സുധിര്‍ ഭാര്‍ഗവ പുതിയ ചീഫ് ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണര്‍

സുധിര്‍ ഭാര്‍ഗവ പുതിയ ചീഫ് ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണര്‍

സര്‍ക്കാര്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷനില്‍ നിയമനം നടത്താത്തതിനെതിരേ നിരവധി സാമൂഹ്യ പ്രവര്‍ത്തര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര ഇന്‍ഫൊര്‍മേശന്‍ കമ്മിഷനില്‍ മുഖ്യ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണറായി സുധിര്‍ ഭാര്‍ഗവയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നാല് പുതിയ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. പരമാവധി 11 അംഗങ്ങളെ നിയമിക്കാവുന്ന കമ്മിഷനില്‍ നിലവില്‍ ഭാര്‍ഗവ ഉള്‍പ്പടെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മുന്‍ ഐഎഫ്എസ് ഓഫിസര്‍ യഷ് വര്‍ധന്‍ കുമാര്‍ സിന്‍ഹ, മുന്‍ ഐആര്‍എസ് ഓഫിസര്‍ വനജ എന്‍ ശര്‍മ, മുന്‍ ഐഎഎസ് ഓഫിസര്‍ നീരജ് കുമാര്‍ ഗുപ്ത, മുന്‍ നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര എന്നിവരെ ഇന്‍ഫൊര്‍നേഷന്‍ കമ്മിഷ്ണര്‍മാരായി നിയമിക്കുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം നിയമിച്ചവരാണ് ഈ ഉന്നത ഉദ്യോഗസ്ഥരെല്ലാം.

നേരത്തേ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷനിലേക്ക് സര്‍ക്കാര്‍ നിയമനം നടത്താത്തതിനെതിരേ നിരവധി സാമൂഹ്യ പ്രവര്‍ത്തര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്‍ഫൊര്‍മേഷന്‍ കമ്മിഷ്ണര്‍മാരുടെ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും അപേക്ഷ സമര്‍പ്പിച്ചവരുടെയും തെരഞ്ഞെടുക്കല്‍ സമിതിയുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തിനോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.

സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ പലരും ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കാതെയും സുതാര്യത ഇല്ലാതെയുമാണ് നിയമനങ്ങളെന്ന് ഹര്‍ജിക്കാരനായ ലോകേഷ് ബത്ര പറയുന്നു. കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ തടയുകയാണെന്ന് ആരോപിച്ച് മുന്‍ ഇന്‍ഫോര്‍മേഷന്‍ കമ്മിഷ്ണറായ ശ്രീധര്‍ ആചാര്യലു നേരത്തേ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

Comments

comments

Categories: Current Affairs

Related Articles