സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട്; ചെലവഴിച്ചത് 19 ശതമാനം മാത്രം

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട്; ചെലവഴിച്ചത് 19 ശതമാനം മാത്രം

10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ടില്‍ നിന്ന് ഡിസംബര്‍ അവസാനത്തോടെ 1,900 കോടി രൂപയാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഫണ്ടില്‍ നിന്ന് 3,300 കോടി രൂപ അനുവദിക്കാനാണ് പദ്ധതി

ബെംഗളൂരു: മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കര്‍മപദ്ധതിയ്ക്കു കീഴിലുള്ള 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ടിന്റെ 19 ശതമാനം മാത്രമാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിനായി വെഞ്ച്വര്‍ കാപ്പിറ്റല്‍(വിസി) സ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയതെന്ന് കണക്കുകള്‍. ഡിസംബര്‍ അവസാനത്തോടെ 1,900 കോടി രൂപയാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഫണ്ട് ഓഫ് ഫണ്ട് കൈകാര്യം ചെയ്യുന്ന സിഡ്ബിയുടെ(ചെറുകിട വ്യവസായ വികസന ബാങ്ക്) സിഎംഡിയായ മുഹമ്മദ് മുസ്തഫ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം വരെ ഫണ്ടിന്റെ 15 ശതമാനം അതായത് 1,500 കോടി രൂപയാണ് ഫണ്ടില്‍ നിന്നും വകയിരുത്തിയത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഫണ്ട് ഓഫ് ഫണ്ടില്‍ നിന്ന് വിസികള്‍ക്ക് 3,300 കോടി രൂപ (ഫണ്ടിന്റെ 33 ശതമാനം)അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രാരംഭഘട്ട സംരംഭങ്ങളെ നിക്ഷേപ സമാഹരണത്തിന് സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഫണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപം നടത്താറില്ല, വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്. ആ വിസികള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സംഭാവനയുടെ ഇരട്ടിയെങ്കിലും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിരിക്കണമെന്ന് നിബന്ധയുണ്ട്.

ഐടി അതോറിറ്റികള്‍ ഏയ്ഞ്ചല്‍ നികുതി നല്‍കണം എന്നു കാണിച്ച് നോട്ടീസയച്ച് ബുദ്ധിമുട്ടിപ്പിക്കുന്നുവെന്നു കാണിച്ച് കഴിഞ്ഞ രണ്ടാഴ്ച്ചകളായി ആയിരക്കണക്കിന് സംരംഭകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ സറ്റാര്‍ട്ടപ്പുകളില്‍ നിന്ന് ബലമായി നികുതി ഈടാക്കാനുള്ള നടപടികളൊന്നുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടെക്‌നോളജി ഉപയോഗിച്ചുള്ള ഓട്ടോമേഷന്‍ വഴി അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പദ്ധതിക്കു കീഴില്‍ നിക്ഷേപം സമാഹരണത്തിന് താല്‍പ്പര്യമുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട് വേഗത്തിലുള്ള ഫണ്ട് വിതരണം ഉറപ്പാക്കുമെന്നും മുഹമ്മദ് മുസ്തഫ പറഞ്ഞു. ഫണ്ട് ഓഫ് ഫണ്ടിന് വലിയ ആവശ്യകതയാണുള്ളത്. ധാരാളം വിസികള്‍ ഇതിനായി മുന്നോട്ടു വരുന്നുണ്ട്. ഫണ്ടിനായുള്ള അപേക്ഷകള്‍ ഭൗതികമായി പൂരിപ്പിക്കാനും സിഡ്ബിയുമായി ആശയവിനിമയം നടത്താനുമായി ഒരു ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട് ഇത് അപേക്ഷകളിന്‍മേല്‍ ഫണ്ടിന് അനുമതി ലഭിക്കാനുള്ള കാലാവധി രണ്ടു മുതല്‍ മൂന്നു മാസം വരെ കുറയ്ക്കാന്‍ സഹായിക്കും- അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഫണ്ടിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ അത് അനുവദിക്കാന്‍ നാലഞ്ച് മാസം കാലതാമസമുണ്ട്. കെ കാപ്പിറ്റല്‍, ഒറിയോസ് വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവരെല്ലാം ഫണ്ട് ഓഫ് ഫണ്ടില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച വിസികളാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട് 14,15 സാമ്പത്തിക കമ്മീഷന്‍ കാലയളവില്‍ നിക്ഷേപിക്കാനാണ് വിഭാവന ചെയ്യുന്നത്.

Comments

comments

Categories: FK News
Tags: Startup fund