ബാങ്കുകള്‍ തിരികെപ്പിടിച്ചത് 40,400 കോടി രൂപ

ബാങ്കുകള്‍ തിരികെപ്പിടിച്ചത് 40,400 കോടി രൂപ

26,500 കോടി രൂപയാണ് സര്‍ഫാസി ആക്റ്റ് അനുസരിച്ചുള്ള നടപടികളിലൂടെ തിരിച്ചുപിടിച്ചത്

ന്യൂഡെല്‍ഹി: 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ തങ്ങളുടെ കിട്ടാക്കടങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത് 40,400 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാപ്പരത്ത നിയമം, സര്‍ഫാസി ആക്റ്റ്, വായ്പാ വീണ്ടെടുപ്പിനായുള്ള െൈട്രബ്യൂണലുകള്‍, ലോക് അദാലത്തുകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് തിരിച്ചടവില്‍ വീഴ്ച വരുത്തിയവരില്‍ നിന്നുള്ള വീണ്ടെടുപ്പ് ബാങ്കുകള്‍ നടത്തിയത്. കിട്ടാക്കടങ്ങളുടെ വീണ്ടെടുപ്പില്‍ മികച്ച പുരോഗതിയാണ് നേടിയിട്ടുള്ളതെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടങ്ങളില്‍ നിന്ന് 38,500 കോടിരൂപയുടെ വീണ്ടെടുപ്പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

4,900 കോടി രൂപയുടെ വീണ്ടെടുപ്പാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാപ്പരത്ത നിയമത്തിലൂടെ സാധ്യമായത്. 26,500 കോടി രൂപ സര്‍ഫാസി ആക്റ്റ് അനുസരിച്ചുള്ള നടപടികളിലൂടെയും തിരിച്ചുപിടിച്ചു. ബാങ്കിംഗ് മേഖലയിലെ മുന്നേറ്റങ്ങളും പ്രവണതകളും സംബന്ധിച്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സര്‍ഫാസി നിയമത്തില്‍ വരുത്തിയ ഭേഗദതി പ്രകാരം ആസ്തി വിവരങ്ങള്‍ കൈമാറാത്ത വായ്പക്കാരനും
30 ദിവസ കാലയളവിനുള്ളില്‍ പണയ വസ്തു ഏറ്റെടുക്കാത്ത വായ്പാദാതാവിനും മൂന്നു മാസംവരെ തടവ് ശിക്ഷ ലഭിക്കാം. ഇത് വീണ്ടെടുക്കല്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.  വായ്പാ വീണ്ടെടുപ്പിനായുള്ള െൈട്രബ്യൂണലുകള്‍, ലോക് അദാലത്തുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള വീണ്ടെടുപ്പിലും കേസുകളുടെ എണ്ണത്തിലും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് ( പാപ്പരത്ത നിയമം) വഴിയുള്ള ശരാശരി വീണ്ടെടുക്കല്‍ മറ്റു വഴികളെ അപേക്ഷിച്ച് മികച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ ബെഞ്ചുകള്‍ വര്‍ധിപ്പിച്ചതുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത് പാപ്പരത്ത നിയമ പ്രകാരമുള്ള നടപടികള്‍ക്ക് ആവശ്യമായ സമയം കുറച്ചുവെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

ഇത്തരത്തിലുള്ള വീണ്ടെടുപ്പിനു പുറമേ സമ്മര്‍ദിത ആസ്തികള്‍ മറ്റു ബാങ്കുകള്‍ക്കോ എന്‍ബിഎഫ്‌സികള്‍ക്കോ ആസ്തി പുനര്‍നിര്‍ണയ കമ്പനികള്‍ക്കോ വിറ്റുകൊണ്ടും ബാങ്കുകള്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ ശുദ്ധീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളാണ് തങ്ങളുടെ ആസ്തികളുടെ വില്‍പ്പനയില്‍ ഉല്‍സാഹത്തോടെയുള്ള നടപടികള്‍ കൈക്കൊണ്ടത്. നിരവധി മാനേജ്‌മെന്റ് സങ്കീര്‍ണതകളാണ് പൊതുമേഖലാ ബാങ്കുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

Comments

comments

Categories: FK News
Tags: Bank