ലാഭക്കണക്കുകള്‍ പറയുന്ന കാട കൂടുകള്‍

ലാഭക്കണക്കുകള്‍ പറയുന്ന കാട കൂടുകള്‍

വൈറ്റ് കോളര്‍ ജോലി തന്നെ വേണമെന്ന് യുവാക്കള്‍ വാശിപിടിച്ചു നിന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മികച്ച ലാഭം കിട്ടുന്നതും കുറഞ്ഞ ചെലവില്‍ ചെയ്യാന്‍ കഴിയുന്നതുമായ ബിസിനസുകളിലാണ് യുവാക്കളുടെ കണ്ണ്. ഈ അവസരത്തിലാണ് കാടക്കോഴി വളര്‍ത്തലിന് പ്രസക്തിയേറുന്നത്. 1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്.വരുമാനത്തിന്റെ കാര്യത്തിലും ഏകദേശം അങ്ങനെ തന്നെ, കോഴി വളര്‍ത്തലിനേക്കാള്‍ ഒരുപടി മുന്നിലാണ് കാട വളര്‍ത്തലിന്റെ സ്ഥാനം. കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കാടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. ഇതുകൊണ്ടു തന്നെയാണ് ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു സൈഡ് ബിസിനസ് എന്ന നിലയില്‍ കാടവളര്‍ത്തല്‍ നടത്തുന്നത്.ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമായ കാടയുടെ ഇറച്ചിക്കും മുട്ടക്കും വിപണിയില്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടെന്നതിനാല്‍ വില്‍പനയില്‍ വീഴ്ചപറ്റുമോ എന്ന പേടി വേണ്ട

 

ഡിഗ്രി പഠനം കഴിഞ്ഞ ശേഷം പലവിധ ജോലിക്കും അപേക്ഷിച്ചു, ഒടുവില്‍ കുടുംബത്തെ പുലര്‍ത്താനുള്ള വേതനം ലഭിക്കുന്ന ജോലിയൊന്നും ലഭിക്കാതെ വന്നപ്പോഴാണ് കാര്‍ഷിക പാരമ്പര്യമുള്ള വീട്ടില്‍ ജനിച്ച മലപ്പുറം സ്വദേശിയായ അഖില്‍ കാടവളര്‍ത്തലിലേക്ക് കടന്നത്. ഒരു പരീക്ഷണം എന്ന നിലക്ക് 100 കാടകളുമായായിരുന്നു തുടക്കം. മുട്ടയ്ക്ക് വേണ്ടിയാണ് പ്രധാനമായും കാട വളര്‍ത്തല്‍ തുടങ്ങിയത്. എന്നാല്‍ വലിയ പണച്ചെലവില്ലാത്തതും എന്നാല്‍ മികച്ച വരുമാനം തിരികെ ലഭിക്കുന്നതുമായ കാട വളര്‍ത്തല്‍കൊണ്ട് നേട്ടങ്ങള്‍ ഏറെ ഉണ്ടാക്കാനാകും എന്ന് താമസിയാതെ അഖില്‍ പഠിച്ചു. മുട്ടയ്ക്ക് വേണ്ടി മാത്രം കാടയെ വളര്‍ത്തിയിരുന്ന അഖില്‍ പതിയെ മാംസത്തിനായി കൂടി കാട വളര്‍ത്തല്‍ ആരംഭിച്ചു. കാട വളര്‍ത്തലില്‍ ശാസ്ത്രീയമായ ട്രൈനിംഗ് നേടിയ ശേഷം കാടക്കൂടുകള്‍ വാങ്ങി കാട വളര്‍ത്തല്‍ ആരംഭിച്ച അഖില്‍ ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച കാട കര്‍ഷകരില്‍ ഒരാളാണ്. വരുമാനം ഒന്നുമില്ലാതിരുന്ന അഖിലിന് ഇന്ന് പ്രതിമാസം പതിനായിരക്കണക്കിന് രൂപയുടെ സമ്പാദ്യം ഈ മേഖലയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇത് അഖിലിന്റെ മാത്രം കാര്യമല്ല, കാട വളര്‍ത്തല്‍ വരുമാനമുള്ള ഒരു ബിസിനസാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

