2018 ബാങ്കിംഗ് മേഖലയ്ക്ക് നല്‍കിയ പ്രഹരങ്ങള്‍…

2018 ബാങ്കിംഗ് മേഖലയ്ക്ക് നല്‍കിയ പ്രഹരങ്ങള്‍…

ബാങ്കിംഗ് മേഖലയില്‍ പടിയിറക്കങ്ങളുടെ വര്‍ഷമായിരുന്നു 2018. പക്ഷേ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയായിരുന്നു കൂട്ടത്തില്‍ ഏറ്റവും ഞെട്ടിച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേയായിരുന്നു ഊര്‍ജിത് ഗവര്‍ണര്‍ സ്ഥാനം വേണ്ടെന്നു വെച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജിയെങ്കിലും നരേന്ദ്രമോദി സര്‍ക്കാരുമായുള്ള ഇടച്ചിലായിരുന്നു യഥാര്‍ത്ഥ കാരണമായി വിലയിരുത്തപ്പെടുന്നത്

150 വര്‍ഷത്തെ പാരമ്പര്യമുള്ള ലെഹ്മാന്‍ ബ്രദേഴ്‌സ് എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനം 2008ല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അത് അമേരിക്കയിലെ സമ്പദ് വ്യവസ്ഥയെ ഒന്നാകെ പിടിച്ചുലച്ചിരുന്നു. ക്രമേണ പൊതുസ്ഥാപനങ്ങളില്‍, പ്രത്യേകിച്ച് ബാങ്കുകളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുകയും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. ലോക സമ്പദ് വ്യവസ്ഥയെ ഒന്നാകെ ബാധിച്ച ആ പ്രതിസന്ധിയില്‍ ഇന്ത്യ പിടിച്ചുനിന്നു.

പക്ഷേ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലും ലെഹ്മാന്‍ ബ്രെദേഴ്‌സ് ആവര്‍ത്തിക്കുമോയെന്ന ആശങ്ക സമ്മാനിച്ച വര്‍ഷമാണ് കടന്നുപോയത്. ഒരുപിടി സംഭവവികാസങ്ങള്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയെ പിടിച്ചുലയ്ക്കുകയും ജനങ്ങള്‍ക്ക് ബാങ്കുകളിലുള്ള വിശ്വാസം ചെറിയ തോതിലെങ്കിലും നഷ്ടപ്പെടുകയും ചെയ്ത വര്‍ഷമായിരുന്നു 2018. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ രാജി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രമുഖ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പടക്കമുള്ള സംഭവവികാസങ്ങളാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്ക് മങ്ങലേല്‍പ്പിച്ചത്. ഇതുവരെ സല്‍പ്പേര് കാത്തുസൂക്ഷിച്ച സ്വകാര്യ ബാങ്കുകളും നിലതെറ്റി വീണ കാഴ്ചയ്ക്കാണ് 2018 സാക്ഷിയായത്. ഒരുനിര തട്ടിപ്പുകളും പ്രമുഖരായ സിഇഒമാരുടെ രാജിവെക്കലും ബാങ്കിംഗ് മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ത്തു.

2019 ബാങ്കിംഗ് മേഖലയ്ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. 2018ല്‍ ഉച്ചസ്ഥായിയിലെത്തിയ കിട്ടാക്കടങ്ങള്‍ക്ക് വരുംവര്‍ഷം ശമനമുണ്ടാകുമെന്നാണ് ഔദ്യോഗികമായ രേഖകള്‍ സൂചിപ്പിക്കുന്നത്. 2018ല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രൂപ പതുക്കെ നില മെച്ചപ്പെടുത്തുന്നതും ആശ്വാസമാണ്. പുതുതായി നിയമിക്കപ്പെട്ട റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കേന്ദ്രവും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കാം.

