ഉപേക്ഷിക്കപ്പെടുന്ന എടിഎമ്മുകള്‍

ഉപേക്ഷിക്കപ്പെടുന്ന എടിഎമ്മുകള്‍

ബാങ്ക് ശാഖാടിസ്ഥാനത്തില്‍ എടിഎമ്മുകള്‍ .08 ലക്ഷത്തില്‍ നിന്നും 2.07 ലക്ഷമായി വെട്ടിച്ചുരുക്കിയിരിക്കുന്നു

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ (എടിഎം) നടപ്പുസാമ്പത്തിക വര്‍ഷം കാര്യമായ കുറവു വന്നിരിക്കുന്നു. ബാങ്ക് ശാഖാടിസ്ഥാനത്തില്‍ എടിഎമ്മുകളുടെ എണ്ണം 2.08 ലക്ഷത്തില്‍ നിന്നും 2.07 ലക്ഷമായി കുറഞ്ഞതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മേയ് മുതല്‍ 2018 ഫെബ്രുവരി വരെയുള്ള 10 മാസത്തിനുള്ളില്‍ 2000 എടിഎമ്മുകള്‍ ബാങ്കുകള്‍ അടച്ചു പൂട്ടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പൊതുമേഖലാ ബാങ്ക് എടിഎമ്മുകള്‍ 2017ലെ 1.48 ലക്ഷത്തില്‍ നിന്ന് ഈ വര്‍ഷം 1.45 ലക്ഷമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് എടിഎമ്മുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്.

അതുപോലെ, ബാങ്ക് ശാഖകളില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ (ഓപ്പറേഷണല്‍ ഓണ്‍സൈറ്റ്) എണ്ണം മുന്‍വര്‍ഷത്തെ 1.09 ലക്ഷത്തില്‍ നിന്ന് 1.06 ലക്ഷമായി കുറഞ്ഞു. 2018 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ബാങ്കുകളുടെ ഓണ്‍സൈറ്റ് എടിഎമ്മുകളുടെ എണ്ണം 10,7630 ആയി കുറഞ്ഞു. 2017 മെയ് മാസത്തില്‍ ഇത് 11,0116 ആയിരുന്നു. അതേസമയം, ബാങ്കുകള്‍ക്കു പുറത്ത് തനിച്ചു പ്രവര്‍ത്തിക്കുന്ന ഓഫ്‌സൈറ്റ് എടിഎമ്മുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായി. പൊതുസ്ഥലങ്ങളിലും വിദൂരപ്രദേശത്തും സ്ഥാപിച്ച ഇത്തരം എടിഎമ്മുകളുടെ എണ്ണം 98,545 ല്‍ നിന്ന് ഒരുലക്ഷമായി ഉയര്‍ന്നു.

ശാഖകളില്‍ സ്ഥാപിച്ചിരിക്കുന്ന ഓപ്പറേഷണല്‍ ഓണ്‍സൈറ്റ് എടിഎം മെഷീനുകളില്‍ നേരിട്ടുള്ള ബാങ്ക് ഇടപാടുകള്‍ക്കൊപ്പം എടിഎമ്മും ഉപയോഗിക്കാന്‍ കഴിയും. ശാഖകളിലെ ക്യൂ ഒഴിവാക്കാനാണ് ഇത്തരം എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി ബാങ്കിലെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി വരുന്ന ഒരുപാട് സമയം ലാഭിക്കുന്നുവെന്നു മാത്രമല്ല, ബാങ്ക് ജീവനക്കാരുടെ ജോലിഭാരവും വളരെയധികം കുറയുന്നു. അതേസമയം, ബാങ്കുകളില്‍ നിന്നു വളരെ ദൂരെ സ്ഥാപിക്കപ്പെടുന്ന ഓഫ്‌സൈറ്റ് എടിഎമ്മുകളുടെ ഉദ്ദേശ്യം ബാങ്കിനു ശാഖകളില്ലാത്ത കൂടുതല്‍ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുകയും ആളുകള്‍ക്ക് അവരുടെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയുമാണ്.