ഗ്രാമ നഗര വ്യത്യാസമില്ലാത്ത കാട

പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയവക്കെല്ലാം ഗ്രാമപ്രദേശങ്ങളാണ് കൂടുതലായും തെരെഞ്ഞെടുക്കാറുള്ളത്. ഇവയ്ക്കായി ധാരാളം സ്ഥലം വേണം, എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാല്‍ കാട വളര്‍ത്തലിന് സ്ഥലപരിമിതി ഒരു വിഷയമാകില്ല. നഗരത്തിലെ തിരക്കേറിയ ജീവിതത്തിലും കാട വളര്‍ത്തലിലൂടെ വരുമാനം നേടാനാകും. കോഴികളെ പുറത്തിറക്കി വിടുന്നത് പോലെ കാടകളെ തുറന്നു വിടേണ്ടതില്ല. വലുപ്പത്തില്‍ തീരെ ചെറുതായ കാടക്കോഴികളെ കൂടിനുള്ളില്‍ ഇട്ടുതന്നെ വളര്‍ത്താന്‍ കഴിയും. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത കൂടുകളും ലഭ്യമാണ്. കൂടു വൃത്തിയാക്കാനും, തീറ്റ നല്‍കാനും മുട്ടയെടുക്കാനുമൊക്കെയുള്ള വഴികള്‍ ഇത്തരം കൂടുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. കാട മുട്ടയുടേയും മാംസത്തിന്റേയും പോഷകമൂല്യവും ഔഷധമേന്മയും സ്വാദും മനസ്സിലാക്കിയത്തിനു ശേഷമാണ് കാടകളുടെ വിപണി വര്‍ധിച്ചത്. ഒരുകാലത്ത് കാടിനുള്ളില്‍ മാത്രം ജീവിച്ചിരുന്ന കാടകളെയാണ് വിപണി സാധ്യത മനസിലാക്കി നാട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയത്.
ഇപ്പോള്‍ നൂതന പ്രജനന പ്രക്രിയകളിലൂടെ കാടകളെ കൂടുതലായി വികസിപ്പിച്ചെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വില്‍ക്കുന്നു. പല മുന്‍നിര ഹോട്ടലുകളിലെയും മുന്‍നിരവിഭവങ്ങളുടെ കൂട്ടത്തില്‍ തന്നെ കാടകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വ്യാവസായികാടിസ്ഥാത്തിലെ കാട വളര്‍ത്തല്‍ വിജയിച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നത്. ഇന്ന് നിരവധി വനിതകളും വനിതകളുടെ നേതൃത്വത്തിലുള്ള സൊസൈറ്റികളും കാടവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രാദേശിക വിപണിയില്‍ ഇറച്ചിക്കായി കാടകളെ വിറ്റുകൊണ്ടാണ് ഇവര്‍ വരുമാനം കണ്ടെത്തുന്നത്.

