2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആഡംബര എസ്‌യുവികള്‍

2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആഡംബര എസ്‌യുവികള്‍

2019 ഔഡി ക്യു3

2018 ജൂലൈയിലാണ് രണ്ടാം തലമുറ ഔഡി ക്യു3 ആഗോളതലത്തില്‍ അനാവരണം ചെയ്തത്. സബ്‌കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്‌യുവി 2019 മോഡലായി ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. മുഖം മിനുക്കിയാണ് പുതു തലമുറ ക്യു3 വിപണികളിലെത്തുന്നത്. ഏവരുടെയും ശ്രദ്ധ ആദ്യം പതിയുന്നത് ഗ്രില്ലിലായിരിക്കും. കുറേക്കൂടി ബുച്ച് ലുക്ക് തോന്നിപ്പിക്കുന്നതാണ് ഗ്രില്‍. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ മോഡുലര്‍ ട്രാന്‍സ്‌വേഴ്‌സ് മാട്രിക്‌സ് (എംക്യുബി) പ്ലാറ്റ്‌ഫോമിലാണ് പുതിയ ഔഡി ക്യു3 നിര്‍മ്മിച്ചിരിക്കുന്നത്. എസ്‌യുവിയുടെ വലുപ്പം വര്‍ധിച്ചിരിക്കുന്നു. നീളം 97 മില്ലി മീറ്ററും വീതി 25 മില്ലി മീറ്ററും വീല്‍ബേസ് 77 മില്ലി മീറ്ററുമാണ് വര്‍ധിച്ചത്. സ്വാഭാവികമായും കാറിനകത്തെ സ്ഥലസൗകര്യവും വര്‍ധിച്ചു. കാബിനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കാണാം. ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍ മാറിയതും വിര്‍ച്വല്‍ കോക്പിറ്റ് ഇന്റര്‍ഫേസുമാണ് കാബിന്‍ മാറ്റങ്ങളില്‍ പ്രധാനം. 10.25 ഇഞ്ച് സ്‌ക്രീന്‍, 680 വാട്ട് ബാംഗ് & ഒലുഫ്‌സെന്‍ 3ഡി സറൗണ്ട് സിസ്റ്റം, ട്രാഫിക് ജാം അസിസ്റ്റ്, അഡാപ്റ്റിവ് സ്പീഡ് അസിസ്റ്റ്, ആക്റ്റിവ് ലെയ്ന്‍ അസിസ്റ്റ്, 360 ഡിഗ്രി സറൗണ്ട് കാമറ തുടങ്ങിയവ ഇപ്പോള്‍ സവിശേഷതകളാണ്. പുതിയ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്നിവയായിരിക്കും ഇന്ത്യയില്‍ പുതിയ ഔഡി ക്യു3 എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍.

2019 ഔഡി ക്യു8

ഫുള്‍ സൈസ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്‌യുവി കൂപ്പെയായ ഔഡി ക്യു8 ഈ വര്‍ഷം ഇന്ത്യയിലേക്ക് പരിഗണിക്കുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍. 2018 ല്‍ ആദ്യമായി ആഗോളതലത്തില്‍ പുറത്തിറക്കിയ ക്യു8, ഔഡി എസ്‌യുവികളിലെ പതാകവാഹകനാണ്. പൂര്‍ണ്ണമായും പുതിയ എസ്‌യുവിയായ ഔഡി ക്യു8 2019 മോഡലായാണ് ഇന്ത്യയിലെത്തുന്നത്. ഔഡി ഇതാദ്യമായാണ് കൂപ്പെ സമാനമായ ഹൈ ബോഡീഡ് എസ്‌യുവി രൂപകല്‍പ്പന ചെയ്യുന്നത്. അതേസമയം എസ്‌യുവി അനുപാതങ്ങള്‍ അതേപോലെ നിലനിര്‍ത്തുന്നതില്‍ വീഴ്ച്ച പറ്റാതെ ഔഡി ജാഗ്രത കാണിച്ചു. നിര്‍ഭയവും ധീരതയും പ്രകടിപ്പിക്കുന്ന മുഖഭാവം, വെളിയിലേക്ക് ഉന്തിനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ എന്നിവ ശ്രദ്ധിക്കപ്പെടും. അഞ്ച് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന വാഹനമാണ് ഔഡി ക്യു8. പുതു തലമുറ ഔഡി എ8 സെഡാനില്‍ കാണുന്നതിന് വളരെ സമാനമാണ് ഇന്റീരിയര്‍, പ്രത്യേകിച്ച് ഡാഷ്‌ബോര്‍ഡിന്റെ ലേഔട്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും ഓള്‍ ന്യൂ ഔഡി ക്യു8 ഇന്ത്യയിലെത്തുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി 8 സ്പീഡ് ഗിയര്‍ബോക്‌സും 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി 7 സ്പീഡ് ഗിയര്‍ബോക്‌സും ചേര്‍ത്തുവെയ്ക്കും.

