മെല്‍ബണില്‍ 37 വര്‍ഷത്തിനുശേഷം വിജയം കുറിച്ച് ഇന്ത്യ

മെല്‍ബണില്‍ 37 വര്‍ഷത്തിനുശേഷം വിജയം കുറിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: മെല്‍ബണില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ടീം ഇന്ത്യ. ടെസ്റ്റില്‍ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. അവസാന ദിനമായ ഇന്ന് രാവിലത്തെ സെഷന്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം സെഷനില്‍ ഇന്ത്യ ജയം നേടി.

37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 150ാം വിജയം കൂടിയാണിത്.

സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്.ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ അത് ചരിത്രസംഭവമാകും. അങ്ങനെയെങ്കില്‍ ഇന്ത്യ ആദ്യമായിട്ടായിരിക്കും ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്ബര സ്വന്തമാക്കുന്നത്. നാലാം ടെസ്റ്റില്‍ തോറ്റാലും ഇന്ത്യയ്ക്ക് ബോര്‍ഡര്‍ഗവാസ്‌ക്കര്‍ ട്രോഫി നഷ്ടമാകില്ല. പതിനാല് വര്‍ഷത്തിനുശേഷമാവും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ഒരു പരമ്ബര സമനിലയിലാവുന്നത്.

അതേസമയം കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ വിദേശത്തു നേടുന്ന 11ാം ടെസ്റ്റ് വിജയമാണിത്. ഇതോടെ, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിച്ച നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി, കോഹ്‌ലി. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡിനും തൊട്ടടുത്തെത്തി. ധോണിക്കു കീഴില്‍ ഇന്ത്യ 27 ടെസ്റ്റ് വിജയങ്ങള്‍ നേടിയപ്പോള്‍, കോഹ്‌ലിക്കു കീഴില്‍ ഇന്ത്യ നേടുന്ന 26ാം വിജയമാണിത്.

Comments

comments

Categories: Sports