പ്രത്യേകതകള്‍ ഏറെ

സാധാരണ കോഴികളില്‍ നിന്നും വ്യത്യസ്തമായി എടുത്തു പറയാന്‍ ഒട്ടേറെ സവിശേഷതകളുളള പക്ഷിയാണ് കാടകള്‍. വളരെ വലുപ്പം കുറഞ്ഞ ഈ പക്ഷികള്‍ക്ക് ചുരുങ്ങിയ ജീവിതചക്രമാണ് ഉള്ളത്. കോഴി മുട്ട വിരിഞ്ഞു വളര്‍ച്ചയെത്തി മുട്ടയിടാന്‍ കാത്തിരിക്കുന്നതിന്റെ പകുതി സമയത്തിനുള്ളില്‍ ഒരു കാടക്കോഴിയുടെ ജീവിതചക്രം പൂര്‍ത്തിയാകുന്നു. മുട്ട വിരിയുന്നതിന് 16- 18 ദിവസങ്ങള്‍ മതിയാകും. മാത്രമല്ല, വളരെ പെട്ടന്ന് ഇവക്ക് വലുപ്പം വയ്ക്കുന്നു. പൂര്‍ണ വളര്‍ച്ച പ്രാപിച്ചാലും ശരീരവലിപ്പം കുറവായതിനാല്‍ ഇവയെ വളര്‍ത്താന്‍ കുറച്ചു സ്ഥലം മതി. അതായത് ഒരു കോഴിയെ വളര്‍ത്തുന്നതിനാവശ്യമായ സ്ഥലത്ത് 6 കാടകളെ വളര്‍ത്താം. 6 ആഴ്ച പ്രായമാകുന്നതോടെ കാട മുട്ടയിട്ട് തുടങ്ങുന്നു.മാംസത്തിനായി വില്‍ക്കുമ്പോള്‍ ശരീരത്തില്‍ ഇറച്ചി ദൃഢമാകുകയും പോഷകാംശങ്ങള്‍ രൂപപ്പെടുകയും വേണമെന്നതിനാല്‍ മാംസത്തിനുവേണ്ടി വളര്‍ത്തുന്നവയെ 5- 6 ആഴ്ച പ്രായത്തിനുള്ളില്‍ വിപണിയിലെത്തിക്കാം. മുട്ടയ്ക്ക്വ വേണ്ടി വളര്‍ത്തിയാലും ഇറച്ചിക്കായി വളര്‍ത്തിയാലും കാട വളര്‍ത്തല്‍ ലാഭകരമാണ്. വര്‍ഷത്തില്‍ ശരാശരി 300ഓളം മുട്ടകള്‍ ഒരു കാടയില്‍ നിന്നും ലഭിക്കുന്നു. മൂന്നു രൂപയാണ് ഒരു കടമുട്ടയുടെ വില. ഇതില്‍ നിന്നും മനസിലാകുന്നത്. കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ് കാട വളര്‍ത്തല്‍ എന്നാണ്. ജനിച്ച് ആറാഴ്ച മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാടക്കോഴികള്‍ മുട്ടയിടുന്നത്.

കാടകളെ എങ്ങനെ വളര്‍ത്തണം ?

കാട വളര്‍ത്തലിലേക്ക് തിരിയുന്ന ഒരു വ്യക്തി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് കാടകളെ എങ്ങനെ വളര്‍ത്തണം എന്നത്. ഇത് സ്ഥലപരിമിതിയും നിക്ഷേപത്തിന്റെ അളവും നോക്കി തീരുമാനിക്കേണ്ട കാര്യമാണ്. നിലവില്‍ ഓപ്പണ്‍ ഫാമിംഗ് രീതിയിലും കേജ് ടൈപ്പിലും കേരളത്തില്‍ കാടകളെ വളര്‍ത്തുന്നുണ്ട്. കേജ് ടൈപ്പില്‍ നേരിടുന്ന ഒരേയൊരു വെല്ലുവിളി പണച്ചെലവ് കൂടുതലാണ് എന്നതാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അതൊരു ഭാരമായി തോന്നില്ല. ഓപ്പണ്‍ ഫാമിംഗ് ആണെങ്കില്‍ കോഴികളെ വളര്‍ത്തുന്നത് പോലെ തന്നെ ഉയരത്തില്‍ പറന്നു പോകാതിരിക്കുന്നതിനായി നെറ്റ് അടിച്ച ശേഷം തുറന്നിട്ട് വളര്‍ത്താം. അല്ല ഇനി കേജ് രീതിയിലുള്ള പരിപാലനമാണെങ്കില്‍ 02 ആഴ്ച പ്രായമുള്ള 100 കാടകളെ മൂന്ന് അടി നീളം 2 അടി വീതി 1 അടി ഉയരം എന്ന അളവില്‍ നി
ര്‍മിച്ച കൂട്ടില്‍ വളര്‍ത്താന്‍ സാധിക്കും. 6 ആഴ്ച പ്രായമുള്ള 60 ഗ്രോവര്‍ കാടകളെ നാല് അടി നീളം 2 അടി വീതി 10 ഇഞ്ച് ഉയരവുമുള്ള കൂട്ടില്‍ വളര്‍ത്താം. എന്നാല്‍ ക ാടകളുടെ സ്വഭാവം, പ്രായം , എന്തിന് വേണ്ടി വളര്‍ത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചു വേണം കാടക്കൂടുകള്‍ തെരഞ്ഞെടുക്കാന്‍.
ഇത്തരത്തില്‍ 20 മുട്ടക്കാടകളെ (752 ആഴ്ച പ്രായം) പാര്‍പ്പിക്കാന്‍ വേണ്ടത് രണ്ട് അടി നീളം 2 അടി വീതി 10 ഇഞ്ച് ഉയരത്തിലുള്ള കൂടുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം കൂടുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന ധാരാളം ആളുകള്‍ ഓരോ ജില്ലകളിലുമുണ്ട്. കാടകള്‍ക്ക് തീറ്റയും വെള്ളവും നല്‍കാനുള്ള വഴികളും മുട്ടകള്‍ ശേഖരിക്കുന്നതിനുള്ള വഴികളും ഇതിനുണ്ട്. തുറന്നിട്ട് വളര്‍ത്തുന്ന കാടകളെക്കാള്‍ പരിപാലനത്തിനും മറ്റും നല്ലത് കാടകളെ കൂടുകളില്‍ വളര്‍ത്തുന്നതാണ്.

പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

കാട വളര്‍ത്തുന്നവര്‍ പ്രധാനമായും ഇങ്കുബേറ്റര്‍ ഉപയോഗിച്ച് മുട്ടകള്‍ വിരിയിച്ച എടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുട്ടവിരിഞ്ഞു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിപാലനം ആവശ്യമാണ്. അല്ലാത്തപക്ഷം കാടകള്‍ പെട്ടന്ന് ചത്തുപോകാനും രോഗങ്ങള്‍ പിടിക്കാനുമുള്ള സാധ്യത ഏറെയാണ്. എങ്ങനെയാണോ കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് അതേ രീതിയില്‍ തന്നെയാണ് കാടകളെയും വളര്‍ത്തേണ്ടത്. മൂന്നാഴ്ചയോളം കാടക്കുഞ്ഞുങ്ങള്‍ക്ക് കൃത്രിമച്ചൂട് നിര്‍ബന്ധമായും നല്‍കണം. തുടക്കത്തില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് നല്‍കേണ്ടത്. അന്തരീക്ഷത്തിലെ ചൂടു കുറവാണെങ്കില്‍ മാത്രം മൂന്നാഴ്ചക്കുശേഷം ചൂട് നല്‍കേണ്ടതുള്ളൂ. വലിയ തുറസ്സായ കൂടുകളില്‍ വളര്‍ത്തുന്ന കാടകള്‍ക്ക് 100 കുഞ്ഞുങ്ങള്‍ക്ക് നാല്‍പതോ, അറുപതോ വാട്ട് ബള്‍ബ് ഇട്ടു താപനില ക്രമീകരിക്കണം. ആദ്യത്തെ രണ്ടാഴ്ച പ്രായംവരെ കാടക്കുഞ്ഞുങ്ങള്‍ക്ക് 24 മണിക്കൂറും വെളിച്ചം നല്‍കണം. മൂന്നാമത്തെ ആഴ്ച അവസാനിക്കുമ്പോള്‍ ഇത് 12 മണിക്കൂറായി കുറയ്ക്കാവുന്നതാണ്. കാടകള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ട സൗകര്യങ്ങളും ഒരുക്കി നല്‍കണം.ഒരു കാടക്കുഞ്ഞിനു 75 ചതുരശ്ര സെ.മീ. ബ്രൂഡര്‍ സ്ഥലവും യഥേഷ്ടം ഓടിനടക്കുന്നതിന് വേറെ 75 ചതുരശ്ര സെ.മീ. സ്ഥലവും നല്‍കണം. പ്രതിരോധ മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ ഭക്ഷണത്തില്‍ കലക്കി നല്‍കാം. കാട വളര്‍ത്തലില്‍ വളരെ പ്രധാനമാണ് ശുദ്ധമായ വെള്ളം നല്‍കുക എന്നത്. വൃത്തിയുള്ളതും തണുത്തതുമായ വെള്ളമായിരിക്കണം കുടിക്കാന്‍ വയ്‌ക്കേണ്ടത്. ഇത് കൃത്യമായ ഇടവേളകളില്‍ ശുദ്ധീകരിച്ചു വയ്‌ക്കേണ്ടത് ആവശ്യമാണ്. 50 കുഞ്ഞുങ്ങള്‍ക്ക് മുക്കാല്‍ ലിറ്റര്‍ വീതം വെള്ളം കൊള്ളുന്ന രണ്ടു വെള്ളപാത്രങ്ങള്‍ മതിയാവും. വെള്ളത്തില്‍ വീണു കുഞ്ഞുങ്ങള്‍ ചാകുന്നത് ഒഴിവാക്കുന്നതിനായി വെള്ളപ്പാത്രത്തില്‍ മാര്‍ബിള്‍ ഗോലികള്‍ ഇടുന്നത് നല്ലതാണ്.

