നാളെ, നാളെ… നീളെ, നീളെ!

നാളെ, നാളെ… നീളെ, നീളെ!

പുതുവര്‍ഷത്തെ നമ്മുടെ ലക്ഷ്യമാണ് ആദ്യം നാം നിശ്ചയിക്കേണ്ടത്. പരമപ്രധാനങ്ങളായ ഒന്നോ രണ്ടോ ലക്ഷ്യങ്ങള്‍. അവയില്‍ മാത്രം ശ്രദ്ധയൂന്നുക. ഓരോ പുതുവര്‍ഷവും തന്റെ ലക്ഷ്യങ്ങളില്‍ ഒന്നോ രണ്ടോ നേടുവാന്‍ പരിശ്രമിക്കുകയാണ് ഉത്തമം. എല്ലാം കൂടി വാരിയെടുക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ചാണക്യന്‍ പറഞ്ഞ പോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തിലേക്ക് ഒരു സമയം മനസും ശരീരവും അര്‍പ്പിക്കുക

 

അമ്മ മകനോട് പരിഭവം പറയുകയാണ,് ”ഞാന്‍ എത്ര നാളായി പറയുന്നു, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷേ വായില്‍ വിരല്‍ വെക്കുന്ന നിന്റെ ഈ സ്വഭാവം മാറാത്തതെന്താണ്? നീ മനപ്പൂര്‍വം വിചാരിച്ചാല്‍ മാത്രമേ ഈ ദു:സ്വഭാവം മാറ്റുവാന്‍ സാധിക്കൂ.”

”ശരിയാണമ്മേ, ഞാനത് നാളെമുതല്‍ മാറ്റിക്കൊള്ളാം. ഇന്ന് കൂടി കഴിഞ്ഞോട്ടെ,” മകന്‍ മറുപടി പറഞ്ഞു. ഈ മറുപടിയോടെ ആ മകന്‍ നമ്മുടെ സ്വന്തം പ്രതിനിധിയായി മാറുന്നു. മാറ്റാനുള്ള സ്വഭാവങ്ങള്‍ നാളത്തേക്ക് കാത്തുസൂക്ഷിച്ചിരിക്കുന്ന ഒരുപാട് പേരുടെ പ്രതിനിധി.

എന്റെ ഒരു സുഹൃത്ത് പറയുകയാണ് ”പുതിയ വര്‍ഷം വരികയാണ്, കുറേ വര്‍ഷങ്ങളായി ചെയ്യണം എന്ന് വിചാരിക്കുന്ന പല കാര്യങ്ങളുമുണ്ട്. അത് പോലെ തന്നെ മാറ്റണം എന്ന് വിചാരിക്കുന്ന പല സ്വഭാവങ്ങളുമുണ്ട്. പുതിയ വര്‍ഷം വരുന്നതല്ലേ ഇതൊക്കെ ചെയ്യാന്‍ ഞാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.”

”എന്നാല്‍ അതിപ്പോള്‍ തന്നെ ചെയ്തു തുടങ്ങിക്കൂടേ? പുതിയ വര്‍ഷം തുടങ്ങാന്‍ കാത്തുനില്‍ക്കണോ?’ ഞാന്‍ ചോദിച്ചു. സുഹൃത്ത് തന്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കി. ഇന്ന് തുടങ്ങേണ്ടത് നാളത്തേക്കായി മാറ്റിവെക്കുന്നത് നമുക്കൊരു ശീലമായിക്കഴിഞ്ഞു. അത് മാറ്റുക എളുപ്പമല്ല. എത്രയോ വര്‍ഷങ്ങളായി നാം തീരുമാനങ്ങളെടുക്കുന്നു, അത് മാറ്റി വെക്കുന്നു, വീണ്ടും എടുക്കുന്നു. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതും ഒരു ശീലമായി മാറിയിരിക്കുന്നു.

ചാണക്യന്‍ പറയുന്നത് ശ്രദ്ധിക്കാം ”വെള്ളം നിറഞ്ഞ പാടത്ത് കൊക്ക് നിശ്ചലമായി നോക്കിയിരിക്കുന്നു. അതിന്റെ ഏകാഗ്രമായ ദൃഷ്ടിക്കു മുന്‍പില്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന മത്സ്യത്തെ മാത്രം അത് കൊത്തി വിഴുങ്ങുന്നു. എന്നുവെച്ചാല്‍ അങ്ങുമിങ്ങും പിടക്കുന്ന മത്സ്യത്തെ ലക്ഷ്യം വെക്കുകയോ അനവധി തവണ കൊത്തി വിഴുങ്ങുകയോ ചെയ്യാന്‍ ശ്രമിക്കാതെ ക്ഷമയോടുകൂടി കാത്തിരുന്ന് തന്റെ കൈപ്പിടിക്കുള്ളില്‍ വരുമ്പോള്‍ മാത്രം കൊക്ക് മത്സ്യത്തെ പിടിക്കുന്നു.”