2019 ബിഎംഡബ്ല്യു എക്‌സ്2

2016 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ബിഎംഡബ്ല്യു കണ്‍സെപ്റ്റ് എക്‌സ്2 അടിസ്ഥാനമാക്കിയാണ് സബ്‌കോംപാക്റ്റ് ലക്ഷ്വറി എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും പുതിയ എസ്‌യുവിയായ ബിഎംഡബ്ല്യു എക്‌സ്2, 2019 മോഡലായാണ് ഇന്ത്യയിലെത്തുന്നത്. ബിഎംഡബ്ല്യു 1 സീരീസ് ഹാച്ച്ബാക്കിന് പരിണാമം സംഭവിച്ച് വികസിത രൂപം പൂണ്ടതാണ് എക്‌സ്2 എന്ന് തോന്നിപ്പോകാം. ഐഡ്രൈവ് ഉള്‍പ്പെടെയുള്ളവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എക്‌സ്2 എസ്‌യുവിയുടെ കാബിനില്‍ കാണും. ഫുള്‍ ഹെഡ്-അപ്പ് ഡിസ്‌പ്ലേ (എച്ച്‌യുഡി) ഓപ്ഷണലായി ലഭിക്കും. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, സ്പീഡ് ലിമിറ്റ് വാണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം, ഫ്രണ്ട് & പെഡസ്ട്രിയന്‍ കൊളീഷന്‍ വാണിംഗ്, ആക്റ്റിവ് ലെയ്ന്‍ അസിസ്റ്റ്, 360 ഡിഗ്രി വ്യൂ കാമറ തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. ഓട്ടോമാറ്റിക് ക്രൂസ് കണ്‍ട്രോള്‍ ഓപ്ഷണലാണ്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. 18 ഇഞ്ച് അലോയ് വീലുകളിലാണ് ബിഎംഡബ്ല്യു എക്‌സ്2 എസ്‌യുവി വരുന്നത്. അതേസമയം 19 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷണലായി ആവശ്യപ്പെടാം.

2019 ബിഎംഡബ്ല്യു എക്‌സ്4

കോംപാക്റ്റ് ലക്ഷ്വറി എസ്‌യുവിയായ ബിഎംഡബ്ല്യു എക്‌സ്4 ഫെബ്രുവരി 7 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2014 ല്‍ ആഗോളതലത്തില്‍ ഉല്‍പ്പാദനം ആരംഭിച്ച ബിഎംഡബ്ല്യു എക്‌സ്4 ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. 2018 ല്‍ എസ്‌യുവി രണ്ടാം തലമുറയിലെത്തി. എന്നാല്‍ ഇന്ത്യയില്‍ 2019 മോഡലായി രണ്ടാം തലമുറ എക്‌സ്4 വിപണിയിലെത്തിക്കുമെന്ന് കരുതാം. ബിഎംഡബ്ല്യുവിന്റെ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ (ക്ലാര്‍) പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചതിനാല്‍ പുതിയ എക്‌സ്4 എസ്‌യുവിയുടെ ഭാരം ഏതാണ്ട് അമ്പത് കിലോഗ്രാം കുറഞ്ഞു. മിക്ക പുതിയ ബിഎംഡബ്ല്യു മോഡലുകളും അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോം തന്നെയാണ്. രണ്ടാം തലമുറയിലെത്തിയപ്പോള്‍ എക്‌സ്4 എസ്‌യുവിയുടെ നീളം 81 മില്ലി മീറ്ററും വീതി 37 മില്ലി മീറ്ററും വീല്‍ബേസ് 54 മില്ലി മീറ്ററും വര്‍ധിച്ചു. 2,864 മില്ലി മീറ്ററാണ് ഇപ്പോഴത്തെ വീല്‍ബേസ്. പിന്‍ നിരയില്‍ 27 എംഎം അധിക ലെഗ്‌റൂം ലഭിക്കുമെന്ന് ബിഎംഡബ്ല്യു ഉറപ്പ് നല്‍കുന്നു. ബൂട്ട് ശേഷി 25 ലിറ്റര്‍ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 525 ലിറ്റര്‍. പുതിയ കാബിനില്‍ പുതിയ 6.5 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. 10.3 ഇഞ്ച് ഡിസ്‌പ്ലേ ഓപ്ഷണലായി ലഭിക്കും. പുതിയ എക്‌സ്4 എസ്‌യുവിയുടെ എം40ഡി വേരിയന്റ് ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിക്കും.

