ഇന്ത്യന്‍ രൂപയുടെ വളരുന്ന ചക്രവാളം

ഇന്ത്യന്‍ രൂപയുടെ വളരുന്ന ചക്രവാളം

സൂര്യനസ്തമിക്കാത്ത സാമ്രാജ്യവുമെന്ന വിശേഷണത്തോടെ വിവിധ രാജ്യങ്ങളെ അധീനതയിലാക്കി ഭരണം നടത്തിയ ബ്രിട്ടീഷുകാരുടെ കറന്‍സിയായ പൗണ്ടിന് ഒന്നാം ലോക മഹായുദ്ധത്തിന്റെ പര്യവസാനത്തോടെയാണ് പ്രസക്തി നഷ്ടപ്പെട്ടത്. പിന്നാലെ എറ്റവും സുസ്ഥിരമായ കറന്‍സിയെന്ന നിലയില്‍ ഉയര്‍ന്നു വന്ന യുഎസ് ഡോളര്‍ ആഗോള വിനിമയത്തിന്റെ മാധ്യമമായും മാറി. ക്രമേണ ആഗോള രാഷ്ട്രീയവും സമ്പദ് വ്യവസ്ഥകളുമെല്ലാം അമേരിക്കയുടെ ചൊല്‍പ്പടിയിലേക്ക് വരാനും ഇത് ഇടയാക്കി. യുഎസ് കറന്‍സിയെ അമിതമായി ആശ്രയിക്കാതെ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വിനിമയ നീക്കുപോക്കുകള്‍ ആരംഭിച്ച ഇന്ത്യക്ക് ഒരിക്കലും ഈ യുഎസ് വിധേയത്തം പ്രകടിപ്പിക്കേണ്ടി വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്

 

രൂപം എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് രൂപ എന്ന വാക്ക് വന്നത്. വെള്ളി ഉരുക്കി വട്ടത്തിലുള്ള ഒരു രൂപത്തിലാക്കി വിനിമയ മാധ്യമമായി ആദ്യം ഉപയോഗിച്ചത് ഇന്ത്യയിലാണ്. അത് ക്രിസ്തുജനനത്തിനും ആറ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പായിരുന്നു. ഏത് ഭരണാധികാരിയുടെ ഭാവനയിലാണ് ഈ ആശയം അങ്കുരിച്ചത് എന്നതിന് രേഖകളൊന്നും കാര്യമായി കണ്ടെത്തിയിട്ടില്ല. അതിന് മുന്നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം, ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്ന ചാണക്യന്‍ തന്റെ ‘അര്‍ത്ഥശാസ്ത്ര’ത്തില്‍ ‘രൂപ്യാരൂപ’ എന്ന് നാണയങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. 1540 മുതല്‍ 1545 വരെയുള്ള അഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ പകുതി ഭരിച്ചിരുന്ന അഫ്ഘാന്‍ പഷ്തൂണ്‍ ഷേര്‍ ഷാ സൂരി 178 ഗ്രാം തൂക്കമുള്ള വെള്ളി നാണയം നടപ്പിലാക്കിയപ്പോള്‍, അതിന് പേരിട്ടത് ‘റുപിയ’ എന്നായിരുന്നു. നമ്മള്‍ പഠിക്കുന്ന സാമൂഹ്യപാഠപുസ്തകം ഷേര്‍ ഷായുടെ ഭരണകാലത്താണ് നാണയങ്ങള്‍ നടപ്പിലാക്കിയത് എന്നാണ് പറഞ്ഞുതരുന്നത്. സത്യത്തില്‍ ഷേര്‍ ഷാ സൂരി ജനിക്കുന്നത് നാണയങ്ങള്‍ ഇന്ത്യയില്‍ ജനിച്ചുകഴിഞ്ഞ് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഒരു രൂപയെ അറുപത്തിനാലായി അംശിച്ച്, ഓരോ ഭാഗത്തിനും ‘പൈസ’ എന്നും നാല് പൈസ ഒരു ‘അണ’, പതിനാറ് അണ ഒരു രൂപ എന്നിങ്ങനെ നിശ്ചയിച്ചു. ഇന്ത്യയില്‍ മാത്രമല്ല, കിഴക്കന്‍ ആഫ്രിക്ക, മദ്ധ്യപൂര്‍വേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ എല്ലാം വിനിമയ മാധ്യമം ഇന്ത്യന്‍ രൂപയായിരുന്നു. അറബ് ഐക്യ നാടുകളില്‍ 1973 വരെ ഇന്ത്യന്‍ രൂപ അന്നത്തെ ദുബായ് റിയാലിനൊപ്പം പ്രചാരത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പഴയ അറബികള്‍ ഇന്നും യുഎഇ ദിര്‍ഹത്തിനെ രൂപ എന്നുതന്നെ പറയുന്നത്. 1 രൂപ =16 അണ=64 പൈസ എന്ന സമ്പ്രദായം സ്വാതന്ത്ര്യാനന്തരവും തുടര്‍ന്ന് പോന്നു. 1957 ല്‍ ശതാംശഗണനം എല്ലാ അളവുകള്‍ക്കും ബാധകമാക്കുന്നതോടൊപ്പം പൈസയെ രൂപയുടെ നൂറില്‍ ഒരംശമാക്കി. ‘നയാ പൈസ’ അങ്ങിനെയാണ് വന്നത്. പുതിയതരം പൈസ ആയതുകൊണ്ടാണ് ‘നയാ’ എന്നു പറയാനാരംഭിച്ചത്.