പൊതുമേഖലാബാങ്കുകളുടെ എടിഎമ്മുകളിലാണ് ഇടിവു വന്നിരിക്കുന്നത്. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ നിയന്ത്രണത്തിലുള്ള എടിഎമ്മുകളുടെ എണ്ണം കുറഞ്ഞു. എസ്ബിഐയുടെ ഓണ്‍സൈറ്റ് എടിഎമ്മുകളുടെ എണ്ണം 29,150 ല്‍ നിന്ന് 26,505 ആയി ഉയര്‍ന്നിട്ടുണ്ട്. 2017 മുതല്‍ 2018 വരെ എടിഎമ്മുകളുടെ എണ്ണം 29,917 ല്‍ നിന്ന് 32,680 ആയി ഉയര്‍ന്നു. അതേസമയം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആകെയുള്ള 27 ഓണ്‍സൈറ്റ് എടിഎഎമ്മുകളും 317 ഓഫ്‌സൈറ്റ് എടിഎമ്മുകളും വെട്ടിക്കുറച്ചു. കനറബാങ്കാകട്ടെ 189 ഓണ്‍സൈറ്റ് എടിഎഎമ്മുകളും 808 ഓഫ്‌സൈറ്റ് എടിഎമ്മുകളും വെട്ടിക്കുറച്ചിരിക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യ 108 ഓണ്‍സൈറ്റ് എടിഎഎമ്മുകളും 100 ഓഫ്‌സൈറ്റ് എടിഎമ്മുകളും അടച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 655 ഓണ്‍സൈറ്റ് എടിഎഎമ്മുകളും 467 ഓഫ്‌സൈറ്റ് എടിഎമ്മുകളും വെട്ടിക്കുറച്ചിരിക്കുന്നു.

ഈ സമയത്ത് സ്വകാര്യ ബാങ്കുകള്‍ കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുകയുണ്ടായി. ഇവയുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 58,833ല്‍ നിന്ന് 60,145 ആയി ഉയര്‍ന്നു. നടപ്പുവര്‍ഷം ഏപ്രില്‍- ഓഗസ്റ്റ് കാലഘട്ടത്തില്‍ ചെറുകിട, പെയ്‌മെന്റ് ബാങ്കുകളൊഴികെയുള്ളവയുടെ എടിഎമ്മുകള്‍ 2.04 ലക്ഷമായി കുറഞ്ഞു. ഇലക്ട്രോണിക് പെയ്‌മെന്റ് പോലുള്ള സങ്കേതങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ഇതിനു കാരണം. ഇതേ കാലയളവില്‍ രാജ്യത്തുടനീളം പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) ടെര്‍മിനലുകള്‍ വിനിയോഗിക്കുന്നതില്‍ ശക്തമായ വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളുടേതല്ലാത്ത സ്ഥാപനങ്ങള്‍ സ്ഥാപിച്ച വൈറ്റ് ലേബെല്‍ എടിഎമ്മുകളുടെ വളര്‍ച്ചയും സമീപകാലത്തായി കുറഞ്ഞിട്ടുണ്ട്. ഇത്തരം എടിഎമ്മുകളുടെ എണ്ണം 15,000ത്തിലധികമാണ്.

പ്രീ-പെയ്ഡ് പെയ്‌മെന്റ് സംവിധാനത്തിലൂടെയുള്ള ഇടപാടുകളില്‍ വലിയ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കറന്‍സി പിന്‍വലിക്കല്‍ മൂലമല്ലാതെ തന്നെ ഈ മേഖലയില്‍ കാലികമായ വികസനം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-14 ല്‍ 8,100 കോടി രൂപയാണ് ഇത്തരത്തില്‍ വിനിമയം ചെയ്തിരുന്നതെങ്കില്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ വിനിമയം 1.42 ട്രില്യണ്‍ രൂപയിലെത്തിയിരിക്കുന്നു. ഇക്കാലയളവില്‍ 1.09 ട്രില്യണ്‍ മൂല്യമുള്ള 91.5 കോടി ഇടപാടുകള്‍ യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിനടന്നിട്ടുണ്ട്. എന്നാലിത് 2019 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 2.67 ട്രില്യണ്‍ രൂപയുടെ മൂല്യമുള്ള 157.9 കോടി ഇടപാടായി വര്‍ധിച്ചിരിക്കുന്നു.

ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും ഇടപാടുകാരുടെ സമയം ലാഭിക്കാനുമെന്ന ന്യായവാദമാണ് നാടു നീളെ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ വേണ്ടി ബാങ്കുകള്‍ നിരത്തിയത്. എന്നാല്‍ ഇപ്പോഴവര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നുണ്ട്. എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവുകള്‍ ബാങ്കുകള്‍ ചുരുക്കുകയാണ്. മുമ്പ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ശരാശരി അഞ്ചുലക്ഷം രൂപവരെ ചെലവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാങ്കുകള്‍ക്ക് ഇതിന് 50,000 മുതല്‍ 60,000 രൂപ വരെയേ ചെലവു വരുന്നുള്ളൂ. അതുപോലെ, മുമ്പ് എടിഎം മെഷീന്‍ സ്ഥാപിക്കാന്‍ 100 ചതുരശ്ര അടി വേണ്ടി വന്നിരുന്നെങ്കില്‍ ഇന്ന് 30-50 ചതുരശ്ര അടിയില്‍ ഇത് സ്ഥാപിക്കാനാകും.

