പുതുവര്‍ഷത്തില്‍ വാവേയ്ക്കും സെഡ്റ്റിഇയ്ക്കും പൂട്ടിടാനാരുങ്ങി ട്രംപ്

പുതുവര്‍ഷത്തില്‍ വാവേയ്ക്കും സെഡ്റ്റിഇയ്ക്കും പൂട്ടിടാനാരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് കമ്പനികളായ വാവേയുടെയും സെഡ്റ്റിഇയുടെയും ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതുവര്‍ഷത്തില്‍ ഈ കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ വിലക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാനാണ് ട്രംപിന്റെ പദ്ധതി.

ചൈനയിലെ നെറ്റ്‌വര്‍ക് ഉപകരണ ഭീമന്മാരായ വാവേ ടെക്‌നോളജീസിനും സെഡ്റ്റിഇ കോര്‍പിനും എതിരെ ട്രംപ് നടത്തുന്ന ഏറ്റവും പുതിയ നീക്കമാണിത്. ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇരുകമ്പനികളും പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ ഉപകരണങ്ങള്‍ വഴി ചൈന അമേരിക്കക്കാരുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുമെന്നുമാണ് അമേരിക്കയുടെ ആരോപണം.

കഴിഞ്ഞ എട്ടുമാസത്തിലധികമായി ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുള്ള നിരോധന ഉത്തരവ് ജനുവരി ആദ്യത്തോടെ തന്നെ കൊമേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് വഴി പുറത്തിറക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ മേല്‍പ്പറഞ്ഞ കമ്പനികളുടെ ഉപകരണങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വാങ്ങാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ഉത്തരവ് പുറത്തിറങ്ങുക.അതേസമയം ഉത്തരവില്‍ വാവേയുടെയും സെഡ്റ്റിഇയുടെയും പേര് എടുത്തുപറയാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അമേരിക്കയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ദേശീയ അടിയന്തരാവസ്ഥ ഘട്ടങ്ങളില്‍ കൊമേഴ്‌സ് രംഗത്തെ നിയന്ത്രിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഇന്റെര്‍നാഷ്ണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരമാണ് നിരോധന ഉത്തരവ് പുറത്തിറക്കന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ ഡിഫന്‍സ് പോളിസി ബില്‍ അമേരിക്കന്‍ ഭരണകൂടത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വാവേയുടെയും സെഡ്റ്റിയുടെയും ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

അടുത്തിടെ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും കമ്പനിയുടെ സ്ഥാപകന്‍ റെന്‍ ഷെംഗ്‌ഫെയുടെ മകളുമായ മെംഗ് വാന്‍ഷുവിനെ അറസ്റ്റ് ചെയ്ത കാനഡയുടെ നടപടി വലിയ വാര്‍ത്തയായിരുന്നു. യുഎസിനു വേണ്ടിയായിരുന്നു കാനഡയുടെ നീക്കം. ചൈനയെ സംബന്ധിച്ചിടത്തോളം വെറും ഒരു ടെക്‌നോളജി കമ്പനി മാത്രമല്ല വാവെയ്. അവരുടെ സര്‍ക്കാരിന്റെ അതിശക്തമായ പിന്തുണയുള്ള സ്ഥാപനമാണ്.

മെംഗ് വാന്‍ഷുവിനെ ഉടനടി മോചിപ്പിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാനഡയെ ചൈന ഭീഷണിപ്പെടുത്തുക പോലും ചെയ്തു.
വാവെയ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതിനോടകം തന്നെ പലയിടങ്ങളിലും വിലക്കുണ്ട്. മാത്രമല്ല, 5ജി അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ നിന്ന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ജപ്പാനും വാവെയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വാവെയ്‌ക്കെതിരെയുള്ള ഏത് നീക്കവും ചൈനീസ് ദേശീയതയെ അപമാനിക്കുന്നതിന് തുല്ല്യമായാണ് കമ്യൂണിസ്റ്റ് രാജ്യത്ത് വ്യാഖ്യാനിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പ്രതിസന്ധി വലിയ സങ്കീര്‍ണതകളിലേക്കാണ് ആഗോള വ്യാപാരരംഗത്തെ കൊണ്ടുചെന്നെത്തിക്കുകയെന്നും വിലയിരുത്തലുകളുണ്ട്.

ട്രംപിന്റെ പുതിയ നീക്കത്തില്‍ വാവേയോ സെഡ്റ്റിഇയോ പ്രതികരണത്തിന് തയ്യാറായിട്ടില്ല. എന്നാല്‍ തങ്ങളുടെ ഉപകരണങ്ങള്‍ ചാരവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം ഇവര്‍ തള്ളിയിട്ടുണ്ട്. വിഷയത്തില്‍ വെറ്റ്ഹൗസും പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Comments

comments

Categories: Slider, World