പേടിഎം പേമെന്റസ് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ അനുമതി

പേടിഎം പേമെന്റസ് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ അനുമതി

ഈ വര്‍ഷം 100 ദശലക്ഷം ഉപഭോക്താക്കളെയാണ് ബാങ്ക് ലക്ഷ്യമിടുന്നത്

ഗുരുഗ്രാം: പേടിഎം പേമെന്റസ്് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് അഞ്ചു മാസമായി പേടിഎമ്മിന് പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യയിലെ പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ബാങ്കിനെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് ആര്‍ബിഐ തടഞ്ഞത്.

100 കോടി എന്ന അറ്റ ആസ്തി പരിധി, നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നിയമങ്ങള്‍, ഒരു എക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപം സൂക്ഷിക്കാന്‍ പാടില്ല തുടങ്ങിയ പേമെന്റ്‌സ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കുന്നതിലും പേടിഎം പരാജയപ്പെട്ടതായി ആര്‍ബിഐ നിരീക്ഷിച്ചിരുന്നു. കൂടാതെ വന്‍കിട ചൈനീസ് കമ്പനിയായ ആലിബാബ പിന്തുണയ്ക്കുന്ന പേടിഎമ്മിന്റെ പേമെന്റ് വിഭാഗത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും റിസര്‍വ് ബാങ്കിന് അതൃപ്തി അറിയിച്ചിരുന്നു. എല്ലാ പേമെന്റ്‌സ് ബാങ്കുകളും അവരെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക ദൂരം പാലിക്കണമെന്നും സ്വതന്ത്രമായ പ്രവര്‍ത്തന ഘടന വേണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കുശേഷം പേടിഎം പേമെന്റ്‌സ് ബാങ്ക് സിഇഒ രേണു സാട്ടിയെ മാറ്റി സതീഷ് കുമാര്‍ ഗുപ്തയെ പുതിയ സിഇഒ ആയി നിയമിച്ചിരുന്നു ഇതും റിസര്‍വ് ബാങ്ക് സമീപനം അനുകൂലമാക്കാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍. പേടിഎം പേമെന്റസ്് ബാങ്കിനൊപ്പം എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക്, ഫിനോ പേമെന്റ്‌സ് ബാങ്ക് എന്നിവരും ആര്‍ബിഐയില്‍ നിന്ന് സമാനമായ നടപടി നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ എല്ലാ പേമെന്റ് ബാങ്കുകളും റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എന്തായാലും ആര്‍ബിഐ അനുമതി ലഭിച്ചതോടെ പൂര്‍വാധികം ശക്തിയോടെ ഉപഭോക്താക്കളെ നേടാനും കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാനുമുള്ള പരിശ്രമത്തിലാണ് പേടിഎം പേമെന്റ്‌സ് ബാങ്ക്. നിലവില്‍ 42 ദശലക്ഷം ബാങ്ക് എക്കൗണ്ടുകളാണ് പേടിഎം പേമെന്റ് ബാങ്കിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 100 ദശലക്ഷം ഉപഭോക്താക്കളെ കൂടി നേടാനാണ് ബാങ്ക് പദ്ധതിയിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് 729 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ സ്ഥാപനം 20.7 കോടി രൂപയുടെ നഷ്ടവും നേരിടുകയുണ്ടായി.

Comments

comments

Categories: Business & Economy
Tags: Paytm Banks