2019ല്‍ ലക്ഷ്യം 20 ശതമാനം വളര്‍ച്ച, പ്രതീക്ഷ തനിഷ്‌കില്‍: ടൈറ്റന്‍

2019ല്‍ ലക്ഷ്യം 20 ശതമാനം വളര്‍ച്ച, പ്രതീക്ഷ തനിഷ്‌കില്‍: ടൈറ്റന്‍

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി വരുമാനത്തിന്റെ 80 ശതമാനവും തനിഷ്‌ക് ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്ന ടൈറ്റന്റെ സ്വര്‍ണവ്യാപാരത്തില്‍ നിന്നുമാണ് ലഭിച്ചതെന്ന് ടൈറ്റന്‍

ബെംഗളൂരു: അടുത്ത വര്‍ഷം 20 ശതമാനത്തിന്റെ വളര്‍ച്ചാലക്ഷ്യവുമായി വാച്ച് ആന്‍ഡ് ആക്‌സസറീസ് നിര്‍മ്മാതാക്കളായ ടൈറ്റന്‍. 2018നെ അപേക്ഷിച്ച് 2019ലെ വിവാഹസീസണ്‍ ശക്തമായിരിക്കുമെന്നും അത് തങ്ങളുടെ സ്വര്‍ണവിപണിക്ക് ഗുണകരമാകുമെന്നും ടൈറ്റന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഭാസ്‌കര്‍ ഭട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്വര്‍ണവിപണിയില്‍ ഈ വര്‍ഷം 25 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്, ഏകദേശം അത്രതന്നെയോ അല്ലെങ്കില്‍ അതിലും അല്‍പം കുറവോ വളര്‍ച്ച ഈ വര്‍ഷം ഉണ്ടായി. ആദ്യപാദത്തില്‍ ഉണ്ടായ തകര്‍ച്ചയാണ്, പ്രതീക്ഷിച്ച വളര്‍ച്ചയ്ക്ക് തടസമായത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി വരുമാനത്തിന്റെ 80 ശതമാനവും തനിഷ്‌ക് ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്ന ടൈറ്റന്റെ സ്വര്‍ണവ്യാപാരത്തില്‍ നിന്നുമാണ് ലഭിച്ചതെന്നും ഭട്ട് വ്യക്തമാക്കി.

വിവാഹസീസണെ തുടര്‍ന്നാണ് ആദ്യപാദത്തില്‍ വളര്‍ച്ച മന്ദഗതിയിലായത്. പക്ഷേ ജൂണോടെ തനിഷ്‌ക് ബിസിനസ് തിരിച്ചുപിടിച്ചു. സ്വര്‍ണവിപണിയുടെ തട്ടിപ്പുകള്‍ക്കിടെ വിശ്വസ്തമായ ബ്രാന്‍ഡ് തേടിയെത്തിയ പുതിയ ഉപഭോക്താക്കളാണ് തനിഷ്‌കിന് വളര്‍ച്ചയേകിയത്. ഒക്ടോബറിന് ശേഷവും തനിഷ്‌ക് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

വിവാഹ സ്വര്‍ണാഭരണ വില്‍പ്പനയില്‍ അടുത്ത വര്‍ഷം കൂടുതല്‍ മികച്ചതാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ വിവാഹങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ സ്വര്‍ണവിപണി കൂടുതല്‍ സജീവമായിരിക്കുമെന്നും ഭട്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണവിപണി പൊതുവെ മന്ദഗതിയിലായിരുന്നു. 39 ശതമാനം സ്വര്‍ണ ഇറക്കുമതി മാത്രമാണ് കാലഘട്ടത്തില്‍ നടന്നത്. എന്നാല്‍ ആ പാദത്തില്‍ ടൈറ്റന്റെ സ്വര്‍ണവിപണിയില്‍ 16 ശതമാനം വളര്‍ച്ച ദൃശ്യമായെങ്കിലും വരുമാന വളര്‍ച്ച മന്ദഗതിയിലായിരുന്നുവെന്ന് ഭട്ട് പറയുന്നു. നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട പിഎന്‍ബി തട്ടിപ്പിന്റെ പ്രത്യാഘാതങ്ങള്‍ സ്വര്‍ണവിപണിയിലാകമാനം നിഴലിച്ചു. ചെറുകിട സ്വര്‍ണവ്യാപാരികള്‍ അടക്കം ഗുരതരമായ തിരിച്ചടി നേരിട്ട സമയമായിരുന്നു അതെന്ന് ഭട്ട് അഭിപ്രായപ്പെട്ടു. എന്നാല്‍ വിശ്വസ്തമായ ജ്വല്ലറി ഗ്രൂപ്പെന്ന നിലയ്ക്ക് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റന്‍ ബ്രാന്‍ഡ് തനിഷ്‌ക് ഈ പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനിന്നു.

വാച്ച് വിപണിയില്‍ നിന്നും 10-12 ശതമാനത്തിന്റെ വളര്‍ച്ചയാണ് വരും വര്‍ഷം ടൈറ്റന്‍ പ്രതീക്ഷിക്കുന്നത്. കണ്ണട, സ്‌കിന്‍ ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്ന സുഗന്ധ ഉല്‍പ്പന്നങ്ങള്‍, തനേരിയ ഹാന്‍ഡ്‌ലൂം സാരി എന്നിവ സുസ്ഥിരമായ വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്നും ഭട്ട് അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: Titan