2019 ബിഎംഡബ്ല്യു എക്‌സ്5

നിലവില്‍ ഇന്ത്യയില്‍ വിറ്റുകൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവിക്ക് പകരമാണ് 2019 മോഡല്‍ എക്‌സ്5 വരുന്നത്. നാലാം തലമുറയിലെത്തിയപ്പോള്‍ മിഡ് സൈസ് ലക്ഷ്വറി എസ്‌യുവി ഓഫ്-റോഡിംഗ് ശേഷിയുള്ളവനായിരിക്കുന്നു. ഡിസൈന്‍ പരിഷ്‌കരിച്ചു. സാങ്കേതികവിദ്യകള്‍ നല്‍കുകയും ചെയ്തു. കാബിന്‍ ഇപ്പോള്‍ കൂടുതല്‍ ആഡംബരപൂര്‍ണ്ണമാണ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ (ഡിജിറ്റല്‍ കോക്പിറ്റ്), സ്പീച്ച് റെക്കഗ്നിഷന്‍, 4 സോണ്‍ എയര്‍ കണ്ടീഷണിംഗ് സിസ്റ്റം തുടങ്ങിയവ കാബിന്‍ സവിശേഷതകളാണ്. പനോരമിക് ഗ്ലാസ് റൂഫ് ലഭിച്ചിരിക്കുന്നു. ബ്രേക്കിംഗ് ഫംഗ്ഷന്‍ സഹിതം ക്രൂസ് കണ്‍ട്രോള്‍, കൊളീഷന്‍ വാണിംഗ്, പെഡസ്ട്രിയന്‍ വാണിംഗ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്. ക്ലാര്‍ (ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്5 നിര്‍മ്മിച്ചിരിക്കുന്നത്. എസ്‌യുവിയുടെ വലുപ്പം വര്‍ധിച്ചിരിക്കുന്നു. പുതിയ എക്‌സ്5 എസ്‌യുവിയുടെ ഹുഡിന് കീഴില്‍ 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ കാണാനാകും. ഡീസല്‍ എന്‍ജിന്‍ വ്യത്യസ്ത ട്യൂണുകളില്‍ ലഭ്യമായിരിക്കും. സ്റ്റാന്‍ഡേഡായി 18 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്5 വരുന്നത്.

2019 ബിഎംഡബ്ല്യു എക്‌സ്7

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പൂര്‍ണ്ണമായും പുതിയ എസ്‌യുവിയാണ് എക്‌സ്7. 2017 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യു ‘കണ്‍സെപ്റ്റ് എക്‌സ്7 ഐപെര്‍ഫോമന്‍സ്’ പ്രദര്‍ശിപ്പിച്ചത്. 2018 ഒക്‌റ്റോബര്‍ 17 ന് ഫുള്‍ സൈസ് ലക്ഷ്വറി എസ്‌യുവി ഔദ്യോഗികമായി അനാവരണം ചെയ്തു. ബിഎംഡബ്ല്യുവിന്റെ ക്ലാര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയിരിക്കുന്ന എക്‌സ്7 ഇനി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ഫഌഗ്ഷിപ്പ് എസ്‌യുവിയാണ്. തീര്‍ച്ചയായും ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവിയുടെ മുന്നിലാണ് ഓള്‍ ന്യൂ എക്‌സ്7 എസ്‌യുവിയുടെ സ്ഥാനം. 2019 മോഡലായാണ് ഓള്‍ ന്യൂ എക്‌സ്7 ഇന്ത്യയിലെത്തുന്നത്. പുതിയ എക്‌സ്5 പോലെ, ബിഎംഡബ്ല്യു എക്‌സ്7 എസ്‌യുവി 7 സീറ്ററാണ്. ബട്ടണുകള്‍ കുറവായതിനാല്‍ കാബിന്‍ ഡിസൈന്‍ ലളിതമാണെന്ന് പറയാം. കണ്‍ട്രോളുകള്‍ മിക്കതും ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനിലാണ്. പുറംകാഴ്ച്ചയില്‍, ഒരു മാസ് എസ്‌യുവിയാണ് ഓള്‍ ന്യൂ ബിഎംഡബ്ല്യു എക്‌സ്7. എന്‍ജിന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ 3.0 ലിറ്റര്‍ വി6 എന്‍ജിന്‍, ബിഎംഡബ്ല്യു എം5 ഉപയോഗിക്കുന്ന 4.4 ലിറ്റര്‍ വി8 എന്‍ജിന്‍ എന്നിവ നല്‍കിയേക്കും. ഈ മാസം 31 നാണ് ഓള്‍ ന്യൂ ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

