ചില്‍ 150; യുഎം ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്‌കൂട്ടര്‍

ചില്‍ 150; യുഎം ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്‌കൂട്ടര്‍

2019 ഓഗസ്റ്റ് മാസത്തോടെ യുഎം ചില്‍ 150 ഇന്ത്യയില്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ഇതാദ്യമായി സ്‌കൂട്ടര്‍ അവതരിപ്പിക്കും. ‘ചില്‍ 150’ എന്ന പേരിലാണ് യുഎം സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 150 സിസി സ്‌കൂട്ടറില്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) നല്‍കും. സ്ലൈഡ് ഷോയില്‍ ഉപയോഗിച്ച സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു. എന്നാല്‍ 2019 ഓഗസ്റ്റ് മാസത്തോടെയായിരിക്കും യുഎം ചില്‍ 150 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

വെസ്പയുടേതുപോലെ റെട്രോ സ്‌റ്റൈലിംഗ് സ്വീകരിച്ചാണ് യുഎം ചില്‍ 150 അണിഞ്ഞൊരുങ്ങുന്നത്. ക്രോം ഫിനിഷ് ലഭിച്ച കണ്ണാടികള്‍, ബോഡി പാനലുകളിലും എക്‌സോസ്റ്റ് കവറിലും ക്രോം അലങ്കാരം എന്നിവ സ്‌കൂട്ടറിന് മോഡേണ്‍-റെട്രോ സ്‌റ്റൈലിംഗ് നല്‍കും. രണ്ട് സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റുകള്‍ നല്‍കിയേക്കും. ഒന്ന് സീറ്റിനടിയിലും മറ്റൊന്ന് ഫ്രണ്ട് ഏപ്രണിലും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക്, 150 സിസി എന്‍ജിന്‍, എബിഎസ് എന്നിവ ലഭിക്കുന്നതോടെ വെസ്പയുടെയും അപ്രീലിയയുടെയും 150 സിസി സ്‌കൂട്ടറുകള്‍ക്ക് യുഎം ചില്‍ 150 ശക്തമായ വെല്ലുവിളി ഉയര്‍ത്തും. വെളുപ്പ്, നീല, കറുപ്പ്, ചുവപ്പ് എന്നീ നാല് നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭിക്കും.

റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ, റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്‌പോര്‍ട്‌സ് എസ് എന്നീ നാല് ബൈക്കുകളാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. യുഎം ചില്‍ 150 സ്‌കൂട്ടറിന് മുമ്പായി റെനഗേഡ് ഡ്യൂട്ടി എസ്, റെനഗേഡ് ഡ്യൂട്ടി ഏയ്‌സ് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ റെനഗേഡ് തോര്‍ എന്ന ഇലക്ട്രിക് ബൈക്ക് യുഎം മോട്ടോര്‍സൈക്കിള്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Chill 150

Related Articles