രാംദേവിന്റെ കമ്പനി പ്രാദേശിക കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണം

രാംദേവിന്റെ കമ്പനി പ്രാദേശിക കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണം

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യാ ഫാര്‍മസി ഉത്തരാഖണ്ഡിലെ പ്രാദേശിക കര്‍ഷകരുമായി ലാഭവിഹിതം പങ്കുവെക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നേരത്തേ ഇതു സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ദിവ്യാ ഫാര്‍മസി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. 2002ലെ ജൈവ വൈവിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കമ്പനിയുടെ ആയുര്‍വേദ, പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത പദാര്‍ത്ഥങ്ങളിലുള്ള പ്രധാന ഘടകങ്ങള്‍ ജൈവ സ്രോതസുകളില്‍ നിന്നാണ് ലഭിക്കുന്നതെന്ന് ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ 421 കോടി രൂപയുടെ ലാഭത്തില്‍ 2 കോടി രൂപ കൈമാറാന്‍ നിയമപ്രകാരം ദിവ്യാ ഫാര്‍മസിക്ക് ബാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.

ലാഭവിഹിതം കൈമാറാന്‍ ആവശ്യപ്പെടാന്‍ ജൈവ വൈവിധ്യ ബോര്‍ഡിന് അധികാരമില്ലെന്നും അത്തരത്തിലൊരു സംഭവന നല്‍കാന്‍ നിയമപരമായ ബാധ്യത കമ്പനിക്കില്ലെന്നുമാണ് ദിവ്യ ഫാര്‍മസി വാദിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ജൈവ വൈവിധ്യ കണ്‍വെന്‍ഷന്റെ ഭാഗമാണ് ഇന്ത്യയെന്നും ഉടമ്പടി പ്രകാരമുള്ള നടപടികള്‍ നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജൈവ സ്രോതസുകള്‍ ദേശീയ സമ്പത്തിന്റെ ഭാഗമാണെന്നും അവ ഉല്‍പ്പാദിപ്പിക്കുന്ന വിഭാഗങ്ങള്‍ക്ക് അതിന്‍ മേല്‍ കൂടുതല്‍ അവകാശമുണ്ടെന്നും നിരീക്ഷിച്ച കോടതി ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡിന് ഇത്തരം ഉത്തരവുകള്‍ കമ്പനികള്‍ക്ക് നല്‍കാന്‍ അധികാരമുണ്ടെന്നും വ്യക്തമാക്കി.

Comments

comments

Categories: Current Affairs, Slider
Tags: baba Ramdev