അമേരിക്കയെപ്പോലെത്തന്നെ അമേരിക്കന്‍ ഡോളറിനും ഇന്ത്യന്‍ രൂപയ്ക്കുള്ള പോലെ സഹസ്രാബ്ദങ്ങളുടെ ചരിത്രമില്ല. യുഎസ് ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് രൂപീകരിച്ചതിന് പുറകെ, 1914 ല്‍ ആണ് ആദ്യ ഡോളര്‍ അച്ചടിക്കുന്നത്. അതുവരെ വിവിധ ബാങ്കുകള്‍ തങ്ങളുടേതായ നോട്ടുകള്‍ ഇറക്കുകയായിരുന്നു. ഇവയ്ക്ക്, കേന്ദ്രീകൃത നിയമമോ, കൃത്യമായ അടിത്തറയോ, വിനിമയ സുസ്ഥിരതയോ ഉണ്ടായിരുന്നില്ല. വിനിമയോപാധിയെ കേന്ദ്രീകൃതവും സ്ഥിരതയുള്ളതുമാക്കാന്‍ 1913 ല്‍ ഫെഡറല്‍ റിസര്‍വ്വ് നിയമം പാസ്സാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ബാങ്ക് സ്ഥാപിച്ച് കറന്‍സി പുറത്തിറക്കി. അക്കാലത്ത് അമേരിക്ക പതിയെ പതിയെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ കവച്ചുവെച്ച് മുന്നിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍, ലോകസമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി ബ്രിട്ടന്‍ തുടര്‍ന്നു. അന്താരാഷ്ട്ര ഇടപാടുകള്‍ മിക്കതും ബ്രിട്ടീഷ് പൗണ്ടില്‍ മാത്രം. ലോകരാജ്യങ്ങള്‍ അവരവരുടെ കറന്‍സിയുടെ മൂല്യം കയ്യിലുള്ള സ്വര്‍ണ്ണത്തിന്റെ അളവുമായി ബന്ധപ്പെടുത്തിയായിരുന്നു അതുവരെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ അതില്‍ പങ്കാളികള്‍ ആയ രാജ്യങ്ങള്‍ വര്‍ദ്ധിച്ച സൈനിക ചെലവുകള്‍ക്കായി സ്വര്‍ണ്ണം കൈവശം വെക്കാതെതന്നെ കറന്‍സി അച്ചടിക്കാന്‍ തുടങ്ങി. അതോടെ അത്തരം കറന്‍സികള്‍ക്ക് മൂല്യശോഷണം സംഭവിച്ചു.