പുതുവര്‍ഷത്തിലേക്ക് കടക്കും മുമ്പ് ഈ വര്‍ഷം ബാങ്കിംഗ് മേഖലയ്ക്ക് തിരിച്ചടിയായ സംഭവങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

കിട്ടാക്കടത്തില്‍ കൈകടത്തി ആര്‍ബിഐ

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ കിട്ടാക്കടം കുമിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനൊരു അറുതി വരുത്താനെന്നോണം 2018 ഫെബ്രുവരിയില്‍ റിസര്‍വ്വ ബാങ്ക് ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ കണ്ടെത്തുന്നതിനും പെട്ടന്ന് നടപടി സ്വീകരിക്കുന്നതിനുമായി ചില നിയമങ്ങള്‍ മുന്നോട്ടുവെച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ചൊല്ലി ഈ നിയമങ്ങളെ ബാങ്കിംഗ് മേഖല എതിര്‍ത്തു. ഈ നിയമങ്ങളില്‍ ചില ഇളവുകള്‍ വരുത്താന്‍ സര്‍ക്കാരടക്കം സമ്മര്‍ദ്ദം ചെലുത്തിയിട്ടും ആര്‍ബിഐ വഴങ്ങിയില്ല.

കിട്ടാക്കടം കണ്ടെത്തുന്നതില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ ഭാഗമായി നിരവധി ബാങ്കുകള്‍ക്കെതിരെ റിസര്‍വ്വ് ബാങ്ക് തിരുത്തല്‍ നടപടികള്‍ക്കുള്ള പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയുടെ ഭാഗമായി വായ്പ കൊടുക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യയിലെ 21 പൊതുമേഖല ബാങ്കുകളില്‍ പതിനൊന്നെണ്ണവും ഈ നിയന്ത്രണങ്ങള്‍ക്ക് വിധേയരായി. സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായി കിട്ടാക്കട നയം മാറി.

പക്ഷേ ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ പിന്നീട് ബാങ്കിംഗ് മേഖലയ്ക്ക് ഗുണം ചെയ്തു. സര്‍ക്കാര്‍ ബാങ്കുകളിലെ നിഷ്‌ക്രിയാസ്തി കുറഞ്ഞുതുടങ്ങി. മാര്‍ച്ചില്‍ 14.6 ശതമാനമായിരുന്ന കിട്ടാക്കടങ്ങള്‍ സെപ്റ്റംബര്‍ ആയപ്പോഴേക്കും 14.1 ശതമാനമായി കുറഞ്ഞുവെന്ന് ഡിസംബര്‍ ഒടുവില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുതന്നെ സ്ഥിരീകരണമുണ്ടായി.

പിഎന്‍ബി തട്ടിപ്പ്

ഇന്ത്യയുടെ ചരിത്രം ഇതുവരെ കാണാത്ത ബാങ്കിംഗ് തട്ടിപ്പ് നടന്ന വര്‍ഷം കൂടിയായിരുന്നു 2018. രാജ്യത്തെ രണ്ടാമത്തെ വലിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കായ പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ മുംബൈ ബ്രാഞ്ചില്‍ നടന്ന വന്‍ തിരിമറി പുറത്തുവന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കൂടി ഏഴ് വര്‍ഷം കൊണ്ട് 14,000 കോടി രൂപയുടെ(2 ബില്യണ്‍ ഡോളര്‍) തട്ടിപ്പാണ് പിഎന്‍ബിയില്‍ നടത്തിയത്.

കഴിഞ്ഞ ജനുവരി 30ന് നീരവ് മോദിക്കും ചോക്‌സിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും അതിനോടകം തന്നെ അവര്‍ രാജ്യം വിട്ടിരുന്നു. അഭയസ്ഥാനം സംബന്ധിച്ച് ഇടയ്ക്കിടയ്ക്ക് സൂചന ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇവര്‍ ഒളിവില്‍ തന്നെയാണ്.

തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ബാങ്കിംഗ് മേഖലയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി അലഹബാദ് ബാങ്ക് സിഇഒ ഉഷ അനന്തസുബ്രഹ്മണ്യത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 2015 ഓഗസ്റ്റ് മുതല്‍ 2017 മേയ് വരെ പിഎന്‍ബിയിലെ മേധാവിയായിരുന്നു ഇവര്‍. ഉഷ അനന്തസുബ്രഹ്മണ്യം ആര്‍ബിഐയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് തട്ടിപ്പിലേക്ക് നയിച്ചതെന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.

