മൊബീല്‍ വിപണിയില്‍ ശ്രദ്ധ നേടിയ പത്ത് സ്മാര്‍ട്ട്‌ഫോണുകള്‍

മൊബീല്‍ വിപണിയില്‍ ശ്രദ്ധ നേടിയ പത്ത് സ്മാര്‍ട്ട്‌ഫോണുകള്‍

ഏറ്റവുമധികം ഇന്നൊവേഷനുകള്‍ നടക്കുന്ന മേഖലയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി. പുതിയ ഫീച്ചറുകളും സൗകര്യങ്ങളും അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി മൊബീല്‍ വിപണി ശക്തി പ്രാപിക്കുമ്പോള്‍ പോയ വര്‍ഷം വിപണിയില്‍ ശ്രദ്ധ നേടിയ പത്ത് സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

ഷഓമി റെഡ്മി നോട്ട് 6 പ്രോ

സാംസംഗിനെ പിന്നിലാക്കി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിര ബ്രാന്‍ഡായി മാറിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി തങ്ങളുടെ ഇടത്തരം വിലയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ ശ്രേണിയായ റെഡ്മിയില്‍ അവതരിപ്പിച്ച നോട്ട് 5 പ്രോയുടെ പിന്‍തുടര്‍ച്ചയായി വിപണിയിലെത്തിച്ചതാണ് നോട്ട് 6. എഐ പിന്തുണയുള്ള ക്വാഡ്കാമറ സംവിധാനവും 4000 എംഎഎച്ച് ശേഷിയും ക്വിക്ക് ചാര്‍ജിംഗ് പിന്തുണയുള്ളതുമായ ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. രണ്ടു ദിവസം വരെ ഫോണ്‍ ബാറ്ററിയുടെ ആയുസ് നീണ്ടു നില്‍ക്കുമെന്നാണ് ഷഓമിയുടെ അവകാശവാദം. എംഐയുഐ 10ന്റെ പല നിലകളിലുള്ള ഒപ്റ്റിമൈസേഷനാണ് റെഡ്മി നോട്ട് 6 പ്രോയുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കുന്നത്. ഫഌപ്കാര്‍ട്ടിലെ ആദ്യ വില്‍പ്പനയില്‍ തന്നെ ഫോണിന്റെ ആറു ലക്ഷം യൂണിറ്റാണ് വിറ്റുപോയത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 ഒക്റ്റാകോര്‍ പ്രോസസര്‍, ലൈവ് പോട്രേയ്റ്റ് പ്രിവ്യു ഉള്ള പോട്രേയ്റ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ കാമറയില്‍ സാധിക്കുന്ന 20 എംപി+ 2 എംപി എഐ ഡ്യുവല്‍ സെല്‍ഫി കാമറ, വെളിച്ചം കുറവാണെങ്കില്‍ പോലും മിഴിവേറിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന 12 എംപി + 5 എംപി എഐ ഡ്യുവല്‍ പ്രൈമറി കാമറ, 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.

റിയല്‍മി യു1

വര്‍ഷാവസാനം പുറത്തിറങ്ങിയ റിയല്‍മി യു1 ഒക്‌റ്റോബറില്‍ നടന്ന ഫഌപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയില്‍ പത്ത് ലക്ഷം യൂണിറ്റാണ് വിറ്റുപോയത്. ജലത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സെല്‍ഫി കാമറയില്‍ 25 മെഗാ പിക്‌സല്‍ സോണി ഐഎംഎക്‌സ്576 സെന്‍സര്‍, പിന്നില്‍ 13 എംപി, 2 എംപി വീതമുള്ള ഡ്യുവല്‍ കാമറകള്‍, 3500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

ഷഓമി പോകോ എഫ്1

20,999 രൂപ വിലയുള്ള ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഫോണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 12 എംപി, 5 എംപി പ്രൈമറി കാമറകള്‍, 20 എംപി സെല്‍ഫി കാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. കുറഞ്ഞ വിലയില്‍ പോകോ എഫ്1 ഇപ്പോള്‍ ലഭ്യമാണ്. എഫ്2 പുറത്തിറക്കാന്‍ കമ്പനി തയാറെടുക്കുന്നതായും സൂചനകളുണ്ട്.

വണ്‍പ്ലസ് 6ടി

ഒക്‌റ്റോബര്‍ മാസം പുറത്തിറങ്ങിയ വണ്‍പ്ലസ് 6ടി വണ്‍പ്ലസ് 6ന്റെ മറ്റൊരു പതിപ്പാണ്. ഫിംഗര്‍ പ്രിന്റ് സെന്‍സറുള്ള ആദ്യത്തെ വണ്‍പ്ലസ് ഫോണ്‍ എന്ന സ്ഥാനം നേടിയ 6ടിയ്ക്ക് ജലത്തെ പ്രതിരോധിക്കുന്ന ഡിസ്‌പ്ലേയാണുള്ളത്. സാധാരണ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഡിസംബറില്‍ എഫ്1 ടീം മക്ലാറെനുമായി സഹകരിച്ച് 6ടിയുടെ വണ്‍പ്ലസ് 6ടി മക്ലാറെന്‍ എഡിഷന്‍ എന്ന പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു. പത്ത് ജിബി റാമും വാര്‍പ് ചാര്‍ജ് ടെക്‌നോളജിയും ഇതിന്റെ പ്രത്യേകതകളാണ്.