മൂന്ന് വര്‍ഷത്തെ യുദ്ധച്ചെലവ് ബ്രിട്ടന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ചരിത്രത്തില്‍ ആദ്യമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് പണം കടം വാങ്ങി. 1919 ല്‍ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം സ്വര്‍ണ്ണത്തില്‍ നിന്ന് വേര്‍പെടുത്തി. പൗണ്ടിന് വന്‍ മൂല്യത്തകര്‍ച്ച നേരിട്ടു. അന്താരാഷ്ട്ര വ്യാപാരികള്‍ക്ക് പൗണ്ടിന്റെ മൂല്യത്തകര്‍ച്ച മൂലം വന്‍ നഷ്ടം പേറേണ്ടി വന്നു. കാരണം അവരുടെയെല്ലാം ബാങ്ക് എക്കൗണ്ടുകളും പിരിഞ്ഞുകിട്ടാനുള്ള തുകയും പൗണ്ടിലായിരുന്നു. പണം സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാധ്യമവും മൂല്യശോഷണഭീതിയ്ക്ക് ഇടവരാത്ത നാണയവുമാണ് പൗണ്ട് എന്നതായിരുന്നു അതുവരെ പൊതുവിശ്വാസം. ആ വിശ്വാസത്തിന് ഇടിവ് വന്നു. പലര്‍ക്കും വലിയ വിലയും കൊടുക്കേണ്ടി വന്നു. യുദ്ധാവശ്യങ്ങള്‍ക്കായി കടം വാങ്ങേണ്ടി വന്ന രാജ്യങ്ങള്‍ അമേരിക്കയെ ഒരു അത്താണിയായി കാണാന്‍ തുടങ്ങി. അമേരിക്കന്‍ ഡോളറില്‍ ഇറക്കിയ ബോണ്ടുകള്‍ക്ക് പ്രിയമേറി. കടം നല്‍കുന്നവര്‍ ഡോളര്‍ ബോണ്ടുകള്‍ മാത്രം പണയം വാങ്ങി. അതോടെ, ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാധ്യമമായി പൗണ്ടിന് പകരം ഡോളര്‍ ഉയര്‍ന്ന് വന്നു.

ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ യുഎസ്എ പങ്കാളിയായിരുന്നില്ല. അതിനാല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആയുധ സാമഗ്രികള്‍ വിറ്റ് വന്‍തുക അവരില്‍ നിന്ന് അമേരിക്ക നേടി. അമേരിക്കന്‍ ഡോളര്‍ നല്‍കാന്‍ മിക്കവര്‍ക്കും അതിന്റെ ശേഖരം ഇല്ലാത്തതിനാല്‍ ആയില്ല. അതിന് പകരം അവര്‍ കയ്യിലുള്ള സ്വര്‍ണ്ണം അമേരിക്കയ്ക്ക് കൈമാറി. യുദ്ധാവസാനത്തോടെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരത്തിനുടമയായി അമേരിക്ക മാറി. 1944 ല്‍ ബ്രെട്ടന്‍വുഡില്‍ ചേര്‍ന്ന ലോകരാജ്യങ്ങളുടെ യോഗത്തില്‍, സ്വര്‍ണ്ണത്തിന് പകരം സ്വര്‍ണ്ണവുമായി ബന്ധപ്പെടുത്തി വില നിശ്ചയിച്ചിട്ടുള്ള അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്ത്, അതിന്റെ ശേഖരത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യങ്ങളും തങ്ങളുടെ കറന്‍സിയ്ക്ക് മൂല്യം നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചു. സ്വര്‍ണ്ണം പകരം വാങ്ങി എത്ര ഡോളര്‍ വേണമെങ്കിലും നല്‍കാമെന്ന് അമേരിക്കയും ഏറ്റു. ലോകരാജ്യങ്ങള്‍ തങ്ങളുടെ ഡോളര്‍ ശേഖരം സൂക്ഷിക്കാന്‍ അമേരിക്കന്‍ ബോണ്ടുകള്‍ ഉപയോഗിച്ചു. ലോകരാജ്യങ്ങള്‍ക്കിടയിലെ പണമിടപാടുകള്‍ ഇങ്ങനെ അമേരിക്കയിലെ ബാങ്കുകളില്‍, അവിടത്തെ ഡോളര്‍ എക്കൗണ്ടുകളില്‍ കേന്ദ്രീകരിച്ചു.

