പങ്കാളിത്തം ശക്തമാക്കാന്‍ സുസുക്കിയും ടൊയോട്ടയും

പങ്കാളിത്തം ശക്തമാക്കാന്‍ സുസുക്കിയും ടൊയോട്ടയും

ചെറുകാറുകളുടെ വില്‍പ്പനയിലെ പാഠങ്ങള്‍ മാരുതി സുസുക്കിയില്‍ നിന്നും പഠിക്കാന്‍ ടൊയോട്ട. പ്രീമിയം കാര്‍ വിപണി കെട്ടിപ്പടുക്കുന്നതിന് ടൊയോട്ടയുടെ സഹായം മാരുതിക്കും ലഭിക്കും

മുംബൈ: ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ പോരാടുന്ന വാഹനനിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും ജനകീയ സ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃകമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും ഓഹരി പങ്കാളിത്തമൊഴികെ മറ്റെല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തമാക്കാന്‍ തയാറെടുക്കുന്നു.

സജീവമായ ഓട്ടോമൊബീല്‍ വിപണിയില്‍ പരസ്പരം വൈദഗ്ധ്യം നേടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികളുടെ ഈ നീക്കം. നിര്‍മാണ, വില്‍പ്പന പ്രവര്‍ത്തനങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ഘടനാ സംവിധാനങ്ങള്‍ക്ക് വേണ്ടി പരസ്പരം കൈമാറുന്ന മാതൃകകളുടെ റോയല്‍റ്റി പേമെന്റുകള്‍ തുടങ്ങിയ മേഖലകള്‍ വിപുലപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഇരുകമ്പനികളും ചേര്‍ന്ന് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുനരുപയോഗ ഊര്‍ജം, സുരക്ഷ, വിവരസാങ്കേതികവിദ്യ, വാഹനങ്ങളുടെ ഘടകഭാഗങ്ങളും ഉല്‍പ്പന്നങ്ങളും പരസ്പരം കൈമാറല്‍ തുടങ്ങിയവയില്‍ ഇരുകമ്പനികളും ഉഭയകക്ഷി പങ്കാളിത്തം പ്രഖ്യാപിച്ചതു മുതല്‍ രണ്ട് വര്‍ഷത്തോളമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അതേസമയം, ജപ്പാനില്‍ വെച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഇരുകമ്പനികള്‍ക്കും സാധ്യമായ ഓഹരി പങ്കാളിത്തം സംബന്ധിച്ച വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്പരം മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനുമാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം നല്‍കുന്നത്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് ആറാം സ്ഥാനത്താണുള്ളത്. ജാപ്പനീസ് കമ്പനികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശ്ക്തമാകുന്നത് ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ എന്ന സ്ഥാനം സുസുക്കിക്ക് ഊട്ടിഉറപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ടൊയോട്ടയുടെ സങ്കീര്‍ണവും കൂടുതല്‍ ഘടനാപരവും സമയം ചെലവഴിക്കേണ്ടതുമായ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാറുകളുടെ വിലനിലവാരത്തെ കുറിച്ച് ഉപഭോക്താക്കള്‍ വളരെ ശ്രദ്ധപുലര്‍ത്തുന്ന ഇന്ത്യ പോലുള്ള വിപണിയില്‍ സുസുക്കിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ലളിതവും കാര്യക്ഷമവുമാണെന്ന് ടൊയോട്ട കമ്പനി ചിന്തിക്കുന്നു.

പര്‌സ്പരം എങ്ങനെ സഹകരിക്കണം, മനസ്സിലാക്കണം എന്നിവ സംബന്ധിച്ച് ടൊയോട്ടയും സുസുക്കിയും ഇതിനകം ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. മാരുതിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ടൊയോട്ടയ്ക്ക് പഠിക്കേണ്ടതുണ്ട്. മാരുതിയുടെ പ്രവര്‍ത്തനങ്ങലെല്ലാം ലളിതമാണ്, കാര്യക്ഷമവുമാണ്. അതേസമയം, ടൊയോട്ടയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെങ്കിലും സങ്കീര്‍ണമാണ്.

ടൊയോട്ട കണ്ടെത്തിയ കെയ്‌സണ്‍ ( ജാപ്പനീസ് ഭാഷയില്‍ മെച്ചപ്പെടുത്തല്‍) എന്ന ആശയത്തിലടിസ്ഥാനമാക്കിയാണ് കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. എന്നാല്‍ ടൊയോട്ടക്ക് മാറ്റം വരുത്താനാകില്ല, സുസുക്കിയുടെ പ്രവര്‍ത്തന രീതി പിന്തുടരുകയും വേണം. അല്ലാത്ത പക്ഷം പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കാന്‍ പ്രയാസമായിരിക്കും. മികച്ച സഹകരണം, ആരോഗ്യകരമായ മല്‍സരം-ഇതാണ് പങ്കാളിത്തത്തിന്റെ ആശയം. ഇന്ത്യന്‍ വിപണിയില്‍ വലിയ വിഹിതം കരസ്ഥമാക്കാന്‍ ഇരു കമ്പനികളും മല്‍സരിക്കുകയും ചെയ്യും. ചെറുകാറുകളുടെ വില്‍പ്പനയിലെ പാഠങ്ങള്‍ മാരുതി സുസുക്കിയില്‍ നിന്നും പഠിക്കാന്‍ ടൊയോട്ട. പ്രീമിയം കാര്‍ വിപണി കെട്ടിപ്പടുക്കുന്നതിന് ടൊയോട്ടയുടെ സഹായം മാരുതിക്കും ലഭിക്കും, ഇതാണ് സഹകരണത്തിന്റെ അടിസ്ഥനമായി വര്‍ത്തിക്കുകയെന്നാണ് സൂചന.

Comments

comments

Categories: Auto
Tags: Suzuki, Toyota