ഡിഎസ് 7 ക്രോസ്ബാക്ക് ഇന്ത്യയില്‍ പരീക്ഷിച്ചുതുടങ്ങി

ഡിഎസ് 7 ക്രോസ്ബാക്ക് ഇന്ത്യയില്‍ പരീക്ഷിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : ഡിഎസ് 7 ക്രോസ്ബാക്ക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ഡിഎസ് കാര്‍ കാമറക്കണ്ണുകളില്‍പ്പെടുന്നത്. ഇന്ത്യയില്‍ പിഎസ്എ ഗ്രൂപ്പിന്റെ ആദ്യ കാറായിരിക്കും ഡിഎസ് 7 ക്രോസ്ബാക്ക് എന്ന് ഇതോടെ അഭ്യൂഹം പരന്നു. പിഎസ്എ ഗ്രൂപ്പിന്റെ പ്രീമിയം ബ്രാന്‍ഡാണ് ഡിഎസ്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ അരങ്ങേറ്റം ആസന്നമായിരിക്കേ, ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ കാര്‍ ഏതെന്ന് അറിയാനുള്ള ആകാംക്ഷ വളര്‍ന്നുവലുതായിരുന്നു. ഡിഎസ് 7 ക്രോസ്ബാക്ക് ആയിരിക്കും ആദ്യ കാര്‍ എന്ന് ഊഹിക്കുന്നതാണ് ഇനി എളുപ്പം.

പിഎസ്എ ഗ്രൂപ്പിന് കീഴിലെ മറ്റൊരു ബ്രാന്‍ഡായ സിട്രോയെന്‍ നിര്‍മ്മിക്കുന്ന കാറുകള്‍ അടിസ്ഥാനമാക്കിയാണ് മിക്ക ഡിഎസ് വാഹനങ്ങളും പുറത്തിറക്കുന്നത്. എന്നാല്‍ ഡിഎസ് ഓട്ടോമൊബീല്‍സ് സ്വന്തമായി വികസിപ്പിച്ചതാണ് ഡിഎസ് 7 ക്രോസ്ബാക്ക്. ഔഡി ക്യു3, ബിഎംഡബ്ല്യു എക്‌സ്1 തുടങ്ങിയവയാണ് ഡിഎസ് 7 ക്രോസ്ബാക്കിന്റെ എതിരാളികള്‍. ഇന്ത്യയിലെത്തുമ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ നല്‍കിയേക്കും. ഇലക്ട്രിക് പതിപ്പിനും സാധ്യത കാണുന്നു. എന്നാല്‍ ഇന്ത്യയില്‍ ഡിഎസ് ബാഡ്ജില്‍ വരുമോയെന്ന് വ്യക്തമല്ല. സിട്രോയെന്‍, പ്യൂഷോ ബാഡ്ജുകളിലൊന്നില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധ്യതയുണ്ട്. ബിഎസ്-6 പാലിക്കുന്നതായിരിക്കും എന്‍ജിനുകള്‍.

പിഎസ്എ ഗ്രൂപ്പും സികെ ബിര്‍ള ഗ്രൂപ്പിനുകീഴിലെ ആവ്‌ടെക് ലിമിറ്റഡും ചേര്‍ന്ന് ഹൊസൂരില്‍ നിര്‍മ്മിച്ച പവര്‍ട്രെയ്ന്‍ പ്ലാന്റ് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ആഗോള, ആഭ്യന്തര വിപണികളില്‍ വില്‍ക്കുന്നതിനായി ഇവിടെ പവര്‍ട്രെയ്‌നുകള്‍ നിര്‍മ്മിക്കും. തുടക്കത്തില്‍ വര്‍ഷംതോറും മൂന്ന് ലക്ഷം ട്രാന്‍സ്മിഷന്‍ യൂണിറ്റുകളും രണ്ട് ലക്ഷം ബിഎസ് 6 എന്‍ജിനുകളുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പിഎസ്എ ആവ്‌ടെക് പവര്‍ട്രെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാന്റ് ഉടമസ്ഥര്‍. 2017 ലാണ് 50:50 അനുപാതത്തില്‍ ‘പിഎസ്എ ആവ്‌ടെക് പവര്‍ട്രെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സംയുക്ത സംരംഭം ആരംഭിച്ചത്.

Comments

comments

Categories: Auto