ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം കൂടി

ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം കൂടി

332 പേ ചാനലുകളില്‍ നിന്ന് ആവശ്യമുള്ളവ മാത്രം തെരഞ്ഞെടുക്കാം

ന്യൂഡെല്‍ഹി: നിങ്ങളുടെ ടിവിയില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനും അതിന് മാത്രമായി പണം നല്‍കാനുമുള്ള സംവിധാനം നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഇതു പ്രകാരം ജനുവരി 31വരെ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ സമയം ലഭിക്കും. പുതിയ ചട്ടക്കൂട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുമായും ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു.
ട്രായിയുടെ പുതിയ നിര്‍ദേശങ്ങള്‍ ഈ മാസം 29 മുതല്‍ നടപ്പാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന് വിവിധ സംരംഭങ്ങള്‍ ചര്‍ച്ചയില്‍ ആവശ്യമുന്നയിക്കുകയായിരുന്നു. എല്ലാവരും പുതിയ ചട്ടക്കൂട് നടപ്പാക്കുന്നള്ള സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ടെന്ന് ട്രായ് സെക്രട്ടറി എസ് കെ ഗുപ്ത പറഞ്ഞു.

130 രൂപ അടിസ്ഥാന നിരക്കില്‍ 100 സൗജന്യ ചാനലുകള്‍ പുതിയ ചട്ടക്കൂട് പ്രകാരം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതിനു പുറമേ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമുള്ളവ തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന ചാനലുകള്‍ക്കുള്ള തുക അധികമായി നല്‍കണം. ഇതിനു മുന്‍പ് കേബിള്‍, ഡയറക്ട് ടു ഹോം സര്‍വീസുകള്‍ നല്‍കിയിരുന്ന നിശ്ചിത ചാനലുകളുടെ പാക്കേജുകളില്‍ നിന്നു മാത്രമായിരുന്നു ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.
ട്രായ് നിര്‍ദേശപ്രകാരം പേ ചാനലുകള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ ചാനലിന്റെയും നിരക്ക് ചാനല്‍ ലിസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു ചാനലിന്റെ നിരക്ക് പരമാവധി 19 രൂപയില്‍ കൂടാന്‍ പാടില്ലെന്നാണ് ട്രായ് നിര്‍ദേശം. ഇതുവരെ പേ ചാനലുകള്‍ക്ക് കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ പറയുന്നതിന് അനുസരിച്ചുള്ള ഒരു മൊത്തം തുകയാണ് ഉപയോക്താക്കള്‍ നല്‍കിയിരുന്നത്. പല ഓപ്പറേറ്റര്‍മാരും പല തരത്തിലാണ് നിരക്കുകള്‍ ഈടാക്കിയിരുന്നത്.

നിലവില്‍ ലഭ്യമായ ചാനലുകള്‍ മുഴുവന്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന് കേബിള്‍, ഡയറക്റ്റ് ടു ഹോം സര്‍വീസുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉപയോക്താവ് തീര്‍ത്തും കാണാത്ത നിരവധി ചാനലുകള്‍ സ്വന്തം താല്‍പ്പര്യ പ്രകാരം ഒഴിവാക്കുന്നത് നിരക്കു കുറയ്ക്കാന്‍ സഹായിക്കുമെന്ന് ട്രായ് വ്യക്തമാക്കുന്നു

Comments

comments

Categories: FK News