അതുപോലെതന്നെ എയര്‍ കണ്ടീഷനിങ്, കാവല്‍ തുടങ്ങിയവയുടെ ചെലവും ബാങ്കുകളെ മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. കാവല്‍ക്കാര്‍ക്കു പകരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അപായസൂചന നല്‍കുന്ന ഇലക്ട്രോണിക് നിരീക്ഷണം പോലുള്ള രീതികളെ ആശ്രയിക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്.
ബാങ്കുകള്‍ക്ക് മുഴുവന്‍ സമയസുരക്ഷ നല്‍കാനുള്ള ചെലവ് കുറയ്ക്കാന്‍ ഇത് ഇടയാക്കും. ഇടക്കാലത്ത് എടിഎമ്മുകളിലെ അക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അത്തരം അപകട സാധ്യതകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍, രാത്രിയില്‍ എടിഎമ്മുകള്‍ അടച്ചിടുകയായിരുന്നു. ഇത്തരം നടപടികള്‍ ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

എടിഎമ്മുകള്‍ക്ക് അരനൂറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് സജീവമായിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. 1987ല്‍ എച്ച്എസ്ബിസി ബാങ്കാണ് രാജ്യത്ത് ആദ്യമായി എടിഎം സ്ഥാപിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളടക്കമുള്ള വ്യവഹാരരീതികള്‍ എടിഎമ്മുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. എങ്കിലും ഇത്തരം ബദലുകളൊന്നും എടിഎമ്മുകളുടെ പ്രസക്തി ഇല്ലാതാക്കില്ല. പണത്തിന്റെ അവശ്യകത എന്നും നിലനില്‍ക്കുമെന്നാണ് എടിഎമ്മുകള്‍ അതിജീവിക്കുമെന്നതിനു ചൂണ്ടിക്കാട്ടപ്പെടുന്ന പ്രധാനകാരണം. നോട്ട് പിന്‍വലിക്കലിന്റെ സമയത്ത് ആളുകള്‍ നെട്ടോട്ടമോടിയത് നാം കണ്ടതാണ്. അടുത്ത ദശകത്തിലും കുറഞ്ഞത് ക്രയവിക്രയങ്ങളുടെ 21 ശതമാനത്തിനും പണം വേണ്ടിവരുമെന്നുമാണ് കരുതപ്പെടുന്നത്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഏറെ വ്യാപകമാണെങ്കിലും ആഗോളതലത്തില്‍ ഇന്നും വിനിമയത്തിന്റെ 40 ശതമാനം കാശ് തന്നെയാണ്. സാദാ ഇന്ത്യക്കാരന്‍ പണം തന്നെയാണു വിനിമയത്തിന് കൂടുതല്‍ ഉപയോഗിക്കുക. എന്നാല്‍ എടിഎമ്മുകള്‍ അടച്ചു പൂട്ടുന്നത് സാദാ ഇന്ത്യക്കാരന് കാര്യമായ ബുദ്ധിമുട്ടു സൃഷ്ടിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇവ ജനങ്ങള്‍ക്ക് ഇന്ന് അത്യാന്താപേക്ഷിതമായിരിക്കുന്നു. ചെലവിടല്‍ ചുരുക്കാനുള്ള ഉപാധിയായി കറന്‍സി ഉപയോഗത്തെ കണക്കാക്കുന്ന ചെറുവകരുമാനക്കാര്‍ എടിഎമ്മുകളെ വളരെയേറ ആശ്രയിക്കുന്നു. ഇതിനു ബദലായി വരുമെന്നു പ്രഖ്യാപിച്ച പോസ്‌റ്റോഫിസ് ബാങ്കിംഗ് എത്രമാത്രം പ്രായോഗികവും ജനോപകാരപ്രദവുമാണെന്നു മനസിലാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന എടിഎമ്മുകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി സാമ്പത്തിക വ്യവഹാരങ്ങളില്‍ ഇതുവരെ വരുത്തിപ്പോന്ന ക്രമം വീണ്ടും താറുമാറാക്കിയേക്കും.

Comments

comments

Categories: Banking
Tags: ATM