മറ്റ് ബാങ്കുകളിലെ തട്ടിപ്പുകള്‍

പിഎന്‍ബി തട്ടിപ്പ് പുറത്തായതോടെ ബാങ്കിംഗ് മേഖലയിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഒരുനിര തട്ടിപ്പുകള്‍ വെളിച്ചത്തുവന്നു.

പെന്നുകളിലെ പ്രമുഖ ബ്രാന്‍ഡായ റോട്ടോമാക്, ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര ശുദ്ധീകരണ കമ്പനികളിലൊന്നായ സിബൗളി ഷുഗര്‍ തുടങ്ങി ഒട്ടനവധി പ്രമുഖ കമ്പനികള്‍ ഉള്‍പ്പെട്ട തട്ടിപ്പുകള്‍ പുറത്തായി. ടെലികോം കമ്പനിയായ എയര്‍സെലിന്റെ മുന്‍ പ്രമോട്ടറായ സി ശിവശങ്കരന്റെ പേരും തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു.

ചന്ദ കൊച്ചാറിന്റെ പതനം

സമ്പത്തില്‍ സ്വകാര്യ ബാങ്കുകളില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ഐസിഐസിഐ ബാങ്ക് സിഇഒ ആയിരുന്ന ചന്ദ കൊച്ചാര്‍ ബിസിനസ് പ്രാവീണ്യം കൊണ്ട് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ ശക്തി തെളിയിച്ച സ്ത്രീ സാന്നിധ്യമാണ്. പക്ഷേ സ്വജനപക്ഷപതം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ 34 വര്‍ഷം നീണ്ട ബന്ധം ഉപേക്ഷിച്ച് ചന്ദ കൊച്ചാര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു.

കൊച്ചാറിന്റെ ഭര്‍ത്താവ് സ്ഥാപിച്ച നൂപവര്‍ റിന്യൂവബിള്‍സ് എന്ന കമ്പനിക്ക് പരിധിവിട്ട് ലോണുകള്‍ നല്‍കിയെന്നതായിരുന്നു ചന്ദ കൊച്ചാറിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ആദ്യം കൊച്ചാറിനൊപ്പം ദൃഢമായി നിന്ന ബാങ്കിന് അവസാനം അവര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കേണ്ടതായി വന്നു. ജൂലൈയില്‍ കൊച്ചാര്‍ ദീര്‍ഘകാല അവധിയില്‍ പോയതിനെ തുടര്‍ന്ന് ബാങ്ക് ഇടക്കാല സിഇഒയെ നിയമിച്ചു. തുടര്‍ന്ന് ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ വിട്ടു.

ശിഖ ശര്‍മ്മയുടെ പുറത്തുപോക്ക്

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയും ആയ ശിഖ ശര്‍മ്മയും കമ്പനിയില്‍ നിന്നും പുറത്തുപോകുകയാണ്. കലാവാധി അവസാനിക്കുന്നതിനും രണ്ടും വര്‍ഷം മുമ്പാണ് ശിഖയുടെ ഇറങ്ങിപ്പോക്ക്. ശിഖയുടെ മേല്‍നോട്ടത്തിലുള്ള ബാങ്കിന്റെ പ്രകടനത്തില്‍ ആര്‍ബിഐക്കുള്ള അതൃപ്തിയാണ് ഇപ്പോള്‍ അവരുടെ രാജിയിലെത്തി നില്‍ക്കുന്നത്.

2009ല്‍ ആക്‌സിസ് ബാങ്ക് മേധാവിയായി ശിഖ ചുമതലയെടുത്തതിന് ശേഷം ബാങ്കിന്റെ റീട്ടെയില്‍, നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ മെച്ചപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാങ്കിന്റെ കിട്ടാക്കടം വര്‍ധിക്കുകയും ലാഭം കൂപ്പുകുത്തുകയും ചെയ്തു.

