സ്‌ക്രാംബ്ലര്‍ 500; റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്ത വന്‍ തോക്ക്

സ്‌ക്രാംബ്ലര്‍ 500; റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്ത വന്‍ തോക്ക്

ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തം ഫാക്റ്ററിയില്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌ക്രാംബ്ലര്‍ മോഡല്‍

ന്യൂഡെല്‍ഹി : ബുള്ളറ്റ് നിര്‍മ്മാതാക്കളില്‍നിന്ന് അടുത്തതായി വിപണിയിലെത്തുന്ന പടക്കോപ്പ് സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍. പുതിയ മോട്ടോര്‍സൈക്കിളിനെ സ്‌ക്രാംബ്ലര്‍ 500 എന്ന് വിളിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്വന്തം ഫാക്റ്ററിയില്‍ നിര്‍മ്മിക്കുന്ന ആദ്യ സ്‌ക്രാംബ്ലര്‍ മോഡലായിരിക്കും സ്‌ക്രാംബ്ലര്‍ 500. 2019 മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഏപ്രില്‍ മാസത്തോടെ ഡെലിവറി ആരംഭിക്കും.

നിലവില്‍ പ്രൊഡക്ഷന്‍ സ്‌പെക് മോഡലിന്റെ പ്രവര്‍ത്തനങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരീക്ഷണത്തിനെന്ന നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച സ്‌ക്രാംബ്ലറിന്റെ ചിത്രങ്ങള്‍ ഈയിടെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ക്ലാസിക് 500 അടിസ്ഥാനമാക്കിയായിരിക്കും സ്‌ക്രാംബ്ലര്‍ 500 നിര്‍മ്മിക്കുന്നതെന്ന് ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ സ്റ്റൈലിംഗ് വ്യത്യസ്തമായിരിക്കും.

പിന്നിലേക്ക് പോകുന്തോറും ഉയര്‍ന്നുനില്‍ക്കുന്ന (അപ്‌സ്വെപ്റ്റ്) എക്‌സോസ്റ്റ്, ലഗേജ് റാക്ക് സഹിതം സിംഗിള്‍ സീറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന റിയര്‍ ഫെന്‍ഡര്‍, നോബ്‌ലി ടയറുകള്‍, സ്‌പോക്ഡ് വീലുകള്‍ എന്നിവ ചിത്രങ്ങളില്‍ കാണാം. ഇവയെല്ലാമാണ് സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളുകളുടെ സവിശേഷത. കൂടാതെ ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ഉപയോഗിക്കുന്ന അതേ എന്‍ജിനായിരിക്കും സ്‌ക്രാംബ്ലറിന് നല്‍കുന്നത്. എന്‍ജിന്‍ പ്രത്യേകം ട്യൂണ്‍ ചെയ്‌തേക്കില്ല. ക്ലാസിക് 500 മോട്ടോര്‍സൈക്കിളിലെ 499 സിസി എന്‍ജിന്‍ 5,250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചിരിക്കുന്നു. സ്‌ക്രാംബ്ലര്‍ 500 മോട്ടോര്‍സൈക്കിളിന് ക്ലാസിക് 500 മോഡലിനേക്കാള്‍ ഏകദേശം 35,000 രൂപ അധികം വില നിശ്ചയിച്ചേക്കും.

Comments

comments

Categories: Auto