വിപണി വിഹിതം തിരിച്ച് പിടിക്കാനൊരുങ്ങി ഭീം

വിപണി വിഹിതം തിരിച്ച് പിടിക്കാനൊരുങ്ങി ഭീം

ഡിസ്‌ക്കൗണ്ടുകളും കാഷ്ബാക്ക് ഓഫറുകളും വലിയ തോതില്‍ നല്‍കുന്ന സ്വകാര്യ ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ കടന്നുവരവോടെയാണ് ഭീം വിപണിയില്‍ പിന്നിലായത്

ബെംഗളൂരു: സ്വകാര്യ കമ്പനികള്‍ അരങ്ങുവാഴുന്ന രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി). ഈ മേഖലയിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി കച്ചവട മേഖലയിലെയും യൂട്ടിലിറ്റി ബില്‍ മേഖലയിലെയും കൂടുതല്‍ ഡിജിറ്റല്‍ പേമെന്റ്‌സ് ഇടപാടുകള്‍ കരസ്ഥമാക്കുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പേമെന്റ് പദ്ധതിയുടെ ചുവടുപിടിച്ച് യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ച ഭീം സംവിധാനം പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള സ്വകാര്യ ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ കടന്നുവരവോടെയാണ് വിപണിയില്‍ പിന്നിലായത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്വകാര്യ കമ്പനികള്‍ വിവിധ കച്ചവടക്കാരുമായി സഹകരിച്ച് വലിയ ഡിസ്‌ക്കൗണ്ടുകളും കാഷ്ബാക്ക് ഓഫറുകളും നല്‍കുമ്പോള്‍ ഇക്കാര്യത്തില്‍ പിന്നിലായ ഭീം ആപ്പിന് ഉപഭോക്താക്കളെ നഷ്ടപ്പെടുകയായിരുന്നു.

ഭീം യുപിഐ ആവാസവ്യവസ്ഥയില്‍ വിവിധ വാണിജ്യ വിഭാഗങ്ങളിലായി 140 ഓളം പ്രൊമോഷണല്‍ പ്രോഗ്രാമുകളുണ്ടെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രതിമാസ വാണിജ്യ പേമെന്റ് ഇടപാടുകള്‍ ഈ വര്‍ഷം ഇരട്ടി വര്‍ധന രേഖപ്പെടുത്തിയതായും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) വക്താവ് വ്യക്തമാക്കി. ഇപ്പോള്‍ വ്യക്തികള്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്ന യുപിഐ ഡിജിറ്റല്‍ പേമെന്റസ് ഇടപാടുകളില്‍ 25-30 ശതമാനവും ഭീം പ്ലാറ്റ്‌ഫോം വഴിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍പിസിഐ കണക്കുപ്രകാരം ഈ വര്‍ഷം നവംബറില്‍ 17.3 ദശലക്ഷം ഇടപാടുകളാണ് ഭീം വഴിയുണ്ടായത്. മുന്‍ വര്‍ഷം ഇത് എട്ട് ദശലക്ഷമായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ രണ്ടിരട്ടിയിലധികം വര്‍ധനവുണ്ടായി. വിനിമയം ചെയ്യപ്പെട്ട തുകയുടെ മൂല്യത്തിലാകട്ടെ 200 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2,548 കോടി രൂപയില്‍ നിന്ന് 7,981 കോടി രൂപയായിട്ടാണ് മൂല്യം വര്‍ധിച്ചത്. ഇക്കാലയളവില്‍ രാജ്യത്ത് ആകെ 525 ദശലക്ഷം യുപിഐ ഇടപാടുകളാണ് നടന്നത്. മുന്‍ വര്‍ഷത്തെ 104.8 ല്‍ നിന്ന് 400 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. അതേ സമയം യുപിഐ ഇടപാടുകൡലെ ഭീമിന്റെ പങ്ക് കഴിഞ്ഞ വര്‍ഷത്തെ 7.7 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 3.3 ശതമാനമായി കുറഞ്ഞതായി കാണാം.

ഭീം ആപ്പിന് രാജ്യത്ത് 38 ദശലക്ഷത്തോളം ഡൗണ്‍ലോഡുകളാണ് ലഭിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളുടെ സ്വാധീനത്തിനിടയിലും ചെറിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഇപ്പോഴും ഏറ്റവും പ്രചാരമുള്ള പേമെന്റ്‌സസ് പ്ലാറ്റ്‌ഫോമാണിതെന്നാണ് ഈ മേഖലയിലെ നിരീഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. സ്വന്തമായി യുപിഐ പേമെന്റ് ആപ്ലിക്കേഷനില്ലാത്ത ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഭീം ആപ്പിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ 128 ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ഭീം വഴി ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താനാകും. ഇംഗ്ലീഷിനു പുറമെ 12 പ്രാദേശിക ഭാഷകളില്‍ ലഭ്യമായ ഭീം ആപ്പ് ഫീച്ചര്‍ ഫോണിലും ഉപയോഗിക്കാമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഭീം പ്ലാറ്റ്‌ഫോമിലേയ്ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ കച്ചവടക്കാരുമായി സഹകരിക്കാനുള്ള ശ്രമത്തിലാണ് എന്‍പിസിഐ. സ്വകാര്യ കമ്പനികളോട് മത്സരിക്കുന്നതിനായി അവരുടെ തന്ത്രം തന്നെ പയറ്റികൊണ്ട് കൂടുതല്‍ ഓഫറുകളും പ്രൊമോഷനുകളും നല്‍കാനും ഓഫ്‌ലൈന്‍ പേമെന്റ് മേഖലയില്‍ സ്വീകാര്യത ലഭിക്കുന്നതിനായി ഭാരത് ക്യുആര്‍ കോഡ് പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആമസോണ്‍, ഫുഡ്പാണ്ട, ഫാസോസ്, ബോക്‌സ്8, സ്‌പൈസ്‌ജെറ്റ്, സിനിപോളിസ്, ഒയോ തുടങ്ങിയ കമ്പനികള്‍ക്കാണ്് ഭീം പ്രൊമോഷണല്‍ ഓഫറുകള്‍ നല്‍കുന്നത്. ഗ്രാമീണ വിപണികളില്‍ ഭീം പ്രചരിപ്പിക്കുന്നതിനായി വിവിധ ജില്ലകളിലെ വാണിജ്യ സംഘടനകളുമായി സഹകരിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘിപ്പിക്കാനും എന്‍പിസിഐ തീരുമാനിച്ചിട്ടുണ്ട്.

………………….

ഭീം പ്ലാറ്റ്‌ഫോമിലേയ്ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ കച്ചവടക്കാരുമായി സഹകരിക്കാനുള്ള ശ്രമത്തിലാണ് എന്‍പിസിഐ. സ്വകാര്യ കമ്പനികളോട് മത്സരിക്കുന്നതിനായി അവരുടെ തന്ത്രം തന്നെ പയറ്റികൊണ്ട് കൂടുതല്‍ ഓഫറുകളും പ്രൊമോഷനുകളും നല്‍കാനും ഓഫ്‌ലൈന്‍ പേമെന്റ് മേഖലയില്‍ സ്വീകാര്യത ലഭിക്കുന്നതിനായി ഭാരത് ക്യുആര്‍ കോഡ് പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമീണ വിപണികളില്‍ ഭീം പ്രചരിപ്പിക്കുന്നതിനായി വിവിധ ജില്ലകളിലെ വാണിജ്യ സംഘടനകളുമായി സഹകരിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘിപ്പിക്കാനും എന്‍പിസിഐ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Bhim