ഉഷ അനന്തസുബ്രഹ്മണ്യം, ചന്ദ കൊച്ചാര്‍, ശിഖ ശര്‍മ്മ തുടങ്ങിയ ഉന്നത വനിത ഉദ്യോഗസ്ഥരുടെ പുറത്തുപോകലോടെ പൊതുവെ പുരുഷ ആധിപത്യമുള്ള ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ ഉന്നതതലങ്ങളിലെ സ്ത്രീ സാന്നിധ്യം നാമമാത്രമായി ചുരുങ്ങി.

ലയനവും ആശങ്കകളും

ബാങ്ക് ലയനമെന്നത് തങ്ങളുടെ മുഖ്യ അജണ്ടകളിലൊന്നാണെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ സെപ്റ്റംബറില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേന ബാങ്ക്, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ ബാങ്ക്, വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളുടെ മെഗാ ലയനം കേന്ദ്രം പ്രഖ്യാപിക്കുന്നത്.

വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ബാങ്കുകളാണ്. എന്നാല്‍ നഷ്ടം നേരിടുന്ന ദേന ബാങ്കിന് ആര്‍ബിഐയുടെ തിരുത്തല്‍ നടപടി പ്ലാനിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം നേരിടേണ്ടി വന്നിട്ടുണ്ട്.

ലയനത്തിലൂടെ ഒന്നാകുന്ന ബാങ്കിന് 14 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാകുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും എച്ച്ഡിഎഫ്‌സിയ്ക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി അത് മാറുമെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.

പുതിയ ബാങ്കിന്റെ വിജയം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആത്മവിശ്വാസത്തിലാണെങ്കിലും ബാങ്ക് ജീവനക്കാര്‍ക്ക് ഇക്കാര്യത്തിലുള്ള ആശങ്ക തുടരുകയാണ്. പൊതു,സ്വകാര്യ മേഖലകളിലെ ബാങ്ക് ജീവനക്കാര്‍ ഇക്കഴിഞ്ഞ 26ാം തീയ്യതി ബന്ദ് ആചരിച്ചത് ലയനത്തിനെതിരെയുള്ള പ്രതിഷേധസൂചകമായാണ്. ബാങ്ക് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ലയനം ദോഷകരമാണെന്നാണ് ഇവരുടെ വാദം.

ഐഎല്‍ ആന്‍ഡ് എഫ്എസ് പ്രതിസന്ധി

ബാങ്കിതര ധനകാര്യ ധനകാര്യ സ്ഥാപനമായ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍(ഐഎല്‍ ആന്‍ഡ് എഫ്എസ്) ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ ബാങ്കിംഗ് രംഗത്തെയൊന്നാകെ ആശങ്കയിലാഴ്ത്തി. ചില തിരിച്ച് കൊടുക്കലുകളില്‍ വീഴ്ച വരുത്തിയതോടെ 169 ശാഖകളും അനുബന്ധ സ്ഥാപനങ്ങളും പങ്കാളിത്ത സ്ഥാപനങ്ങളുമുള്ള ഐഎല്‍ ആന്‍ഡ് എഫ്എസ് എന്ന വന്‍കിട ധനകാര്യ സ്ഥാപനം നഷ്ടത്തിലാണെന്നതിന് സൂചനകള്‍ ലഭ്യമായി തുടങ്ങി.

ഇതിന്റെ പ്രത്യാഘാതങ്ങള്‍ ക്രെഡിറ്റ് മാര്‍ക്കറ്റിലും ഓഹരിവിപണിയിലും ദൃശ്യമായി. ഇതിനിടെ നിരവധി ബാങ്കുകള്‍ മുന്‍കരുതലെന്നോണം മറ്റ് ബാങ്കിതര സാമ്പത്തിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ കൊടുക്കാന്‍ വിസമ്മതിക്കുമെന്ന പ്രതീതി രാജ്യത്തുടലെടുത്തു. തുടര്‍ന്ന് കേന്ദ്രം വിഷയത്തില്‍ ഇടപെടുകയും വിപണിയില്‍ കറന്‍സി ലഭ്യത എളുപ്പമാകുന്ന തരത്തില്‍ ചില ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആര്‍ബിഐയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണെന്ന നിലപാടില്‍ ആര്‍ബിഐ ഉറച്ചു നില്‍ക്കുകയായിരുന്നു.

