തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ഊര്‍ജിത ശ്രമം

തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ഊര്‍ജിത ശ്രമം

വേജ് കോഡ് ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുന്നതിന്റെ നടപടികള്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: നിര്‍ണായക തൊഴില്‍ പരിഷ്‌കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി പുതുവര്‍ഷത്തില്‍ മുന്നോട്ടു പോകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. വ്യാവസായിക ബന്ധങ്ങളുമായും വേതനവുമായും ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ക്കെങ്കിലും പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

പാര്‍ലമെന്ററി സ്ഥിര സമിതിയുടെ പരിശോധനയ്ക്ക് ശേഷം ഭേദഗതി വരുത്തിയ വേജ് കോഡ് ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുന്നതിന്റെ നടപടികള്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റ് 10നാണ് വേതന വ്യവസ്ഥയ്ക്കായുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് സ്ഥിര സമിതിയുടെ പരിശോധനയ്ക്ക് വിടുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്ലും തെരഞ്ഞെടുപ്പിന് മുന്നോടിയായി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയം നടത്തുന്നുണ്ട്. എന്നാല്‍ നേരത്തേ നിര്‍ദേശിച്ച ബില്ലില്‍ നിന്ന് ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചില വിവാദ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

രണ്ടാം ലേബര്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നാല് പുതിയ തൊഴില്‍ നിയമങ്ങല്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. തൊഴിലാളികളുടെ വേതനം, സാമൂഹ്യ സുരക്ഷയും ക്ഷേമവും, തൊഴില്‍ സുരക്ഷയും ആരോഗ്യവും സുരക്ഷിത തൊഴില്‍ സാഹചര്യവും, വ്യാവസായിക ബന്ധങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിയമങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ വ്യവസ്ഥകളെ കൂട്ടിയോജിപ്പിച്ചും കൂടുതല്‍ പ്രയോഗികമാക്കിയും ലളിതമാക്കിയുമാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുകയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പിച്ചുകൊണ്ടു തന്നെ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം സജ്ജമാക്കുന്നത് ലക്ഷ്യമിട്ടാണ് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗങ്‌വാര്‍ പറയുന്നു. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ബില്ലിന്റെ പ്രാഥമിക കരട് 2017 മാര്‍ച്ച് 16ന് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍മേല്‍ ഉയര്‍ന്നുവന്ന വിവിധ നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പുതുക്കിയ കരട് 2018 മാര്‍ച്ച് 1ന് പ്രസിദ്ധീകരിച്ചു. തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സാഹചര്യവും സംബന്ധിച്ച ബില്ലിന്റെ കരടും അഭിപ്രായങ്ങള്‍ തേടി 2018 മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഈ ബില്ലുകള്‍ വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ ചര്‍ച്ചയിലാണ്.

Comments

comments

Categories: FK News
Tags: Labour