കിയ മോട്ടോഴ്‌സ് ഒരു പടി കൂടി അടുത്തു

കിയ മോട്ടോഴ്‌സ് ഒരു പടി കൂടി അടുത്തു

ഇന്ത്യയില്‍ ആദ്യ ബ്രാന്‍ഡ് ടീസര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ആദ്യ കാര്‍ പുറത്തിറക്കുന്നതിന് ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഒരു പടി കൂടി അടുത്തു. കിയ മോട്ടോഴ്‌സ് ഇന്ത്യ തങ്ങളുടെ ആദ്യ ബ്രാന്‍ഡ് ടീസര്‍ പുറത്തിറക്കി. ആഗോള സ്‌പെസിഫിക്കേഷനുകളോടെ നിര്‍മ്മിച്ച കിയ സ്‌പോര്‍ടേജ് എസ്‌യുവിയാണ് ബ്രാന്‍ഡ് ടീസറില്‍ അഭിനയിച്ചത്.

കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോമിലാണ് കിയ സ്‌പോര്‍ടേജ് പ്രത്യക്ഷപ്പെടുന്നത്. ബഹിരാകാശ വേഷം ധരിച്ച ബഹിരാകാശ യാത്രികന്‍ കാറിനുചുറ്റും ഒഴുകിനടക്കുന്നതും കാണാം. ഭൂമിയെ വലംവെയ്ക്കുന്ന ബഹിരാകാശ യാത്രികന്‍ എന്നായിരിക്കും കിയ ഉദ്ദേശിക്കുന്നത്. അതായത്, കിയ വാഹനങ്ങള്‍ ഭൂമി തന്നെയെന്ന് സമര്‍ത്ഥിക്കുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനി.

ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ കിയ മോട്ടോഴ്‌സിന്റെ പ്ലാന്റ് നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. ഇന്ത്യന്‍ വിപണിയിലെ ആവശ്യകത കൂടാതെ, അന്തര്‍ദേശീയ വിപണികളിലേക്കും ഇവിടെ വാഹനങ്ങള്‍ നിര്‍മ്മിക്കും. 536 ഏക്കറിലായാണ് പ്ലാന്റ് വ്യാപിച്ചുകിടക്കുന്നത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും. ഇന്ത്യയില്‍ 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ നടത്തുന്നത്.

കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ക്രോസ്ഓവര്‍ എസ്‌യുവിയാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ ആദ്യം പുറത്തിറക്കുന്നത്. 2019 മെയ് മാസത്തില്‍ കാര്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. എസ്‌യുവി പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കണ്ടെത്തിയിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഇരു മോട്ടോറുകളും ബിഎസ്-6 പാലിക്കും.

Comments

comments

Categories: Auto
Tags: kia motors