എന്നാല്‍ വിയറ്റ്‌നാം യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പാടെ കുലുക്കിയുടച്ചു. സ്വര്‍ണ്ണശേഖരത്തിന്റെ പിന്‍ബലമില്ലാതെ തന്നെ യുഎസ്എ ഡോളര്‍ അച്ചടിക്കാന്‍ തുടങ്ങി. ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യസ്ഥിരതയില്‍ സംശയം ജനിക്കാന്‍ തുടങ്ങി. അവര്‍ ഡോളറിന് പകരം സ്വര്‍ണ്ണത്തിലേയ്ക്ക് നിക്ഷേപം മാറ്റാനാരംഭിച്ചു. അതോടെ ഡോളറിന് കഷ്ടകാലം ആരംഭിച്ചു. സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ വന്ന അനിതരസാധാരണമായ വര്‍ദ്ധന മൂലം പ്രതിസന്ധിയിലായ ഡോളറിനെ രക്ഷിക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളറിനെ സ്വര്‍ണ്ണമൂല്യത്തില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമാക്കി. ഇന്നത്തെ ചഞ്ചിത നിരക്ക് (floating rate) സംവിധാനം അന്ന് തുടങ്ങിയതാണ്. നിരന്തര സ്ഥിരമൂല്യത്തില്‍ (fixed parity) നിന്ന് ചഞ്ചിത മൂല്യസമ്പ്രദായത്തിലേക്ക് നീങ്ങിയതോടെ വിപണിയിലെ എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കും ഡോളര്‍ വിധേയമാവാന്‍ തുടങ്ങി.

അന്താരാഷ്ട്ര ഇടപാടുകള്‍ തീര്‍ക്കാന്‍ അമേരിക്കയിലെ യുഎസ് ബാങ്കുകളിലൂടെയും അമേരിക്കന്‍ ഡോളറിലൂടെയും അല്ലാതെ സാധ്യമല്ല എന്ന നില ഇന്നും തുടരുന്നു. ഇതിനിടയില്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ തങ്ങള്‍ക്ക് വില്‍ക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവാതെ, തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കിട്ടാനാവാതെ വിഷമിച്ചു. വെനിസ്വേല തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൈമാറ്റം ചെയ്ത് തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. പക്ഷേ വില്‍ക്കാനുള്ള സാധനങ്ങള്‍ ആവശ്യമുള്ളവരുടെ കൈയില്‍, വെനിസ്വേലക്ക് വേണ്ട സാധനങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. അമേരിക്കന്‍ ഉപരോധത്തിലില്ലാത്ത രാജ്യങ്ങള്‍ അവ ഡോളറിന് മാത്രമേ കൈമാറൂ. അല്ലാത്തവര്‍ തമ്മില്‍ സാധനങ്ങള്‍ ഒന്നിന് പകരം ഒന്ന് എന്ന രീതിയില്‍ വൃത്താകൃതിയില്‍ കൈമാറാന്‍ തുടങ്ങി. എന്നാലും അത് ഫലവത്താവാന്‍ വളരെ പ്രയാസമായി.

