ഇന്ത്യയുടെ അലുമിനിയം ഇറക്കുമതിയില്‍ 22% ഉയര്‍ച്ച

ഇന്ത്യയുടെ അലുമിനിയം ഇറക്കുമതിയില്‍ 22% ഉയര്‍ച്ച

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള അലുമിനിയം ശകലങ്ങളുടെ ഇറക്കുമതി 22 ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. 7,73,000 ടണ്ണാണ് ഇക്കാലയളവിലെ ഇറക്കുമതിയെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിനായി അലുമിനിയത്തിന് ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

6,32,000 ടണ്‍ അലുമിനിയം ശകലങ്ങളാണ് കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. യുഎസിനും ചൈനയ്ക്കും ഇടയിലെ വ്യാപാരയുദ്ധം ശക്തിപ്പെടുന്നതിന്റെ കൂടി ഫലമായാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയരുന്നതെന്നാണ് വിലയിരുത്തല്‍. മാര്‍ച്ചിലാണ് ട്രംപ് ഭരണകൂടം അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലുമിനിയം ഇറക്കുമതിക്ക് 10 ശതമാനവും തീരുവ പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അലുമിനിയം ഉള്‍പ്പടെ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി.

യുഎസിന്റെയും ചൈനയുടെയും നടപടി ബാധിക്കപ്പെടുന്ന രാജ്യങ്ങള്‍ അവരുടെ കയറ്റുമതി വലിയ തോതില്‍ ഇന്ത്യയിലേക്ക് മാറ്റുകയും ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങള്‍ തള്ളുകയുമാണെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു. യൂറോപ്യന്‍ യൂണിയനും വിവിധ രാഷ്ട്രങ്ങളും അലുമിനിയം ശകലങ്ങളുടെ ഗുണ നിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി നടപ്പാക്കുന്നതിനാല്‍ യുഎസില്‍ നിന്നുള്‍പ്പടെ ഇന്ത്യയിലേക്ക് അലുമിനിയം എത്തുന്നു. അസോചം, എസ്& പി ഗ്ലോബല്‍ റേറ്റിംഗ്‌സ് തുടങ്ങിയ വ്യാവസായിക നിരീക്ഷകരും ഈ സാഹചര്യം കണക്കിലെടുത്തുള്ള നടപടിയുണ്ടാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രൈമറി അലുമിനിയത്തിനും അലുമിനിയത്തിനുമുള്ള തീരുവ 10 ശതമാനമാക്കണമെന്നാണ് ഈ മേഖലയിലെ ഉല്‍പ്പാദകര്‍ ആവശ്യപ്പെടുന്നത്. തീരുവ ഉയര്‍ത്തുന്നതിന് വാണിജ്യ മന്ത്രാലയം അനുകൂലമാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ശുപാര്‍ശ നിലവില്‍ മന്ത്രിസഭ പരിഗണിക്കുകയാണ്. യുഎസിലെ തീരുവ ഇന്ത്യയില സ്റ്റീല്‍ വ്യവസായത്തെ ബാധിക്കുമെന്ന് നേരത്തേ കേന്ദ്ര സ്റ്റീല്‍ മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗും വിലയിരുത്തിയിരുന്നു.

Comments

comments

Categories: Business & Economy
Tags: Aluminium