പലിശ രഹിത കാര്‍ഷിക വായ്പ, യുബിഐ: തെരഞ്ഞെടുപ്പിനൊരുങ്ങി മോദി

പലിശ രഹിത കാര്‍ഷിക വായ്പ, യുബിഐ: തെരഞ്ഞെടുപ്പിനൊരുങ്ങി മോദി

കാര്‍ഷിക കടങ്ങള്‍ യഥാസമയത്ത് തിരിച്ചടച്ചവരുടെ പലിശ പൂര്‍ണമായും ഒഴിവാക്കാനും വിള ഇന്‍ഷുറന്‍സ് സൗജന്യമാക്കാനുമുള്ള പ്രഖ്യാപനം പുതുവര്‍ഷ സമ്മാനമായി പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക മേഖലയിലും സാധാരണക്കാര്‍ക്കുമായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നെന്ന് സൂചന. കാര്‍ഷിക കടങ്ങള്‍ യഥാസമയത്ത് തിരിച്ചടച്ചവരുടെ പലിശ പൂര്‍ണമായും ഒഴിവാക്കാനും വിള ഇന്‍ഷുറന്‍സ് സൗജന്യമാക്കാനുമുള്ള പ്രഖ്യാപനം പുതുവര്‍ഷ സമ്മാനമായി പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാര്‍ഷിക മേഖല ദുരിതത്തിലാണെന്നും സര്‍ക്കാര്‍ സഹായങ്ങളൊന്നും ചെയ്യുന്നുമില്ലെന്നുമുള്ള ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് ലക്ഷ്യം. വന്‍ കാര്‍ഷിക കടാശ്വാസ പദ്ധതി അണിയറയിലൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന് പുറമെയാണ് കാര്‍ഷിക കടങ്ങള്‍ കൃത്യസമയത്ത് തിരിച്ചടച്ച കര്‍ഷകര്‍ക്കും ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നത്. 30,000 കോടി രൂപയോളം അധിക ചെലവ് ഖജനാവിനുണ്ടാക്കുന്നതായിരിക്കും പ്രഖ്യാപനം.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സാര്‍വത്രിക അടിസ്ഥാന വരുമാനം (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം; യുബിഐ) ഉറപ്പാക്കുന്ന വമ്പന്‍ പദ്ധതിയും മോദി സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ഭരണവൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിര വരുമാനമില്ലാത്തവര്‍ക്കും തൊഴില്‍ ചെയ്യാനാവാത്തവര്‍ക്കും ഒരു നിശ്ചിത തുക പ്രതിമാസ വരുമാനമായി ബാങ്ക് എക്കൗണ്ടുകളിലേക്ക് നല്‍കുന്ന പദ്ധതിയാണിത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് കരുതപ്പെടുന്ന പദ്ധതി, രാഷ്ട്രീയമായി അനുകൂല സാഹചര്യമൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ക്ക് മുന്‍പ് പരിപാടി നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

യുബിഐ പദ്ധതി പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന വാഗ്ദാനമായിരിക്കുമെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അടുത്തിടെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സര്‍വേയിലടക്കം യുബിഐയുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞിരുന്നെങ്കിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയിരുന്നില്ല. കാര്‍ഷിക മേഖലയിലെ നിരാശയും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയും പാഠമായെടുത്ത് യുബിഐയും ഒപ്പം കാര്‍ഷിക കടാശ്വാസ പദ്ധതികളുമായി ജനങ്ങളിലേക്കിറങ്ങാനാണ് സര്‍ക്കാരിന്റെ ആലോചന.

ഉന്നത തലത്തില്‍ നിരവധി യോഗങ്ങള്‍ ഇതിനകം തന്നെ നടന്നെന്നാണ് വിവരം. ഏറ്റവും അടിയന്തര നടപടിയായാവും കാര്‍ഷിക വായ്പകളുടെ പലിശ എഴുതി തള്ളുക. നിലവില്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഏഴ് ശതമാനം പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പയായി കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൃത്യ സമയത്ത് തിരിച്ചടച്ചാല്‍ മൂന്ന് ശതമാനം പലിശയിളവ് ലഭിക്കും. നിലവില്‍ പ്രതിവര്‍ഷം, 15,000 കോടി രൂപ സര്‍ക്കാരും അത്ര തന്നെ തുക കര്‍ഷകരും വായ്പാ പലിശയായി ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 11,000 കോടി രൂപ കാര്‍ഷിക വായ്പയായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

Comments

comments

Categories: FK News
Tags: UBI