ബെനല്ലി തുടങ്ങിയിട്ടേയുള്ളൂ; അടുത്ത ലോഞ്ച് ഫെബ്രു 18 ന്

ബെനല്ലി തുടങ്ങിയിട്ടേയുള്ളൂ; അടുത്ത ലോഞ്ച് ഫെബ്രു 18 ന്

ബെനല്ലി ടിആര്‍കെ 502, ടിആര്‍കെ 502 എക്‌സ് മോഡലുകള്‍ ഫെബ്രുവരി 18 ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ബെനല്ലി ടിആര്‍കെ 502 ഇന്ത്യയില്‍ വരുമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഡിഎസ്‌കെ ഗ്രൂപ്പുമായുള്ള പങ്കാളിത്തം പാതിവഴിയില്‍ നിലച്ചതോടെ ബെനല്ലി ടിആര്‍കെ 502 മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ വഴിമുട്ടി. എന്നാല്‍ ഇപ്പോള്‍ മഹാവീര്‍ ഗ്രൂപ്പുമായി സഖ്യം സ്ഥാപിച്ചതോടെ ബെനല്ലി ടിആര്‍കെ 502 ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തുകയാണ്. കൂടെ ടിആര്‍കെ 502 എക്‌സ് എന്ന ഏകോദര സഹോദരനും വരുന്നു.

ടിആര്‍കെ 502, ടിആര്‍കെ 502 എക്‌സ് മോട്ടോര്‍സൈക്കിളുകള്‍ ഫെബ്രുവരി 18 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആദ്യത്തേത് റോഡിലൂടെ പോകാവുന്ന വേരിയന്റ് ആണെങ്കില്‍ വയര്‍ സ്‌പോക്ക് വീലുകളില്‍ വരുന്ന രണ്ടാമന് ഇഷ്ടം ഓഫ്-റോഡുകളാണ്. 5 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലായിരിക്കും ഇരു മോട്ടോര്‍സൈക്കിളുകളുടെയും എക്‌സ് ഷോറൂം വില.

ഫ്രെയിം, എന്‍ജിന്‍ എന്നിവ ഇരു മോട്ടോര്‍സൈക്കിളുകളും പങ്കുവെയ്ക്കുന്നു. 499 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 45 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തുവെച്ചിരിക്കുന്നത്. 50 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക് എന്നിവ സസ്‌പെന്‍ഷന്‍ ജോലി നിര്‍വ്വഹിക്കും. ടിആര്‍കെ 502 ബൈക്കിന്റെ മുന്‍ ചക്രത്തില്‍ 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്‍ ചക്രത്തില്‍ 260 എംഎം സിംഗിള്‍ ഡിസ്‌ക്കും നല്‍കിയിരിക്കുന്നു.

17 ഇഞ്ച് വീലുകളാണ് ടിആര്‍കെ 502 ഉപയോഗിക്കുന്നതെങ്കില്‍ മുന്നില്‍ 19 ഇഞ്ച് ചക്രത്തിലും പിന്നില്‍ 17 ഇഞ്ച് ചക്രത്തിലുമാണ് ഓഫ് റോഡ് വേരിയന്റായ ടിആര്‍കെ 502 എക്‌സ് വരുന്നത്. ബെനല്ലി ടിആര്‍കെ 502 മോട്ടോര്‍സൈക്കിളിന് 213 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്. അത്യാവശ്യം ഭാരമുണ്ടെന്നര്‍ത്ഥം. ഈ മാസത്തിന്റെ തുടക്കത്തിലാണ് ബെനല്ലി 302 ആര്‍, ടിഎന്‍ടി 300, ടിഎന്‍ടി 600ഐ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Comments

comments

Categories: Auto
Tags: Benelli