യുഎഇ ജിഡിപിയിലേക്ക് 15% സംഭാവന ചെയ്യുന്നത് വ്യോമയാനരംഗം

യുഎഇ ജിഡിപിയിലേക്ക് 15% സംഭാവന ചെയ്യുന്നത് വ്യോമയാനരംഗം

വ്യോമയാനരംഗത്ത് യുഎഇ നടത്തിയിട്ടുള്ള നിക്ഷേപം 270 ബില്ല്യണ്‍ ഡോളറോളം വരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ സയിഫ് അല്‍ സുവയ്ദി

ദുബായ്: 2018ല്‍ യുഎഇയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യിലേക്ക് 15 ശതമാനത്തോളം സംഭാവന ചെയ്യാന്‍ വ്യോമയാനമേഖലയ്ക്ക് സാധിച്ചുവെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) ഡയറക്റ്റര്‍ ജനറല്‍ സയിഫ് അല്‍ സുവയ്ദി. വ്യോമയാനരംഗത്ത് യുഎഇ നടത്തിയിട്ടുള്ള നിക്ഷേപം 270 ബില്ല്യണ്‍ ഡോളറോളം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍പോര്‍ട്ട് അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള നിക്ഷേപം ഉള്‍പ്പടെയാണിത്.

അയല്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ റൂട്ടുകള്‍ ആരംഭിക്കാനും എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭക്ഷമത കൈവരിക്കാനും ഉതകുന്ന പദ്ധതികള്‍ ജിസിഎഎ ആവിഷ്‌കരിക്കുന്നുണ്ട്.

എല്ലാ യുഎഇ വിമാനത്താവളങ്ങളിലൂടെയുമുള്ള യാത്രികരുടെ എണ്ണത്തില്‍ 5.2 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ജിസിഎഎ മേധാവി പറഞ്ഞു. 142 ദശലക്ഷം യാത്രികര്‍ വരുമിത്. അറബ് മേഖലയുടെ ഏവിയേഷന്‍ രംഗത്തിന്റെ 45 ശതമാനത്തോളം കയ്യാളുന്നത് യുഎഇയാണ്.

യുഎഇയിലെ ഏവിയേഷന്‍ മേഖല 2019ല്‍ കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ജിഡിപിയിലേക്ക് നല്‍കുന്ന സംഭാവനയായ 15 ശതമാനം 20 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രധാന വിമാന കമ്പനികളായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ് എന്നിവ തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇത് വ്യോമയാന മേഖലയ്ക്കും കരുത്ത് പകരും.

ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് യാത്രികരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടാകുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബായിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 16 മില്ല്യണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലണ്ടനും പാരിസിനും ബാങ്കോക്കിനും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന നഗരം ദുബായിയാണ്.

2020 ആകുമ്പോഴേക്കും യുഎഇ സമ്പദ് വ്യവസ്ഥയിലേക്ക് 200 ബില്ല്യണ്‍ ദിര്‍ഹം സംഭാവന ചെയ്യാന്‍ ഏവിയേഷന്‍ മേഖലയ്ക്ക് സാധിക്കുമെന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ 750,000 തൊഴിലവസരങ്ങള്‍ നല്‍കാനും വ്യോമയാനരംഗത്തിന് സാധിക്കും.

Comments

comments

Categories: Business & Economy
Tags: GDP