തന്റെ ലക്ഷ്യത്തെ പ്രധാനമായി കാണുന്ന ഒരാള്‍ ചഞ്ചലപ്പെടുന്നില്ല. ലക്ഷ്യം എന്താണ് എന്ന് തീര്‍ച്ചപ്പെടുത്താത്ത, അത് തിരിച്ചറിയാത്ത ഒരാള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാണ്. ലക്ഷ്യമില്ലാതെയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടാതെ പോകുന്നത് ഈ സംഭ്രമത്തിന്റെ ഫലമായാണ്. ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത നിരവധി ലക്ഷ്യങ്ങള്‍ മനസിലുള്ള ഏതൊരാളും ഇത്തരമൊരു ആശയക്കുഴപ്പത്തിന്റെ പിടിയിലാണ്. ആദ്യം നേടാന്‍ ശ്രമിക്കേണ്ടത് ഏത് ലക്ഷ്യമാണെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

നാം ഓരോ പുതുവര്‍ഷത്തിലും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടാതെ പോകുന്നതും ഈ ലക്ഷ്യമില്ലായ്മയുടെ പരിണിതഫലമാണ്. ഏത് ലക്ഷ്യം നേടണമെന്ന വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ തന്റെ എതൊക്കെ പ്രവര്‍ത്തികളിലും സ്വഭാവങ്ങളിലും മാറ്റം വരുത്തണമെന്നും മനസിലാക്കാനും ഇത്തരം പരിവര്‍ത്തനങ്ങള്‍ വരാനുമുള്ള ഉത്സാഹവും ആര്‍ജ്ജവവും നമുക്കുണ്ടാകുകയുള്ളൂ. ഒരു ലക്ഷ്യത്തിനും വേണ്ടിയല്ലാതെ നാം എടുക്കുന്ന പുതുവര്‍ഷ തീരുമാനങ്ങള്‍ വിലാപങ്ങളായി മാത്രം അവസാനിക്കുന്നു. ഓരോ വര്‍ഷവും നാം തീരുമാനങ്ങള്‍ പുതുക്കിക്കൊണ്ടേയിരിക്കും, പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ.

പുതുവര്‍ഷത്തെ നമ്മുടെ ലക്ഷ്യമാണ് ആദ്യം നാം നിശ്ചയിക്കേണ്ടത്. പരമപ്രധാനങ്ങളായ ഒന്നോ രണ്ടോ ലക്ഷ്യങ്ങള്‍. അവയില്‍ മാത്രം ശ്രദ്ധയൂന്നുക. ഓരോ പുതുവര്‍ഷവും തന്റെ ലക്ഷ്യങ്ങളില്‍ ഒന്നോ രണ്ടോ നേടുവാന്‍ പരിശ്രമിക്കുകയാണ് ഉത്തമം. എല്ലാം കൂടി വാരിയെടുക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ചാണക്യന്‍ പറഞ്ഞ പോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തിലേക്ക് ഒരു സമയം മനസും ശരീരവും അര്‍പ്പിക്കുക. ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി തന്നില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കുക. ഒരു ലക്ഷ്യം മുന്നിലുള്ളപ്പോള്‍, അതൊരു അണയാത്ത അഗ്‌നിയായി മനസില്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ നാം തീരുമാനിക്കുന്ന മാറ്റങ്ങള്‍ നടപ്പിലാകും.

മാറ്റങ്ങള്‍ക്കായി പ്രതിജ്ഞ എടുക്കുന്നതിന് മുന്‍പ് ഈ വര്‍ഷത്തെ തന്റെ ലക്ഷ്യം എന്തെന്ന് ആലോചിക്കൂ. ആ ലക്ഷ്യം മനസില്‍ അരക്കിട്ടുറപ്പിക്കൂ. ആ ലക്ഷ്യത്തിനായാണ് ഇനി നാം പരിശ്രമിക്കുവാന്‍ പോകുന്നത്. ആ ലക്ഷ്യത്തിനായാണ് നാം മാറ്റങ്ങള്‍ വരുത്തുവാന്‍ പോകുന്നത്. ഈ ചിന്ത നമ്മെ പ്രചോദിപ്പിക്കും. മനസില്‍ ഉത്സാഹം വിടര്‍ത്തും. ഓരോ പ്രഭാതവും ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള അഭിനിവേശം നമ്മുടെ ഓരോ കോശങ്ങളിലും നിറയ്ക്കും.

ഒരു കഷണം കടലാസ് എടുക്കുക. നമ്മുടെ ലക്ഷ്യം അതില്‍ എഴുതുക. അതിനായി നാം നടത്തുവാന്‍ പോകുന്ന തയ്യാറെടുപ്പുകളും മാറ്റങ്ങളും കുറിച്ചിടുക. ആ ലക്ഷ്യത്തിനായി മാത്രം ഒരു സമയം പരിശ്രമിക്കുക. ആ ലക്ഷ്യം നേടുക. അടുത്ത വര്‍ഷം മറ്റൊരു ലക്ഷ്യം. ലക്ഷ്യങ്ങളിലാകട്ടെ നമ്മുടെ ശ്രദ്ധ. അത് മാറ്റങ്ങള്‍ കൊണ്ടുവരും.നാളെ നാളെ നീളെ നീളെയായി അതങ്ങനെ നീണ്ടു പോവുകയേയില്ല.

Comments

comments

Categories: FK Special, Slider