ബിനാലെ സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി തപാല്‍ വകുപ്പ് കൗണ്ടര്‍

ബിനാലെ സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി തപാല്‍ വകുപ്പ് കൗണ്ടര്‍

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ തപാല്‍ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ നമ്മെ സ്വീകരിക്കുന്നത് ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന മരംകൊണ്ടു നിര്‍മിച്ച രണ്ട് വലിയ പെട്ടികളാണ്. എന്നാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കാനുള്ള പ്രിന്റര്‍ സൂക്ഷിച്ചിരിക്കുന്നതും ഈ പെട്ടികളിലൊന്നിലാണെന്നത് ഏറെ കൗതുകമുണര്‍ത്തുന്നു.

സന്ദര്‍ശകര്‍ക്ക് സ്വന്തം ചിത്രം വച്ചുള്ള സ്റ്റാമ്പ് ഇവിടെ നല്‍കുന്നു. ആര്‍ക്കു വേണമെങ്കിലും ഇഷ്ടമുള്ള ചിത്രം നല്‍കി അത് നിശ്ചിത ഡിസൈനില്‍ സ്റ്റാമ്പായി തത്സമയം അച്ചടിച്ചു നല്‍കും. അഞ്ചു രൂപ വിലയുള്ള ഇവ സാധാരണ സ്റ്റാമ്പുകള്‍ പോലെ തപാല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 12 എണ്ണം വരുന്ന ഷീറ്റുകളിലാണ് സ്റ്റാമ്പുകള്‍ അച്ചടിക്കുന്നത്. സേവന നിരക്കടക്കം 300 രൂപയാണ് ഇതിന്റെ വില.

പുത്തന്‍ വിപണന തന്ത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പോസ്റ്റ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് എറണാകുളം ഡിവിഷന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അശ്വതി എം പറഞ്ഞു. ബിനാലെ കാണാനെത്തുന്നവരില്‍ ഏറെയും തപാല്‍ വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കാറുണ്ട്. സ്റ്റാമ്പു ശേഖരണം നടത്തുന്നവര്‍ക്ക് പ്രത്യേക എക്കൗണ്ട് വഴി പുതുതായി ഇറങ്ങുന്ന സ്റ്റാമ്പുകള്‍ വീട്ടിലെത്തിച്ചു നല്‍കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഫിലാറ്റെലിക് ഡിപോസിറ്റ് എക്കൗണ്ട് വഴിയാണ് ഇത് നടപ്പാക്കുന്നത്.

സുഗന്ധമുള്ള സ്റ്റാമ്പുകള്‍, ചണം കൊണ്ടുണ്ടാക്കിയ സഞ്ചി, മൂന്ന് വ്യത്യസ്തയിനം സുഗന്ധദ്രവ്യങ്ങള്‍, തപാല്‍ വകുപ്പിന്റെ സ്മരണികയായ കപ്പ് എന്നിവയടങ്ങിയ സമ്മാനപ്പൊതിയും ഇവിടെ ലഭ്യമാണ്. കൂടാതെ വകുപ്പിന്റെ എല്ലാ ബാങ്ക് എക്കൗണ്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആരംഭിക്കാനും ഈ സ്റ്റാള്‍ വഴി സാധിക്കും. ഋഷികേശ്, ഗംഗോത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ഗംഗാജലവും ഈ സ്റ്റാള്‍ വഴി വില്‍ക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും പഴയ സേവനദാതാക്കളിലൊന്നാണ് തപാല്‍ വകുപ്പ്. ബാങ്കിംഗിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും ഇന്ന് മുന്നോട്ടു പോകുന്ന തപാല്‍ വകുപ്പിന്റെ നയത്തിന്റെ പ്രതിഫലനമാണ് ബിനാലെയിലെ സ്റ്റാളിലും കാണാനുള്ളത്. ഗൃഹാതുരത്വമുണര്‍ത്തുന്നതാണ് തപാല്‍ വകുപ്പിന്റെ സ്റ്റാളെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇന്‍ലാന്റും കാര്‍ഡും സ്റ്റാമ്പുകളുമെല്ലാം സ്മരണകളെ ഉണര്‍ത്തുന്നുവെന്നു മാത്രമല്ല, എഴുത്തിന്റെ പ്രാധാന്യം വിളിച്ചോതുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശകരില്‍ നിന്നും മികച്ച പ്രതികരണമാണ് തപാല്‍ വകുപ്പിന് ലഭിക്കുന്നതെന്നും അശ്വതി പറഞ്ഞു. ബിനാലെ ലോഗോ പതിച്ച സ്റ്റാമ്പിനും ആവശ്യക്കാരേറെയുണ്ട്. നീലക്കുറിഞ്ഞിയുടെ പശ്ചാത്തലത്തിലുള്ള ഡിസൈനിലും സ്റ്റാമ്പുകള്‍ ഇക്കുറി ഇറക്കിയിട്ടുണ്ട്. കലാസൃഷ്ടികളുടെയും പ്രശസ്ത വ്യക്തികളുടെയും പേരില്‍ ഇറക്കിയിട്ടുള്ള സ്റ്റാമ്പുകള്‍ വലുതാക്കി ഫ്രെയിം ചെയ്തും ഈ സ്റ്റാളില്‍ ലഭ്യമാണ്.

Comments

comments

Categories: FK News

Related Articles