2019 മെഴ്‌സേഡീസ് ബെന്‍സ് ജിഎല്‍ഇ

പുതു തലമുറ ജിഎല്‍ഇ ക്ലാസ് ഇതാദ്യമായി 7 സീറ്റര്‍ വേര്‍ഷനില്‍ ലഭിക്കും. എന്നാല്‍ 7 സീറ്റര്‍ വേര്‍ഷന്‍ ഓപ്ഷണലാണ്. മെഴ്‌സേഡീസ് ബെന്‍സ് എസ്-ക്ലാസുമായി സാദൃശ്യം പുലര്‍ത്തുന്നതാണ് കാബിന്‍ ലേഔട്ട്. വോയ്‌സ് ആക്റ്റിവേഷന്‍ സൗകര്യത്തോടെ എംബിയുഎക്‌സ് (മെഴ്‌സേഡീസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ്) മള്‍ട്ടിമീഡിയ സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. മെഴ്‌സേഡീസ് ബെന്‍സ് എസ്-ക്ലാസില്‍ അരങ്ങേറിയ 12.3 ഇഞ്ച് വൈഡ്‌സ്‌ക്രീന്‍ കോക്പിറ്റ് ഡിസ്‌പ്ലേ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ 2019 മോഡല്‍ ജിഎല്‍ഇ ക്ലാസിന് ലഭിച്ചു. ഹാന്‍ഡ് മൂവ്‌മെന്റ് ഡിറ്റക്ഷന്‍, ‘ഹായ് മെഴ്‌സേഡീസ്’ വോയ്‌സ് കമാന്‍ഡ് റെക്കഗ്നിഷന്‍ എന്നീ ഫീച്ചറുകള്‍ ഉള്ളതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. മെഴ്‌സേഡീസിന്റെ ‘എയര്‍മാറ്റിക്’ എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം നല്‍കിയതോടെ കയറുമ്പോഴും ഇറങ്ങുമ്പോഴും 2019 മെഴ്‌സേഡീസ് ബെന്‍സ് ജിഎല്‍ഇ 40 മില്ലി മീറ്റര്‍ താഴ്ന്നുതരും. ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, 20 ഇഞ്ച് എഎംജി അലോയ് വീലുകള്‍, ഇല്യുമിനേറ്റഡ് ഗ്രാബ് ഹാന്‍ഡിലുകള്‍, ഇല്യുമിനേറ്റഡ് റണ്ണിംഗ് ബോര്‍ഡുകള്‍, ആക്റ്റിവ് ഹൈ ബീം അസിസ്റ്റ് സഹിതം സ്റ്റാറ്റിക് എല്‍ഇഡികള്‍, ഓട്ടോമാറ്റിക് 2 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ട്രാഫിക് സൈന്‍ അസിസ്റ്റ് എന്നിവ സവിശേഷതകളാണ്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍, 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍.

2019 പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ്

2018 ജൂലൈയില്‍ ചൈനയിലാണ് പോര്‍ഷെ മകാന്‍ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തത്. എസ്‌യുവിയുടെ രൂപകല്‍പ്പനയില്‍ വലിയ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഒരുകൂട്ടം പുതിയ സുരക്ഷാ, കണക്റ്റിവിറ്റി ഫീച്ചറുകള്‍ നല്‍കി. ഫ്രണ്ട് ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കി. മൂത്ത സഹോദരനായ കയെനില്‍ നല്‍കിയതുപോലെ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ ഇപ്പോള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ മകാനിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഇതാണ്. പുതിയ 21, 22 ഇഞ്ച് അലോയ് വീലുകള്‍, വലിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ വിശേഷങ്ങളാണ്. 7 ഇഞ്ചിന് പകരം 11 ഇഞ്ച് വലുപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. പുതിയ കയെനില്‍ കണ്ട പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് (പിസിഎം) സിസ്റ്റം ലഭിച്ചു. ഓരോ വാഹനവും പൂര്‍ണ്ണമായും നെറ്റ്‌വര്‍ക് ചെയ്യുന്ന കണക്റ്റ് പ്ലസ് മോഡ്യൂള്‍ മകാനില്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഹീറ്റഡ് വിന്‍ഡ്‌സ്‌ക്രീന്‍, എയര്‍ അയോണൈസര്‍ എന്നിവ സവിശേഷതകളാണ്.

Comments

comments

Categories: Auto
Tags: suv