പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം ഉയര്‍ന്നു വന്നതും കിട്ടാക്കടം കണ്ടെത്താനുള്ള നീക്കങ്ങള്‍ ബാങ്കുകളെ സാമ്പത്തികമായി ഞെരുക്കിയതും 2018 ല്‍ ആണ്. റിസര്‍വ് ബാങ്ക്- കേന്ദ്ര സര്‍ക്കാര്‍ ഉരസലുകളും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയുമെല്ലാം ചാഞ്ചാട്ടങ്ങള്‍ക്ക് വേദിയൊരുക്കി. അടിസ്ഥാന സൗകര്യ ധനകാര്യ കമ്പനിയായ ഐഎല്‍&എഫ്എസിന്റെ തകര്‍ച്ച വലിയ ആശങ്കളുണ്ടാക്കിയെങ്കിലും സര്‍ക്കാരിന്റെ സജീവമായ ഇടപെടലുകള്‍ പ്രശ്‌നങ്ങളൊഴിവാക്കി. പാപ്പരത്ത നിയമമാണ് 2018 ല്‍ വലിയ ചലനങ്ങളുണ്ടാക്കിയത്. 2018 ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ 60,000 കോടി രൂപയുടെ പ്രശ്‌നപരിഹാരമാണ് എന്‍സിഎല്‍ടി കോടതി നിര്‍വഹിച്ചത്. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ പിടിച്ചു നിര്‍ത്താനായതും സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ് പകര്‍ന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ജിഎസ്ടി നികുതി പിരിവ് ഒക്‌റ്റോബറില്‍ ഒരു ലക്ഷം കവിഞ്ഞത് ചരിത്രപരമായ നേട്ടമായി. 2019 ല്‍ പ്രതിമാസ ശരാശരി ജിഎസ്ടി പിരിവ് ഒരു ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy
Tags: economy