ചൈനയില്‍ നിന്നുള്ള സിന്തറ്റിക് റബറിന് തീരുവ ചുമത്തിയേക്കും

ചൈനയില്‍ നിന്നുള്ള സിന്തറ്റിക് റബറിന് തീരുവ ചുമത്തിയേക്കും

ധനകാര്യമന്ത്രായമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സിന്തറ്റിക് റബറിന് 18 മാസ കാലയളവിലേക്ക് തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഓട്ടോമൊബീല്‍ വ്യവസായത്തിലും മറ്റ് വ്യവസായങ്ങളിലുമായി ഇറക്കുമതി റബ്ബറിന്റെ ഉപയോഗം വ്യാപകമായതോടെയാണ് ഇത്തരമൊരു നീക്കം. ഒരു കിലോയ്ക്ക് 0.078- 7.31 ഡോളര്‍ തീരുവ ചുമത്തുന്നതിനുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഉല്‍പ്പന്നങ്ങള്‍ തള്ളുന്ന തരത്തിലുള്ള ഇറക്കുമതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് ഡയറക്‌റ്റേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ്( ഡിജിടിആര്‍) വിലയിരുത്തുന്നത്. ധനകാര്യമന്ത്രായമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡിജിടിആര്‍ ഇതു സംബന്ധിച്ച പരിശോധനകള്‍ ആരംഭിച്ചത്. സ്വാഭാവിക വിലയില്‍ താഴെയുള്ള വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാകുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള തള്ളല്‍ ആഭ്യന്തര സിന്തറ്റിക് റബര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങളിലൂടെയാണ് കുറഞ്ഞ വിലയില്‍ ഇറക്കുമതി നടക്കുന്നതെന്നും ഇവര്‍ പറയുന്നു.
ഹൈഡ്രോളിക് സീലുകള്‍, ചെക്ക് വാല്‍വ് ബോളുകള്‍, ഇലക്ട്രിക്കല്‍ കണക്റ്ററുകള്‍, ഫ്യുവല്‍ ഇന്‍ജെക്റ്റര്‍, ഫ്യുവല്‍ ടാങ്ക് ബ്ലാഡറുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ക്കായി ഫ്‌ളൂറോ കാര്‍ബണ്‍ അധിഷ്ഠിത സിന്തറ്റിക് റബര്‍ ഉപയോഗിക്കുന്നുണ്ട്. ലോക വ്യാപാര സംഘടനയുടെ നിബന്ധനകള്‍ പ്രകാരം ഇറക്കുമതി തീരുവ ചുമത്തുന്നതിന് സ്വാഭാവിക വിലയിലും കുറഞ്ഞ ഇറക്കുമതിയിലൂടെ ആഭ്യന്തര വ്യവസായം പ്രതിസന്ധി നേരിട്ടുവെന്ന് വ്യക്തമാകേണ്ടതുണ്ട്.
വ്യാപാരക്കമ്മി വര്‍ധിക്കുന്നതു കൂടി കണക്കിലെടുത്ത് ഇന്ത്യ നിലവില്‍ ചൈനയില്‍ നിന്നുള്‍പ്പടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 63.12 ബില്യണ്‍ ഡോളറായിരുന്നു ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി. അതിനു മുന്‍പുള്ള വര്‍ഷം ഇത് 51 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. വ്യാപരക്കമ്മി കുറയ്ക്കുന്നതിനും ഇന്ത്യയില്‍ നിന്ന് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും നിലവില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്.

Comments

comments

Categories: FK News