രൂപയുടെ പതനം

വ്യാപാരയുദ്ധത്തിന്റെ ഭീതിയില്‍ സാമ്പത്തികമായി വളര്‍ന്നുവരുന്ന രാഷ്ട്രങ്ങളിലെ കറന്‍സികള്‍ ദുര്‍ബലമാകുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും ഡോളറിന്റെ കരുത്തും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ചതും രൂപയ്ക്ക് കനത്ത ആഘാതമായി. ഇങ്ങനെ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി മാറി രൂപ. ഏകദേശം 10 ശതമാനം മൂല്യത്തകര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രൂപ നേരിട്ടത്. ഒക്ടോബര്‍ അവസാനം വരെയുള്ള കാലഘട്ടത്തില്‍ 5 ശതമാനം മൂല്യവര്‍ധന ഉണ്ടായിരുന്നിട്ടു കൂടിയാണിത്.

രൂപയുടെ തകര്‍ച്ച ബാങ്കുകള്‍ക്കും മറ്റ് ബിസിനസ് മേഖലകള്‍ക്കും കനത്ത തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില തകരാന്‍ തുടങ്ങിയതോടെ രൂപ തിരിച്ചുകയറി. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ രൂപ സ്ഥിതി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം.

യെസ് ബാങ്ക് ചീഫും പുറത്തേക്ക്

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ മറ്റൊരു പ്രമുഖ വ്യക്തിത്വമായ യെസ് ബാങ്ക് സിഇഒ റാണ കപൂറും പുറത്താക്കപ്പെടുന്ന ബാങ്ക് സിഇഒമാരില്‍ ഒരാളാണ്. 2019 ജനുവരി 31ന് അപ്പുറത്തേക്ക് റാണയുടെ കാലാവധി നീട്ടാന്‍ വിസമ്മതിച്ച ആര്‍ബിഐ പക്ഷേ തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. യെസ് ബാങ്ക് സ്ഥാപകനായ റാണ കപൂര്‍ 14 വര്‍ഷമായി കമ്പനി മേധാവിയായി തുടരുകയായിരുന്നു.

കിട്ടാക്കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിരന്തരമായി വരുത്തിയ വീഴ്ചയാണ് കപൂറിന്റെ പുറത്താക്കലില്‍ കലാശിച്ചതെന്നാണ് പൊതുവെയുള്ള അഭിപ്രായം. 2017ല്‍ വര്‍ഷം ആര്‍ബിഐ നടത്തിയ സാമ്പത്തികശേഷി പരിശോധനയില്‍ 6,355 കോടി രൂപയുടെ കിട്ടാക്കടം ബാങ്ക് മറച്ചുവെച്ചതായി കണ്ടെത്തി. റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ മൂന്നിരട്ടിയോളം വരും ഈ തുക.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ പടിയിറക്കം

ബാങ്കിംഗ് മേഖലയില്‍ പടിയിറക്കങ്ങളുടെ വര്‍ഷമായിരുന്നു 2018. പക്ഷേ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയായിരുന്നു കൂട്ടത്തില്‍ ഏറ്റവും ഞെട്ടിച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേയായിരുന്നു ഊര്‍ജിത് ഗവര്‍ണര്‍ സ്ഥാനം വേണ്ടെന്നു വെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജിയെങ്കിലും നരേന്ദ്രമോദി സര്‍ക്കാരുമായുള്ള ഇടച്ചിലായിരുന്നു യഥാര്‍ത്ഥ കാരണം.

റിസര്‍വ്വ് ബാങ്കിലെ ധനശേഖരം ഏറ്റെടുക്കല്‍, ലോണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണാധികാരം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ കേന്ദ്രവും ആര്‍ബിഐ ഗവര്‍ണറും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു.

Comments

comments

Categories: Top Stories
Tags: 2018