സാംസംഗ് ഗാലക്‌സി നോട്ട് 9

സാംസംഗ് ഇതു വരെ വിപണിയിലെത്തിച്ചതില്‍ ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള സ്മാര്‍ട്ട്‌ഫോണായിരുന്നു സാംസംഗ് ഗാലക്‌സി നോട്ട് 9. സാംസംഗ് ഫോണുകളിലെ ഏറ്റവും ബാറ്ററി ലൈഫ് ഈ ഫോണിനാണ്. 4000 എംഎഎച്ച് ശേഷിയുള്ള നോട്ട് 9 ബാറ്ററി ശേഷി കുറവാണെന്ന ുപഭോക്താക്കളുടെ പൊതു പരാതി ഒരു പരിധി വരെ പരിഹരിക്കാന്‍ കമ്പനിയെ സഹായിച്ചു. ഫോണില്‍ വിവിധ ആക്റ്റിവിറ്റികള്‍ ചെയ്യാന്‍ കഴിയുന്ന മഞ്ഞ നിറത്തിലുള്ള എസ് പേനയും കണ്‍ട്രോള്‍ ബട്ടണുമായിരുന്നു ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഗൂഗിള്‍ പിക്‌സല്‍ 3എക്‌സ്എല്‍

ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പിക്‌സല്‍ ശ്രേണിയില്‍ പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 3എക്‌സ്എല്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ്. ഈ വിഭാഗത്തിലെ പല സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെയും കടത്തിവെട്ടിയ പിക്‌സല്‍ 3എക്‌സ്എല്ലിന് വിപണിയില്‍ ഐഫോണ്‍ എക്‌സ്എസ് മാക്‌സിനേക്കാള്‍ നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചു. ആന്‍ഡ്രോയിഡ് 9 പൈ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, സ്‌ക്രീന്‍ സ്‌പേസ് വര്‍ധിപ്പിക്കുന്ന നോച്ച് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഐഫോണ്‍ എക്‌സ്ആര്‍

ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ് എന്നിവ നല്‍കുന്ന അതേ അനുഭവമാണ് 76,990 രൂപയുടെ ഐഫോണ്‍ എക്‌സ്ആര്‍ നല്‍കുന്നത്. ലിക്വഡ് റെറ്റിന ഡിസ്‌പ്ലേ എന്നറിയപ്പെടുന്ന എല്‍സിഡി ഡിസ്‌പ്ലേ, ഐഫോണ്‍ എക്‌സ്എസ്, എക്‌സ്എസ് മാക്‌സ് എന്നിവയില്‍ ഉപയോഗിക്കുന്ന അതേ ആപ്പിള്‍ എ12 ബയോണിക് പ്രോസസര്‍, 12 എംപി പ്രൈമറി കാമറ, 7 എംപി സെല്‍ഫി കാമറ എന്നിവ ഐഫോണ്‍ എക്‌സ്ആറിന്റെ പ്രത്യേകതകളാണ്. പോയ വര്‍ഷം ആപ്പിള്‍ വിപണിയിലെത്തിച്ച എല്ലാ ഐഫോണുകള്‍ക്കും ഒരു ഭൗതികമായ സിം കാര്‍ഡും ഒരു ഇലക്ട്രോണിക് സിം കാര്‍ഡും ഉപയോഗിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

വിവോ നെക്‌സ്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഇന്നൊവേറ്റീവായ ഫോണായി വിവോ നെക്‌സിനെ വിശേഷിപ്പിക്കാവുന്നതാണ്. എങ്ങനെ സ്മാര്‍ട്ട്‌ഫോണുകളിലെ ഡിസ്‌പ്ലേ സ്‌പേസ് വര്‍ധിപ്പിക്കാമെന്നുള്ളതിന് ഉത്തമോദാഹരണമായിരുന്നു ഈ ഫോണ്‍. സെല്‍ഫി കാമറ മോട്ടോറൈസ്ഡ് സ്ലൈഡര്‍ സംവിധാനത്തില്‍ ഘടിപ്പിച്ചുകൊണ്ടാണ് ഫോണ്‍ ഇത് സാധ്യമാക്കിയത്. സ്‌ക്രീന്‍ സ്‌പേസ് വര്‍ധിപ്പിക്കാന്‍ ഇത്തരത്തിലൊരു പരിഹാരം നിര്‍ദേശിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഫോണായിരിക്കും വിവോ നെക്‌സ്.

ഓപ്പോ ഫൈന്‍ഡ് എക്‌സ്

വിവോ നെക്‌സിന് കടുതത് വെല്ലുവിളിയുയര്‍ത്തിയ സെല്‍ഫി കാമറയോടു കൂടിയാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ് വിപണിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫോണുകളില്‍ മികച്ച രൂപകല്‍പ്പന അവകാശപ്പെടാവുന്ന ഫൈന്‍ഡ് എക്‌സിന് സ്ലൈഡ് അപ്പ് കാമറ ഫീച്ചറാണുള്ളത്. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫൈന്‍ഡ് എക്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍ ഉപയോഗിച്ചിരിക്കുന്ന ഓപ്പോയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ്.

പാം ഫോണ്‍

പോയവര്‍ഷത്തെ മനോഹരവുമായി രൂപകല്‍പ്പന ചെയ്ത ഫോണാണ് പാം ഫോണ്‍. സൗകര്യപ്രദമായി കയ്യിലൊതുങ്ങുന്ന പാം ഫോണിനെ സ്മാര്‍ട്ട്‌ഫോണിന്റെ ലഘൂകരിച്ച പതിപ്പാണിതെന്ന് പറയാം. ഇവയുടെ ഡിസ്‌പ്ലേ സാധാരണ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളേക്കാള്‍ രണ്ടു മടങ്ങ് ചെറുതാണ്. ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ എല്ലാ ആപ്പുകളെയും തന്നെ പിന്തുണയ്ക്കുന്നുണ്ട്. പാം ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയിട്ടില്ല.

Comments

comments

Categories: Tech
Tags: smartphone