വളരെ ‘നല്ല’ രണ്ട് അയല്‍ക്കാര്‍ ഉള്ള ഇന്ത്യ ആദ്യമേ തന്നെ ശ്രദ്ധാലുവായിരുന്നു. അമേരിക്ക എപ്പോഴും മറുപക്ഷത്ത് നിലയുറപ്പിക്കാറുണ്ട്. ഡോളര്‍ ഇടപാട് മാത്രം വിശ്വസിച്ചിരുന്നാല്‍ ചിലപ്പോള്‍ അകപ്പെടും. കഴിയാവുന്നത്ര സുഹൃദ്രാജ്യങ്ങളുമായി ഭാരതം അതാത് കറന്‍സികളില്‍ വിദേശവ്യാപാരം നടത്താന്‍ ചര്‍ച്ചകള്‍ നടത്തി. 2013 ആയപ്പോഴേക്കും 23 രാജ്യങ്ങളുമായി മൂന്നാം കക്ഷി കറന്‍സി ഒഴിവാക്കി നേരിട്ട് ഇടപാടുകള്‍ നടത്താന്‍ കരാറായി. ജപ്പാന്‍, റഷ്യ, ആസ്ട്രേലിയ, തെക്കന്‍ കൊറിയ, മെക്‌സിക്കോ തുടങ്ങി പല പ്രമുഖ രാജ്യങ്ങളുമായി ഇറക്കുമതിക്ക് ഇന്ത്യന്‍ രൂപയും കയറ്റുമതിക്ക് അതാത് രാജ്യങ്ങളുടെ കറന്‍സിയും എന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമ്മള്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി വസ്തുവാണ് ക്രൂഡ് ഓയില്‍. നമുക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഭൂമിശാസ്ത്രപരമായി ഏറ്റവും എളുപ്പമുള്ളത് മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇതില്‍ പ്രധാനിയായ ഇറാന്‍ അമേരിക്കന്‍ ഉപരോധത്തിലാണ്. അവര്‍ക്ക് എണ്ണ വില്‍ക്കാന്‍ ആവുന്നില്ല. ഇത്തരുണത്തിലാണ് ഇറാന്‍ ഇന്ത്യന്‍ രൂപ വാങ്ങി ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കാന്‍ തയ്യാറായത്. ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസമായി അത്. ഒന്ന,് ഡോളര്‍ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമല്ലാതെ ഇറക്കുമതി നടത്താം. രണ്ട,് വിനിമയ മാധ്യമം എന്ന രീതിയില്‍ ഒരു പ്രധാന ഇറക്കുമതിക്ക് ഉപയോഗിക്കുന്നതിലൂടെ രൂപയ്ക്ക് പ്രസക്തിയേറും.

ഇപ്പോള്‍ അറബ് ഐക്യനാടുകള്‍ ഇന്ത്യയുമായുള്ള വ്യാപാരങ്ങള്‍ ഇന്ത്യന്‍ രൂപയില്‍ നടത്താന്‍ തയ്യാറായിരിക്കയാണ്. മൂല്യവര്‍ദ്ധിത വസ്തുക്കള്‍, സേവനം, സഞ്ചാരം തുടങ്ങി നിരവധി മേഖലകളില്‍ സംയുക്ത താല്‍പ്പര്യങ്ങള്‍ ഉള്ള രണ്ട് രാജ്യങ്ങള്‍ തങ്ങളുടെ കറന്‍സികളില്‍ ഇടപാട് നടത്തുമ്പോള്‍ അത് അവയ്ക്ക് എളുതല്ലാത്ത കരുത്തേകും. ലോകരാജ്യങ്ങളില്‍ ഏറ്റവും ശക്തരായ അഞ്ച് രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യന്‍ രൂപ പുതിയ ചക്രവാളങ്ങള്‍ കീഴടക്കിയേക്കും, നമുക്ക് പ്രത്യാശിക്കാം.

Comments

comments

Categories: FK Special, Slider
Tags: US dollar