മൂന്നാഴ്ച മുതല്‍ ആറാഴ്ച വരെയാണ് ഇത്തരത്തിലുള്ള പരിചരണം നടത്തേണ്ടത്.മൂന്നാഴ്ച കഴിഞ്ഞാല്‍ പിന്നെ കൃത്രിമ ചൂട് നല്‍കേണ്ട കാര്യമില്ല. ശരിയായ വളര്‍ച്ചയും ആരോഗ്യവുമില്ലാത്ത കുഞ്ഞുങ്ങളെ മറ്റു കാടകളില്‍ നിന്നും തെരഞ്ഞു മാറ്റുക എന്നതാണ് അടുത്ത പടി. ആരോഗ്യമില്ലാത്ത കാടക്കുഞ്ഞുങ്ങള്‍ക്ക് രോഗങ്ങള്‍ വരാനും അവ മറ്റു കാടകളിലേക്ക് പടരാനുമുള്ള സാഹചര്യം ഒഴിവാക്കാന്‍ ഇത് സഹായിക്കും. കഴുത്തിലേയും നെഞ്ചിലേയും തൂവലുകളുടെ നിറവ്യത്യാസത്തില്‍ നിന്നും ആണ്‍- പെണ്‍ കാടകളെ തിരിച്ചറിയാം. ആണ്‍കാടകള്‍ക്ക് ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള തൂവലുകളും പെണ്‍കാടകള്‍ക്ക് കറുപ്പു പുള്ളികള്‍ അടങ്ങിയ ചാരനിറത്തിലുള്ള തൂവലുകളും ഉണ്ടാവും.ആണ്‍കാടകളെ പ്രധാനമായും ഇറച്ചിക്കായാണ് വളര്‍ത്തുന്നത്.

ബ്രൂഡര്‍ ന്യുമോണിയ, വയറുകടി, കൊറൈസ (ശ്വാസകോശ രോഗം), അര്‍ശസ്സ് (ക്വയില്‍ ഡിസീസ്) തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായതും കടകള്‍ ബാധിക്കുന്നത്. ശുചിത്വമുള്ള അന്തരീക്ഷം, കൃത്യമായ പരിചരണം എന്നിവയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.ജാപ്പനീസ് കാടകളും ബോബ് വൈറ്റ്് കാടകളും ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തിലുള്ളതെങ്കിലും സ്റ്റബിള്‍ ബോബ് വൈറ്റ്, ഫാറൊ ഈസ്റ്റേണ്‍ എന്നീയിനം കാടകളും കൂടുതലായി വില്‍ക്കപ്പെടുന്നു. ജാപ്പനീസ് കാടകളാണ് വ്യാവസായികാടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ബ്രോയ്‌ലര്‍ കാടകള്‍, വെള്ളക്കാടകള്‍ എന്നിവയ്ക്കും ഇപ്പോള്‍ മികച്ച വിപണി സാധ്യതയാണുള്ളത്.
കുറഞ്ഞ സ്ഥലത്തും കൃഷി ആരംഭിക്കാം, വളരെ കുറഞ്ഞ മൂലധനം മാത്രം മതി, വീഴ്ച പറ്റാനുള്ള സാധ്യത വളരെ കുറവാണ്, 5 ആഴ്ചയുള്ളപ്പോള്‍ മുതല്‍ വില്‍ക്കാവുന്നതാണ്, അതിനാല്‍ വരുമാനം നേരത്തെ ലഭിക്കുന്നു, കോഴിയിറച്ചിയെക്കാള്‍ സ്വാദ്, കൊഴുപ്പ് കുറവ്. ഔഷധമൂല്യം ഏറെ കൂടുതലാണ് തുടങ്ങിയ കാര്യങ്ങളാണ് കാട വളര്‍ത്തലിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത്.ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും വരെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്നാണ് കാടമുട്ടയും ഇറച്ചിയും. ഈ രംഗത്ത് ഇത് വരെ മായം കണ്ടെത്തിയിട്ടില്ല എന്നതുതന്നെ കാടക്കൃഷിയുടെ ഭാവി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

Comments

comments

Categories: Entrepreneurship